'ബലികുടീരങ്ങളേ'; ഇന്നും മലയാളികളുടെ ചോര തിളപ്പിച്ചുകൊണ്ടിരിക്കുന്നു ആ സമരപുളകഗാനം


രവിമേനോൻ

മണ്ണിനോട് മല്ലിടുന്ന തൊഴിലാളികളുടെ ഹൃദയമിടിപ്പ് തന്നെയാണ് ആ ഗാനത്തിന്റെ താളമെന്നും.

Photo | Facebook, Ravi menon

വിപ്ലവഗാനങ്ങൾ പലതുണ്ട്. പക്ഷേ ``ബലികുടീരങ്ങൾ'' ഒന്നു മാത്രം. തലമുറകളുടെ വ്യത്യാസമില്ലാതെ, ജാതിമതഭേദമന്യേ, പണ്ഡിതപാമരഭേദമന്യേ ഇന്നും മലയാളികളുടെ ചോര തിളപ്പിച്ചുകൊണ്ടിരിക്കുന്നു ആ സമരപുളകഗാനം -- എല്ലാ രാഷ്ട്രീയവിശ്വാസപ്രമാണങ്ങൾക്കും അതീതമായി.

അറുപത്തിനാല് വർഷം മുൻപ് തിരുവനന്തപുരം രക്തസാക്ഷിമണ്ഡപത്തിന്റെ ഉത്ഘാടനവേദിയിൽ ``ബലികുടീരങ്ങളേ'' ആദ്യമായി പാടി അവതരിപ്പിച്ച ഗായകസംഘത്തിൽ നിന്ന് ഇന്നവശേഷിക്കുന്നത് രണ്ടോ മൂന്നോ പേർ മാത്രം. അവരിലൊരാൾ കവിയൂർ പൊന്നമ്മയാണ്. ``പാട്ട് കണ്ടക്റ്റ് ചെയ്യുന്ന ദേവരാജൻ മാഷിന്റെ രൂപം ഓർമ്മയുണ്ട്.''-- കഴിഞ്ഞ ദിവസം സംസാരിച്ചപ്പോൾ പൊന്നമ്മച്ചേച്ചി പറഞ്ഞു. ``മറ്റെല്ലാം മങ്ങിത്തുടങ്ങിയിരിക്കുന്നു. ആരൊക്കെയാണ് കൂടെ പാടിയത് എന്നുപോലും ഓർമ്മ വരുന്നില്ല. കാലം കുറെയായില്ലേ? മാത്രമല്ല, അന്നെനിക്ക് പത്തോ പന്ത്രണ്ടോ വയസ്സ് മാത്രം. എട്ടും പൊട്ടും തിരിയാത്ത പ്രായം..'' വീട്ടിൽ വിശ്രമജീവിതത്തിലാണ്, പാട്ടുകാരിയായി തുടങ്ങി അഭിനേത്രിയായി മാറിയ കവിയൂർ പൊന്നമ്മ.

``ബലികുടീരങ്ങളേ'' ചിട്ടപ്പെടുത്തുമ്പോൾ ദേവരാജൻ മാസ്റ്റർക്ക് മുപ്പത് വയസ്സ്; വയലാറിന് ഇരുപത്തൊൻപതും. ``പ്രതിഭകളുടെയെല്ലാം ജീവിതത്തിൽ സവിശേഷമായ ഒരു ഘട്ടമുണ്ടാകും. സ്വന്തം സർഗ്ഗശക്തി പൂർണ്ണത പ്രാപിച്ച്, പൂവായി, കായായി, ഫലമായി പന്തലിച്ചു നിൽക്കുന്ന ഒരു വസന്തകാലം. അപ്പോഴാണ് അവന്റെ ഏറ്റവും നല്ല സൃഷ്ടികൾ പിറക്കുക.''-- വയലാറിന്റെ കാവ്യജീവിതത്തെ കുറിച്ച് പരാമർശിക്കുന്ന ഒരു കുറിപ്പിൽ മാസ്റ്റർ എഴുതുന്നു. വയലാറിന്റെ മാത്രമല്ല ദേവരാജന്റെയും സർഗ്ഗജീവിതത്തിലെ വസന്തത്തിന് തുടക്കമിട്ട പാട്ടായിരുന്നു ``ബലികുടീരങ്ങളേ'. ഇരുവരും ചേർന്ന് ആദ്യമായി സൃഷ്ടിച്ച ഗാനം. അതൊരു വിപ്ലവഗാനമായിരുന്നു എന്നത് യാദൃച്ഛികമാവില്ല. വിപ്ലവകാരികളായിരുന്നല്ലോ ഇരുവരും-- കലാജീവിതത്തിലും വ്യക്തിജീവിതത്തിലും.

ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന 1857 ലെ ശിപ്പായി ലഹളയുടെ നൂറാം വാർഷിക വേള. ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം പാളയത്ത് ഒരു രക്തസാക്ഷി മണ്ഡപം നിർമ്മിക്കാൻ തീരുമാനിക്കുന്നു ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള പ്രഥമ കേരള മന്ത്രിസഭ. രാഷ്ട്രപതി ഡോ രാജേന്ദ്രപ്രസാദാണ് മണ്ഡപം ഉദ്ഘാടനം ചെയ്യുക. നിലവാരമുള്ള ചില കലാപരിപാടികൾ വേണം ചടങ്ങ് കൊഴുപ്പിക്കാൻ. പൊൻകുന്നം വർക്കിയുടെ ``കർണ്ണൻ'' എന്ന നാടകമായിരുന്നു മുഖ്യ ഇനം. അതോടൊപ്പം സ്വാതന്ത്ര്യ സമര രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ചുള്ള ഒരു സംഘഗാനവും . ഗാനമൊരുക്കാൻ സർക്കാർ ചുമതലപ്പെടുത്തിയത് വയലാറിനേയും ദേവരാജനേയും.

``നാടകത്തിന്റെയും ഗാനത്തിന്റെയും അണിയറ പ്രവർത്തകർ പ്രാരംഭ പ്രവർത്തനങ്ങൾക്കും റിഹേഴ്സലിനുമായി ഒത്തുകൂടിയത് കോട്ടയത്തെ ബെസ്ററ് ഹോട്ടലിലാണ്.''-- ദേവരാജൻ എഴുതുന്നു. ``അവിടെ വെച്ചാണ് ബലികുടീരങ്ങളെ. ബലികുടീരങ്ങളേ സ്മരണകൾ ഇരമ്പും രണസ്മാരകങ്ങളേ എന്ന പ്രശസ്ത ഗാനം ജന്മമെടുക്കുന്നത്.'' ഇന്ത്യയുടെ സമ്പന്നമായ ഭൂപ്രകൃതിയും സംസ്കൃതിയുമെല്ലാം കടന്നുവരുന്നുണ്ട് വയലാറിന്റെ വരികളിൽ. ഒപ്പം ചരിത്രത്തിന്റെ ഭാഗമായി മാറിയ ഒരു പോരാട്ടത്തിന്റെ ആവേശമുണർത്തുന്ന ഓർമ്മകളും.

നൂറു പേരടങ്ങിയ ഗായക സംഘത്തെ കൊണ്ട് `ബലികുടീരങ്ങളേ' പാടിക്കണം എന്നായിരുന്നു വയലാറിന്റെയും ദേവരാജന്റെയും ആഗ്രഹം. സമയക്കുറവു മൂലം അത്രയും പേരെ ഒത്തുകിട്ടിയില്ല എന്ന് ദേവരാജൻ. ``എങ്കിലും സാമാന്യം വലിയൊരു സംഘം ഗായകർ തന്നെ ആ പാട്ടിന്റെ അവതരണത്തിൽ പങ്കാളികളായി. കെ എസ് ജോർജ്ജ്, സി ഒ ആന്റോ, മരട് ജോസഫ്, കെ പി എ സി ജോൺസൺ, ജോസ്പ്രകാശ്, സുലോചന, കൊടുങ്ങല്ലൂർ ഭാഗീരഥി, കവിയൂർ പൊന്നമ്മ, തൃപ്പൂണിത്തുറ പുഷ്പവല്ലി തുടങ്ങി നിരവധി പേർ. ആദ്യ അവതരണത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ബലികുടീരങ്ങളേ പിന്നീട് കെ പി എ സിയുടെ പേരിൽ റെക്കോർഡ് ചെയ്യപ്പെട്ട് പുറത്തുവന്നതോടെയാണ് കൂടുതൽ പ്രശസ്തമായത്.'' പലരും തെറ്റിദ്ധരിച്ചിരിക്കുന്നതു പോലെ കെ പി എ സിയുടെ ഒരു നാടകത്തിന്റെയും അവതരണ ഗാനമായിരുന്നില്ല ഇതെന്ന് എടുത്തു പറയുന്നു ദേവരാജൻ.

