പറയാന്‍പോകുന്ന അനുഭവത്തിന്റെ ചൂടാറിയിട്ടില്ല. കഴിഞ്ഞയാഴ്ചയിലാണ്.എന്റെ മകന്‍ അനൂപിനെ ഡോക്ടര്‍ റാംമോഹനെ ഒന്നു കാണിക്കണം. റാംമോഹന്‍ എന്റെ സുഹൃത്താണ്. പേരുകേട്ട ഇ.എന്‍.ടി. സ്‌പെഷലിസ്റ്റാണ്. രാവിലെ ഏഴരയ്ക്ക് വെസ്റ്റ്‌ഫോര്‍ട്ട് ഹോസ്പിറ്റലില്‍ എത്തണം. പുറപ്പെടുമ്പോള്‍ നിമ്മി പറഞ്ഞു.
''ഞാനും വരാം''
തൃശ്ശൂര്‍ പടിഞ്ഞാറെ കോട്ടയില്‍നിന്ന് ഗുരുവായൂര്‍ക്ക് പോകുന്ന തിരക്കേറിയ റോഡിലാണ് ഹോസ്പിറ്റല്‍. ഞാന്‍തന്നെയാണ് വണ്ടി ഓടിച്ചത്. ഹോസ്പിറ്റലിന്റെ പടിക്കലെത്തിയപ്പോള്‍ മുന്നില്‍നിന്ന് മകനും പിറകില്‍നിന്ന് ഭാര്യയും ഇറങ്ങി.

പാര്‍ക്ക്‌ചെയ്യാനായി കാര്‍ മുന്നിലേക്കെടുത്തതും,
''അയ്യോ'' എന്ന് നിമ്മി കരഞ്ഞു.
പിറകിലെ ചക്രം നിമ്മിയുടെ കാലില്‍ കയറിയിരിക്കുന്നു.
വഴിയാത്രക്കാരും ഓട്ടോറിക്ഷക്കാരുമൊക്കെ ഓടിയെത്തുന്നു.
എന്റെ തലയിലൂടെ ഒരു മിന്നല്‍പിണര്‍!
ആകെ മരവിച്ചതുപോലെ കണ്ണിലാകെ ഒരു മൂടല്‍പോലെ.
വണ്ടി പിറകിലോട്ടെടുക്കുന്നതിനു പകരം കാല്‍ ആക്‌സിലറേറ്ററില്‍ പതിഞ്ഞു
(തലയണമന്ത്രത്തില്‍ ശ്രീനിവാസന്‍ ഓടിച്ച കാര്‍ മതിലില്‍ ഇടിക്കുന്ന രംഗം ഓര്‍മവന്നെന്ന് ഡോക്ടര്‍ ജോഷി പിന്നീട് പറഞ്ഞു. 'ബ്രേക്കെവിടെ... ബ്രേക്കെവിടെ...').
വീഴാന്‍പോയ നിമ്മിയെ അനൂപ് പിടിച്ചു.

കാലില്‍നിന്ന് വണ്ടി നീങ്ങിയപ്പോള്‍ എല്ലാവരും ചേര്‍ന്ന് കാഷ്വാല്‍റ്റിയിലേക്ക് എടുത്തുകൊണ്ടുപോയി.
ദൂരെ വഴിയോരത്ത് വണ്ടി പാര്‍ക്ക്‌ചെയ്ത് പരിഭ്രാന്തനായി ഞാന്‍ ഓടിയെത്തുമ്പോള്‍ നിമ്മിയെ ഒരു കസോരയിലിരുത്തി മകനും മറ്റു ചിലരും കാലിലെ പരിക്ക് പരിശോധിക്കുകയാണ്.

