
-
കാമുക സംഗമവേളയില്‍ നാണിച്ചു നാണിച്ചു വാതിലടയ്ക്കുകയാണ് മാനത്തെ പൊന്മുകില്. ഇത്രയും ലജ്ജാവിവശതയോടെ, പ്രണയപാരവശ്യത്തോടെ വാതില്‍ ചാരിയിട്ടുണ്ടാവില്ല ഒരു കാമുകിയും. പാടുന്നത് ബാബുരാജ് ആകുമ്പോള്‍ വാക്കുകളില്‍, വരികളില്‍, ശബ്ദത്തില്‍ പ്രണയം വന്ന് തുളുമ്പാതിരിക്കുന്നതെങ്ങനെ?
''നമ്മള് മാത്രം ആസ്വദിക്കേണ്ടതല്ല ഈ പാട്ട്. മലയാളികള്‍ മുഴുവന്‍ ഇത് കേള്‍ക്കണം; ബാബുരാജിലെ അതുല്യനായ ഗായകപ്രതിഭയെ തിരിച്ചറിയണം'' മുല്ലശ്ശേരി രാജഗോപാല്‍ എന്ന രാജുവിനും എനിക്കുമൊപ്പം കോഴിക്കോട് ചാലപ്പുറത്തെ മുല്ലശ്ശേരി വീടിന്റെ പൂമുഖത്ത് ആ പാട്ടില്‍ സ്വയംമറന്ന് മുഴുകിയിരുന്ന ഗായകന് എം.എസ്. നസീം പറഞ്ഞു. ''ഇതുപോലെ ഭാവമധുരമായി ഈ ഗാനം പാടാന്‍ മറ്റാര്‍ക്ക് കഴിയും?'' മെലഡിയുടെ രാജകുമാരനോടുള്ള എല്ലാ ആരാധനയും നിറഞ്ഞുതുളുമ്പിനിന്ന ആ വാക്കുകളില്‍നിന്നാണ് ''താനേ തിരിഞ്ഞും മറിഞ്ഞും'' മലയാളികളുടെ സംഗീതഹൃദയങ്ങളിലേക്കുള്ള യാത്ര തുടങ്ങിയത് എന്നറിയുക - കാല്‍നൂറ്റാണ്ടോളം മുന്‍പ്.
പുതിയ തലമുറപോലും ഇന്ന് ആവേശത്തോടെ ഏറ്റുപാടുന്നു 'അമ്പലപ്രാവി'ലെ (1970) ആ പ്രണയഗാനം. എസ്. ജാനകി പാടിയ 'ഒറിജിനലി'നെക്കാള്‍ കേരളീയ സംഗീതപ്രേമികള്‍ അനുകരിക്കുന്നതും ആസ്വദിക്കുന്നതും ബാബുരാജിന്റെ ഭാവദീപ്തമായ ആലാപനം തന്നെ. സ്റ്റേജില്‍ ''താനേ തിരിഞ്ഞും മറിഞ്ഞും'' ബാബുരാജ് ശൈലിയില്‍ പാടാത്ത ന്യൂജന്‍ ബാന്‍ഡുകളും റിയാലിറ്റി ഷോ മത്സരാര്ഥികളും കുറവ്. അടുത്തിടെ മാതൃഭൂമി അക്ഷരോത്സവവേദിയില്‍ ഞാന്‍കൂടി പങ്കെടുത്ത ഒരു സെഷനില്‍ ഹരീഷ് ശിവരാമകൃഷ്ണന് ആ പാട്ടിന്റെ പല്ലവി പാടിത്തുടങ്ങിയപ്പോള്‍ യുവസംഗീതാസ്വാദകര് തിങ്ങിനിറഞ്ഞ സദസ്സില്‍നിന്നുയര്‍ന്ന ആവേശകരമായ പ്രതികരണം മറന്നിട്ടില്ല.
