-
ഒരു രാജകുമാരിയുടെ ഓർമ്മക്ക്
-------------------
അതുല്യ ഗായികയും അഭിനേത്രിയുമായിരുന്ന സുരയ്യക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മുംബൈ മറൈൻ ഡ്രൈവിലെ ചന്ദൻവാടി ശ്മശാനത്തിൽ എത്തിച്ചേർന്ന ചുരുക്കം ചിലരിൽ സിനിമാക്കാരനായി ഒരാളേ ഉണ്ടായിരുന്നുള്ളൂ -- നടൻ ധർമ്മേന്ദ്ര സിംഗ് ദിയോൾ.
കുട്ടിക്കാലത്ത് സുരയ്യയുടെ സൂപ്പർ ഹിറ്റ് ചിത്രമായ ``ദില്ലഗി'' കാണാൻ ഫഗ് വാരയിലെ സ്വന്തം വീട്ടിൽ നിന്ന് കാൽനടയായി നാഴികകൾ സഞ്ചരിച്ചിട്ടുണ്ട് ധർമ്മേന്ദ്ര; ഒന്നും രണ്ടുമല്ല നാൽപ്പത് വട്ടം. ``സുരയ്യയുടെ കണ്ണുകളാണ് എന്നെ ഏറ്റവും ആകർഷിച്ചത്. പിന്നെ ഹൃദയത്തിൽ നിന്ന് ഒഴുകിയിറങ്ങിവന്ന ആ മധുരശബ്ദവും.''-- പിൽക്കാലത്ത് ഹിന്ദി സിനിമയിൽ പൗരുഷത്തിന്റെ പ്രതീകമായി തിളങ്ങിയ ധർമ്മേന്ദ്ര ഓർക്കുന്നു. ``ഒടുവിൽ കണ്ടു സംസാരിച്ചപ്പോഴും ആ ശബ്ദത്തിലെ മാധുര്യം മാഞ്ഞിരുന്നില്ല. പക്ഷേ കണ്ണുകളിൽ വിഷാദം തളംകെട്ടി നിന്നിരുന്നു...''
സ്വപ്നം മയങ്ങുന്ന ആ കണ്ണുകളുടെ ഉടമയെ ഒരു നോക്കു കാണാൻ ഇതേ ചന്ദൻവാടി ശ്മശാനത്തിൽ നിന്ന് ഏറെ അകലെയല്ലാതെ, മറൈൻ ഡ്രൈവിൽ എല്ലാ പ്രൗഢിയോടും കൂടി സുരയ്യ താമസിച്ചിരുന്ന കൃഷ്ണമഹൽ അപാർട്മെന്റിന്റെ കൂറ്റൻ ഗേറ്റിന് മുന്നിൽ രാപ്പകലെന്നില്ലാതെ ആരാധകർ തടിച്ചുകൂടി ട്രാഫിക് ജാം സൃഷ്ടിച്ചിരുന്ന കാലമുണ്ടായിരുന്നു. ``പ്യാർ കി ജീത്'' (1948) റിലീസ് ചെയ്ത നാളുകളിൽ ആരാധകബാഹുല്യം നിയന്ത്രിക്കാൻ ഒരു വൻ പോലീസ് വ്യൂഹം തന്നെ സുരയ്യയുടെ വസതിയ്ക്ക് മുന്നിൽ അണിനിരന്ന ചരിത്രമുണ്ട്. ``അന്നൊക്കെ ഒറ്റയ്ക്ക് പുറത്തുപോകാൻ എനിക്ക് ഭയമായിരുന്നു.''-- പിൽക്കാലത്ത് ഫെമിനക്ക് നൽകിയ ഒരഭിമുഖത്തിൽ സുരയ്യ പറഞ്ഞു. ``ബഡി ബഹൻ എന്ന ചിത്രത്തിന്റെ പ്രീമിയർ ഷോ കാണാൻ പോയ ദിവസം ഇന്നും ഓർമ്മയുണ്ട്. തിയേറ്ററിലേക്ക് നടന്നുപോകുന്നതിനിടെ ജനക്കൂട്ടം എന്നെ പൊതിഞ്ഞു. ചിലർ എന്റെ വസ്ത്രങ്ങൾ വലിച്ചുകീറി. മറ്റു ചിലർ പിച്ചുകയും മാന്തുകയുമൊക്കെ ചെയ്തു. ഒടുവിൽ പോലീസ് ലാത്തിച്ചാർജ്ജ് വേണ്ടിവന്നു ജനക്കൂട്ടത്തെ പിരിച്ചുവിടാൻ. പിന്നീടൊരിക്കലും തിയേറ്ററിൽ പോയി സിനിമ കണ്ടിട്ടില്ല..''
രണ്ടു പതിറ്റാണ്ടിലേറെക്കാലമായി ``കൃഷ്ണമഹലി''ൽ ഏകാന്തവാസത്തിലായിരുന്നു സുരയ്യ. അഭിമുഖക്കാർക്കും സന്ദർശകർക്കും ആഡംബര പൂർണ്ണമായ ആ വസതിയുടെ കവാടത്തിനപ്പുറത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഫോണിൽ അവരെ കിട്ടുക പോലും അസാധ്യം. പൊതുവേദികളിൽ നിന്നെല്ലാം മാറിനിന്ന സുരയ്യ ഒടുവിൽ പ്രത്യക്ഷപ്പെട്ടത് സ്ക്രീൻ -- വീഡിയോകോൺ അവാർഡ് നിശയിലാണ്. സുനിൽദത്തിൽ നിന്ന് ആയുഷ്കാല സംഭാവനയ്ക്കുള്ള പ്രത്യേക അവാർഡ് ഏറ്റുവാങ്ങിയ ശേഷം നന്ദിപറയാൻ മൈക്കിന് മുന്നിൽ എത്തിയ പഴയ സ്വപ്നനായിക വികാരാധിക്യത്താൽ വിതുമ്പി. തൂവെള്ള സൽവാർ കമ്മീസിൽ വാർദ്ധക്യത്തെ പരമാവധി ഒളിച്ചുവെച്ച സുരയ്യയുടെ ശബ്ദമാധുര്യത്തിന് തെല്ലും പോറലേറ്റിരുന്നില്ല.
എന്നിട്ടും, പഴയ ഏതെങ്കിലും പാട്ടിന്റെ രണ്ടു വരി മൂളാനുള്ള ജാവേദ് ജാഫ്രിയുടെ അഭ്യർത്ഥന സ്നേഹപൂർവ്വം നിരസിക്കുകയായിരുന്നു സുരയ്യ. ``വേണ്ട, പിന്നീടൊരിക്കലാകാം.''-- മുഖത്ത് പണിപ്പെട്ട് ചിരിവരുത്തിക്കൊണ്ട് സുരയ്യ പറഞ്ഞു.
അന്ന് സ്റ്റേജിൽ നിന്ന് വേച്ചുവേച്ച് ഇറങ്ങിപ്പോയതാണ് സുരയ്യ. പിന്നെ ബോളിവുഡ് കേട്ടത് അവരുടെ നിര്യാണവാർത്തയാണ്. 2002 ജനുവരി 31 ന് സുരയ്യ ഓർമ്മയായി..
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..