വിരലുകള്‍ ചതഞ്ഞോ; കാലൊടിഞ്ഞോ എന്ന വേവലാതിയോടെ കരച്ചിലിന്റെ വക്കിലെത്തി നിമ്മിയുടെ മുന്നില്‍ മുട്ടുകുത്തിയിരുന്നപ്പോള്‍ തോളില്‍ ഒരു കനത്ത കൈ.
''ഹലോ മിസ്റ്റര്‍ സത്യന്‍''
ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍ തടിച്ചുകൊഴുത്ത ഒരു രൂപം. എന്നെക്കാള്‍ പത്തുവയസ്സെങ്കിലും കൂടുതലുണ്ടാവും.
''എത്ര വര്‍ഷമായി കണ്ടിട്ട്. ഓര്‍ക്കുന്നുണ്ടോ? മോഹനകൃഷണന്‍! പണ്ട് ഞാന്‍ പി. ചന്ദ്രകുമാറിന്റെ കൂടെ കണ്ടിട്ടുണ്ട്. ചന്ദ്രകുമാറിന്റെ 'അഗ്‌നിവ്യൂഹം' എന്ന സിനിമയില്‍ സുകുമാരനോടൊപ്പം ഒരു സീനില്‍ അഭിനയിച്ചിട്ടുണ്ട്. അന്ന് സത്യനായിരുന്നു അസിസ്റ്റന്റ് ഡയരക്ടര്‍. എനിക്ക് സംഭാഷണം പറഞ്ഞുതന്നത് ഓര്‍ക്കുന്നുണ്ടോ? വരൂ, ഇരിക്കൂ, ചായകുടിക്കൂ- എന്നായിരുന്നു ഡയലോഗ്. ഞാന്‍ വരൂ ചായ കുടിക്കൂ, ഇരിക്കൂ- എന്നാ പറഞ്ഞത്. സത്യന്‍ എനിക്ക് തിരുത്തിത്തന്നു. ഇപ്പോ ഓര്‍മവന്നോ?''

''ഞാനെന്റെ ഭാര്യയുടെ കാലൊന്ന് നോക്കട്ടെ. ഇപ്പൊ ആക്‌സിഡന്റായതാ''
''അതൊന്നും സാരമില്ലെന്നേ. എഴുപത്തെട്ടിലാ നമ്മള്‍ കാണുന്നത്. എന്നുവെച്ചാല്‍ മുപ്പത്താറുവര്‍ഷം മുമ്പ്. ഹൊ! ദൈവാധീനം സത്യനെ നേരിട്ടൊന്ന് കാണാന്‍പറ്റിയല്ലോ ഈശ്വരനാ ഇങ്ങനെയൊരു അവസരം ഉണ്ടാക്കിയത്. നമ്മളൊരുമിച്ചൊരു ഫോട്ടോ വേണം. സത്യന്‍ അന്തിക്കാടെന്റെ സുഹൃത്താണെന്ന് പറഞ്ഞിട്ട് മക്കളാരും വിശ്വസിച്ചിട്ടില്ല. മോനേ, ഈ ഫോണില്‍ ഞങ്ങളുടെ ഫോട്ടോ ഒന്നെടുത്തേ''
എന്റെ മകന്‍ ഇന്നുവരെ ആരെയും തല്ലിയതായി ഞാന്‍ കേട്ടിട്ടില്ല. എന്റെ മുന്‍പില്‍വെച്ച് അങ്ങനെയൊരു രംഗം ഉണ്ടാവുമോ എന്ന് ഞാന്‍ ഭയന്നു. അപ്പോഴേക്കും മറ്റാരോ അയാളെ തള്ളിമാറ്റി നിമ്മിയെ എക്‌സ്‌റേ റൂമിലേക്ക് കൊണ്ടുപോയി.

ഇതൊരു ഉദാഹരണമാണ്. ഔചിത്യമില്ലായ്മയുടെ നേര്‍സാക്ഷ്യം.
പണ്ട് ഇതുപോലൊരു സിനിമാപ്രേമി കാരണം ഇന്നസെന്റിന്റെ ഫ്ലൈറ്റ്‌യാത്ര മുടങ്ങിയിട്ടുണ്ട്. കൊച്ചിയില്‍നിന്ന് മദ്രാസിലേക്ക് പോകാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയതാണ് ഇന്നസെന്റ്. റിലീസ് ഡേറ്റ് തീരുമാനിച്ച ഒരു സിനിമയുടെ ഡബ്ബിങ്ങിനാണ് പോകുന്നത്. അന്ന് ഡബ്ബ്‌ചെയ്തില്ലെങ്കില്‍ പടത്തിന്റെ ജോലികള്‍ പൂര്‍ത്തിയാവില്ല. റിലീസ് മാറ്റേണ്ടിവരും. ട്രാഫിക് തടസ്സം കാരണം എയര്‍പോര്‍ട്ടിലെത്താന്‍തന്നെ ഒരുപാട് വൈകി. കാറില്‍നിന്നിറങ്ങി ബാഗുമെടുത്ത് അകത്തേക്ക് ഓടുമ്പോഴേക്കും യാത്രക്കാരെല്ലാം വിമാനത്തില്‍ കയറിക്കഴിഞ്ഞിരുന്നു.
മുന്‍കൂട്ടി പറഞ്ഞുവെച്ചിരുന്നതുകൊണ്ട് അവര്‍ ഇന്നസെന്റിനുവേണ്ടി കാത്തുനില്‍ക്കുകയാണ്. അതിനും ഒരു പരിധിയുണ്ടല്ലോ.
ധൃതിയില്‍ ബോര്‍ഡിങ് പാസെടുക്കാനോടുമ്പോള്‍ ഒരു ആരാധകന്‍ ഇന്നസെന്റിനെ വട്ടംചുറ്റി പിടിച്ചു.