ഓരോ തവണയും ആ പാട്ട് കേള്‍ക്കുമ്പോള്‍ അതിന്റെ ജനപ്രീതിക്ക് നിമിത്തമായ പ്രിയ സുഹൃത്ത് നസീമിനെ ഓര്‍ക്കും. പക്ഷാഘാതമേല്‍പ്പിച്ച തളര്‍ച്ചയെ ഉറച്ച മനസ്സുകൊണ്ടും സംഗീതംകൊണ്ടും അതിജീവിക്കാന്‍ ശ്രമിക്കുകയാണ് കഴിഞ്ഞ പതിമ്മൂന്ന് വര്‍ഷമായി നസീം. ഇടയ്ക്ക് കഴക്കൂട്ടത്തെ വീട്ടില്‍ ചെന്ന് കാണുമ്പോള്‍, അടുത്ത് വിളിച്ചിരുത്തി നസീം മൂളിക്കേള്പ്പിക്കാറുള്ള ഈണങ്ങളില്‍ മധുരോദാരമായ ആ മധുചന്ദ്രലേഖയും ഉണ്ട്. വാക്കുകളും അക്ഷരങ്ങളും ഒന്നും ചൊല്‍പ്പടിക്ക് നില്ക്കാതാകുമ്പോള് അറിയാതെ ആ കണ്ണുകള്‍ നിറയും. ബാബുരാജിന്റെ സ്വരത്തില്‍ ''താനേ തിരിഞ്ഞും മറിഞ്ഞും'' ആദ്യമായി കേട്ട് വികാരഭരിതനായി കൈയടിക്കുന്ന ആ പഴയ നസീമിന്റെ ചിത്രം ഓര്‍മയില്‍ തെളിയും അപ്പോള്‍; വര്‍ഷങ്ങള്‍ പഴക്കമുള്ള ചിത്രം.
ബാബുക്കയുടെ ശബ്ദത്തില്‍
പി. ഭാസ്കരന് എഴുതിയ പ്രേമാര്‍ദ്രമായ പാട്ടിന്റെ ബാബുരാജ് ഭാഷ്യം ആദ്യം കേട്ടത് 1980-കളുടെ തുടക്കത്തിലാണ്. കേള്‍പ്പിച്ചുതന്നത് രാജുമ്മാമ എന്ന് ഞാന്‍ വിളിക്കുന്ന മുല്ലശ്ശേരി രാജഗോപാലും. രഞ്ജിത്ത്-ഐ.വി. ശശി ടീമിന്റെ 'ദേവാസുര'ത്തിലൂടെ പില്ക്കാലത്ത് വെള്ളിത്തിരയിലും മലയാളിമനസ്സുകളിലും അനശ്വരത നേടിയ മംഗലശ്ശേരി നീലകണ്ഠന് എന്ന കഥാപാത്രത്തിന് പ്രചോദനമായ കോഴിക്കോട്ടുകാരുടെ പ്രിയ രാജുവേട്ടന്. മുല്ലശ്ശേരിയിലെ കിടപ്പുമുറിയില്‍ രാജു കിടന്നിരുന്ന കട്ടിലിനരികെ രാപകലെന്നില്ലാതെ പാടിക്കൊണ്ടിരുന്ന നാഷണല്‍ പാനസോണിക്കിന്റെ കാസറ്റ് പ്ലേയറില്നിന്ന് ബാബുരാജിന്റെ ശബ്ദത്തില്‍ ആ പാട്ട് ഒഴുകിവന്നപ്പോള്‍ തരിച്ചിരുന്നുപോയതോര്മയുണ്ട്. എസ്. ജാനകിയുടെ ശബ്ദത്തില്‍പോലും ആ പാട്ട് കേട്ടിരുന്നില്ല അതുവരെ. തേടിപ്പിടിച്ച് കേട്ടപ്പോഴാകട്ടെ, ബാബുക്കയുടെ ആലാപനത്തിലെ പ്രണയം അതേ അളവില്‍ ആ സിനിമാപ്പാട്ടില്‍ കണ്ടെത്താനുമായില്ല; 78 ആര്.പി.എം. ഗ്രാമഫോണ്‍ റെക്കോഡുകളുടെ മൂന്നര മിനിറ്റ് സമയദൈര്‍ഘ്യത്തിന്റെ പരിമിതികൊണ്ടാകാം.