ഓർമ്മക്കുറിപ്പുകളിൽ ദേവരാജൻ മാസ്റ്റർ പരാമർശിക്കാതെ പോയ മറ്റൊരു വസ്തുത കൂടി ഇവിടെ പ്രസക്തം. ഒരിക്കൽ മാസ്റ്റർ തന്നെ പറഞ്ഞുകേട്ടതാണ്: ``വന്നു ഞങ്ങൾ മലനാട്ടിലെ മണ്ണിൽ നിന്നിതാ പുതിയ ചെങ്കൊടി നേടി എന്നാണ് പാട്ടിന്റെ അവസാന വരി. ദേശീയ സ്വാതന്ത്ര്യ സമരത്തെ കുറിച്ചുള്ള ഗാനത്തിൽ എങ്ങനെ ചെങ്കൊടി കടന്നുവന്നു എന്ന് പലരും ചോദിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ വയലാർ എഴുതിയതും ഗായക സംഘം പാടിയതും പൊൻകൊടി എന്നാണ്. പിൽക്കാലത്ത് കെ പി എ സിക്ക് വേണ്ടി റെക്കോർഡ് ചെയ്തപ്പോഴാണ് അത് ചെങ്കൊടി എന്നാക്കി മാറ്റിയത്. ആ മാറ്റം പാട്ടിലെ രണവീര്യത്തെ തെല്ലും നിഷ്പ്രഭമാക്കിയില്ല എന്ന് മാത്രമല്ല കൂടുതൽ ജ്വലിപ്പിക്കുകയാണുണ്ടായത്. ''
ഒരു സാധാരണ മാർച്ചിംഗ് സോംഗ് ആയല്ല ദേവരാജൻ മാസ്റ്റർ ``ബലികുടീരങ്ങളേ''ചിട്ടപ്പെടുത്തിയത്. കേരളത്തിന്റെ മണ്ണിൽ, മനസ്സിൽ വേരുറച്ചു നിൽക്കുന്നു അതിന്റെ ഈണവും താളവും. വയലാറിന്റെ വരികളിലും വാക്കുകളിലും സ്വാഭാവികമായി വന്നുനിറയുകയായിരുന്നു സമരവീര്യത്തിന്റെ അഗ്നിജ്വാലകൾ എന്ന് പറഞ്ഞിട്ടുണ്ട് മാസ്റ്റർ; മണ്ണിനോട് മല്ലിടുന്ന തൊഴിലാളികളുടെ ഹൃദയമിടിപ്പ് തന്നെയാണ് ആ ഗാനത്തിന്റെ താളമെന്നും. ``ഭൂപടങ്ങളിലൊരിന്ത്യ നിവർന്നു ജീവിതങ്ങൾ തുടലൂരിയെറിഞ്ഞു, ചുണ്ടിൽ ഗാഥകൾ കരങ്ങളിലിപ്പൂച്ചെണ്ടുകൾ; പുതിയ പൗരനുണർന്നൂ..'' എന്ന ഒരൊറ്റ വരിയിലുണ്ട് ആ ഹൃദയതാളം മുഴുവൻ.

``നിങ്ങൾ നിന്ന സമരാങ്കണഭൂവിൽ നിന്നണിഞ്ഞ കവചങ്ങളുമായി വന്നു ഞങ്ങൾ മലനാട്ടിലെ മണ്ണിൽ നിന്നിതാ പുതിയ ചെങ്കൊടി നേടി'' എന്ന് കെ എസ് ജോർജ്ജും സുലോചനയും കൂട്ടരും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് പാടുമ്പോൾ ആരുടെ സിരകളിലാണ് ആവേശം ജ്വലിക്കാതിരിക്കുക? പാവപ്പെട്ട തൊഴിലാളിയുടെ വിയർപ്പിന്റെ മണമുള്ള പാട്ട് എന്ന് കെ എസ് ജോർജ്ജ് ഒരിക്കൽ ആ ഗാനത്തെ വിശേഷിപ്പിച്ചത് വെറുതെയല്ല.

ഇന്നും മലയാളിയെ സമരപുളകിതനാക്കുന്നു ആ ഗാനം. ഇത്രയേറെ സ്മരണകൾ ഇരമ്പുന്ന മറ്റൊരു രണസ്മാരകമുണ്ടോ നമുക്ക്?

content highlights : Balikudeerangale song devarajan master vayalar kpac

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


terrorist

2 min

കശ്മീരില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ താലിബ് ഹുസൈന്‍ ഷാ ബിജെപി ഐടി സെല്‍ മുന്‍ തലവൻ

Jul 3, 2022

Most Commented