''താനേ തിരിഞ്ഞും മറിഞ്ഞും'' ഉള്‍പ്പെടെ, കോഴിക്കോട്ട് ഇടിയങ്ങരയിലെ ഒരു മ്യൂസിക് ക്ലബ്ബിലിരുന്ന് സുഹൃത്തുക്കള്‍ക്കുവേണ്ടി ബാബുരാജ് ഹാര്‍മോണിയം വായിച്ച് പാടിയ പാട്ടുകളുടെ ഓഡിയോ കാസറ്റ് ആദ്യമായി മുല്ലശ്ശേരിയുടെ പടികടന്നെത്തിയത് 1970-കളുടെ അവസാനമാണ്. സംഗീതപ്രേമിയായ ഏതോ സുഹൃത്താവണം അത് രാജുവേട്ടന് സമ്മാനിച്ചതെന്ന് പറയുന്നു ഭാര്യ ലക്ഷ്മി രാജഗോപാല്‍ എന്ന ബേബിയേടത്തി. തൊട്ടുപിന്നാലെ തബലിസ്റ്റും സംഗീതസംവിധായകനുമായ ടി.സി. കോയ ഇത്തരത്തിലുള്ള രണ്ട് ലൈവ് കാസറ്റുകള്‍ കൂടി മുല്ലശ്ശേരിയില് എത്തിക്കുന്നു. ''ബാബുക്കയുടെ അടുത്ത സുഹൃത്തായ ഹസ്സന് ഭായിയും മറ്റും ചേര്‍ന്ന് തുടങ്ങിയ ക്ലബ്ബില്‍ നടന്ന മെഹ്ഫില്‍ ആരോ സ്പൂളില്‍ പകര്‍ത്തുകയായിരുന്നു.
സ്പൂളില്നിന്ന് ഏതോ ആരാധകന് കാസറ്റിലാക്കിയ പാട്ടുകള്‍ എനിക്ക് ലഭിച്ചത് ഗള്‍ഫില്‍വെച്ചാണ്. അന്നത്തെ പതിവനുസരിച്ച് ഞാന്‍ കാസറ്റ് രാജുവിനെ ഏല്‍പ്പിക്കുകയും ചെയ്തു''- കോയയുടെ ഓര്മ. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ആ കാസറ്റുകളില്‍ വേറെയുമുണ്ടായിരുന്നു മനോഹര ഗാനങ്ങള്‍: സ്വരസുഷിരങ്ങളില്ലാത്ത സുന്ദര സ്വര്ണമുരളികയില്, സപ്തസ്വരസുധാ സാഗരമേ, ഗീതേ ഹൃദയസഖീ ഗീതേ, പ്രാണസഖി ഞാന്‍ വെറുമൊരു, അസ്തമന കടലിന്നകലെ, മണിമാരന്‍ തന്നത് പണമല്ല പൊന്നല്ല, കണ്ണീരും സ്വപ്നങ്ങളും... എല്ലാം സ്വതസ്സിദ്ധമായ ശൈലിയില്‍ ആത്മവിസ്മൃതിയുടെ തലത്തിലേക്കുയര്‍ന്ന്, മനോധര്മസ്പര്ശം നല്കി തനിക്ക് മാത്രം കഴിയുന്ന രീതിയില്‍ ബാബുരാജ് പാടി അവിസ്മരണീയമാക്കിയ പാട്ടുകള്‍.
ശരീരത്തിന്റെ ഒട്ടുമുക്കാലും തളര്‍ന്നുകിടക്കുമ്പോഴും, ഇഷ്ടഗാനങ്ങളുടെ ചിറകിലേറി ജീവിതത്തോടുള്ള ആസക്തി കെടാതെ സൂക്ഷിച്ച രാജുവിന്റെ കട്ടിലിനരികെ ഇരുന്ന് പിന്നെയും പലതവണ കേട്ടു ആ പാട്ട്. ഓരോ കേള്‍വിയിലും വ്യത്യസ്തമായ അനുഭൂതി പകര്‍ന്നുകൊണ്ട് ഇന്നും അത് എനിക്കൊപ്പം സഞ്ചരിക്കുന്നു. ആദ്യം കേള്‍ക്കുമ്പോള്‍ സങ്കല്പിച്ചിരുന്നില്ല, റെക്കോഡിങ് നിലവാരം കുറഞ്ഞ ഈ ഗാനം ഒരിക്കല്‍ മലയാളികളുടെ ഹൃദയത്തിന്റെ ഭാഗമാകുമെന്ന്. ഒരര്‍ഥത്തില്‍ ''താനേ തിരിഞ്ഞും മറിഞ്ഞും'' എന്ന പാട്ടിനെ ഇത്രത്തോളം ജനകീയമാക്കി മാറ്റിയത് ബാബുരാജിന്റെ ശബ്ദത്തില്‍ അത് സാധാരണക്കാരന്റെ കാതുകളില്‍ അലയടിച്ചു തുടങ്ങിയതോടെയാണ്. എസ്. ജാനകിയുടെ ശബ്ദത്തില്‍ റെക്കോഡായി ഇറങ്ങിയ കാലത്ത് ഇത്രത്തോളം ജനപ്രിയമായിരുന്നില്ല ആ പാട്ട്. അതേ സിനിമയില്‍ യേശുദാസ് പാടിയ ''ദുഃഖങ്ങള്‍ക്കിന്നു ഞാന്‍ അവധി കൊടുത്തു,'' ജയചന്ദ്രന്റെ ''കുപ്പായക്കീശമേല്‍'' എന്നീ പാട്ടുകള്‍ക്കായിരുന്നു ആവശ്യക്കാരേറെ.
നസീമിന്റെ സ്വപ്നം
സംഗീതത്തെയും സൗഹൃദങ്ങളെയും ഒരുപോലെ സ്നേഹിച്ച രാജുവിനെ കുറിച്ച് പറഞ്ഞുകേട്ട ഐതിഹ്യങ്ങളില്‍ മനം മയങ്ങി 1990-കളുടെ തുടക്കത്തില്‍ എനിക്കൊപ്പം മുല്ലശ്ശേരിയില് എത്തിപ്പെട്ടതാണ് നസീം. പതിവുപോലെ രാജുവിന്റെ മ്യൂസിക് സിസ്റ്റത്തില്‍ റഫിയും യേശുദാസും ജാനകിയുമൊക്കെ ഇടതടവില്ലാതെ പാടിക്കൊണ്ടിരിക്കുന്നു. ഇടയ്ക്കെപ്പോഴോ ബാബുരാജിന്റെ ''താനേ തിരിഞ്ഞും മറിഞ്ഞും'' ഒഴുകിവന്നപ്പോള്‍ നസീം വികാരാധീനനായി. പാട്ടിലൂടെ വെറുതെ ഒഴുകിപ്പോകുകയായിരുന്നില്ല ബാബുരാജ്. ആ വരികളില്‍ നിറഞ്ഞുതുളുമ്പിയ പ്രണയത്തെ ആത്മാവിലേക്ക് ആവാഹിക്കുകയായിരുന്നു. പാട്ട് കാസറ്റായി പുറത്തിറങ്ങണമെന്ന കാര്യത്തില്‍ രാജുവിനും ഉണ്ടായിരുന്നില്ല സംശയം. പക്ഷേ, ആര് പുറത്തിറക്കും? ഓഡിയോ വ്യവസായം ഡിജിറ്റലിലേക്ക് മാറിത്തുടങ്ങിയിരുന്ന കാലമാണെന്നോര്‍ക്കണം. റെക്കോഡിങ് നിലവാരം കുറഞ്ഞ ഒരു ലൈവ് പരിപാടി കാസറ്റാക്കി ഇറക്കാന്‍ ആര് തയ്യാറാകും? ''ആരെങ്കിലും ഈ പാട്ടുകളുടെ യഥാര്‍ഥ മൂല്യം തിരിച്ചറിയാതിരിക്കില്ല.''- നസീം പറഞ്ഞു.
പ്രതീക്ഷിച്ചപോലെ ആദ്യം സമീപിച്ച ഓഡിയോ കമ്പനിക്കാര് ഒഴിഞ്ഞുമാറി. ഡിജിറ്റല്‍ തികവില്ലാത്ത ആല്‍ബത്തിന് വിപണിയില്‍ ആവശ്യക്കാരുണ്ടാവില്ല എന്നതായിരുന്നു അവരുടെ കാഴ്ചപ്പാട്. പക്ഷേ, നസീം പിന്തിരിഞ്ഞില്ല. ''ഈ പാട്ടൊക്കെ അറിയപ്പെടുന്ന വേറേ ഗായകരെകൊണ്ട് സ്റ്റീരിയോഫോണിക് ഇഫക്ടോടെ പാടിച്ച് റെക്കോഡ് ചെയ്താല്‍ പരിഗണിക്കാം'' എന്നുവരെ പറഞ്ഞവരുണ്ട്. ബാബുരാജിന്റെ ശബ്ദമാണ് ഈ പാട്ടുകളുടെ ഒരേയൊരു ആകര്‍ഷണം എന്നായിരുന്നു നസീമിന്റെ മറുപടി. അതൊഴിവാക്കിയാല്‍ ഇവയ്ക്ക് പിന്നെന്ത് പ്രസക്തി? സുദീര്‍ഘമായ അലച്ചിലിനൊടുവില്‍ ഒരു പ്രമുഖ മ്യൂസിക് കമ്പനി ആല്‍ബം പുറത്തിറക്കാന്‍ തയ്യാറാകുന്നു. പാട്ടുകള്‍ കംപ്യൂട്ടറിന്റെ സഹായത്തോടെ റീപ്രോസസ് ചെയ്ത് അവര്‍ക്ക് എത്തിച്ചുകൊടുത്തത് നസീംതന്നെ. പാട്ടുകള്‍ ആദ്യം കാസറ്റായും പിന്നെ സി ഡി ആയും പുറത്തിറങ്ങിയതും മലയാളിയുടെ ഹൃദയത്തില്‍ ഇടം നേടിയതും പില്ക്കാല ചരിത്രം.
ഷഹബാസ് അമനും ഗായത്രിയും സിതാരയും ശ്വേതയും മനോജ് കെ. ജയനും രാജലക്ഷ്മിയും കെ.ബി. സുജാതയുമൊക്കെ സ്വതസ്സിദ്ധമായ ശൈലിയില്‍ ഭാവമധുരമായി പാടിയിട്ടുണ്ട് ''താനേ തിരിഞ്ഞും മറിഞ്ഞും.'' എങ്കിലും ഭാഷാതീതമായ ഒരു മിത്തായി മാറിക്കഴിഞ്ഞു ആ പാട്ടെന്ന് മനസ്സിലായത് അടുത്തിടെ ഒരു അമേരിക്കക്കാരന് അത് പാടിക്കേട്ടപ്പോഴാണ്. തിരുവനന്തപുരത്തെ ടാഗോര്‍ ഹാളിന്റെ പരിസരത്തെ വൃക്ഷത്തണലില്‍ മലയാളി സുഹൃത്തുക്കള്‍ക്കിടയില്‍ ഇരുന്ന്, കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ഥിയായ സായിപ്പ് പാടുന്നു: ''ചന്ദനക്കട്ടിലില്‍ പാതിരാ വിരിച്ചിട്ട ചെമ്പക വെണ്മലര് തൂവിരിപ്പില്‍...'' ഉച്ചാരണശുദ്ധിയില്ല; ശബ്ദസൗന്ദര്യവും. പക്ഷേ, ഈണത്തിന്റെ ഇന്ദ്രജാലത്തില്‍ മറ്റെല്ലാ പോരായ്മകളും മാഞ്ഞുപോകുന്നു. ബാബുരാജിന് നന്ദി.
അദൃശ്യനായി എങ്ങോയിരുന്ന് ആ ആലാപനം കേട്ട് മന്ദഹസിച്ചിട്ടുണ്ടാകും മെലഡിയുടെ രാജകുമാരന്. തീര്‍ച്ച.
Content Highlights : Baburaj Ambalapravu Movie Thane Thirnjum Marinjum Song Ravi Menon pattuvazhiyorathu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..