''എന്റെ ഇന്നസെന്റേട്ടാാാാ''
പ്രതിയോഗി നല്ല കരുത്തനായിരുന്നു. ഒരു അമേരിക്കന്‍ മലയാളി. സ്‌നേഹംകൊണ്ട് അക്ഷരാര്‍ഥത്തില്‍ അയാള്‍ വീര്‍പ്പുമുട്ടിച്ചു.
''എത്രനാളായി ആഗ്രഹിക്കുന്നു ഒന്നു കാണാന്‍. എന്റെ അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ് ഇന്നസെന്റേട്ടന്‍. അമ്മ ഇവിടെയുണ്ട്. ദാ ആ വീല്‍ചെയറിലിരിക്കുന്നതാണമ്മ. നടക്കാന്‍ വയ്യ. വന്നേ, അമ്മയെ പരിചയപ്പെടുത്താം.''
''വിടൂ ബോര്‍ഡിങ് പാസെടുത്തിട്ട് എനിക്കിപ്പോ വിമാനത്തില്‍ കയറാനുള്ളതാ.''
ഇന്നസെന്റ് കരച്ചിലോടെ പറഞ്ഞു.

''അമ്മ ഇന്ന് ബോംബെക്ക് പോവുകയാ. അവിടന്ന് നേരെ അമേരിക്കയിലേക്ക്. ഇപ്പൊ വിട്ടാല്‍ പിന്നെ കാണാന്‍ സാധിക്കില്ല. വരൂന്നേ, ഒരഞ്ചു മിനിറ്റ്.''
എത്ര കുടഞ്ഞിട്ടും കുതറിയിട്ടും അയാള്‍ പിടിവിട്ടില്ല. ദൂരെ വിമാനം പറന്നുപൊങ്ങുന്നത് ഇന്നസെന്റ് സങ്കടത്തോടെ കണ്ടു.
ആരാധന എന്ന് ഇതിനെ പറയാന്‍ വയ്യ. മറ്റുള്ളവരുടെ മാനസികാവസ്ഥ അറിഞ്ഞുപെരുമാറുക എന്ന സാമാന്യ മര്യാദ മറക്കുന്നവരെ ഏറ്റവും ചുരുങ്ങിയത് 'വിഡ്ഢി' എന്നേ വിശേഷിപ്പിക്കാന്‍ പറ്റൂ. ചിലര്‍ അത്തരം വിഡ്ഢികളെ സഹിക്കും. മമ്മൂട്ടിയെപ്പോലുള്ളവര്‍ ചുട്ട മറുപടി കൊടുക്കും. ചീത്ത കേട്ടവര്‍ മാറി നിന്നു പറയും:
''ഈ മമ്മൂട്ടിക്കൊരു മയവുമില്ല കേട്ടോ. അഹങ്കാരിയാ.''
ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ സ്‌ക്രിപ്റ്റ് വായിച്ചുകൊണ്ടിരുന്ന മമ്മൂട്ടിയെ ചോദ്യം ചോദിച്ച് ശല്യം ചെയ്യാന്‍ ഒരാളെത്തി.
''തത്കാലം ഒന്നു മാറി നില്‍ക്കൂ. ഞാന്‍ ഡയലോഗ് പഠിക്കുകയാണ്.'' മമ്മൂട്ടി പറഞ്ഞു.

ആരാധകന് അത് രസിച്ചില്ല.
''മമ്മൂട്ടിസാറേ, ഞങ്ങളൊക്കെ സിനിമ കാണുന്നതുകൊണ്ടാണ് നിങ്ങളൊക്കെ ജീവിച്ചുപോകുന്നത്.''
വായന നിര്‍ത്തി മമ്മൂട്ടി തിരിഞ്ഞു.
''ഈ ഞങ്ങളൊക്കെ എന്നു പറഞ്ഞാല്‍ എത്രപേരുവരും?''
''ഞങ്ങള്‍'' - അയാള്‍ സപ്പോര്‍ട്ടിനായി ചുറ്റും നോക്കി. വന്നവരുടെ കൂട്ടത്തില്‍ പെട്ടെന്നയാള്‍ തനിച്ചായി.
''നിങ്ങളും നിങ്ങളുടെ വീട്ടുകാരും സുഹൃത്തുക്കളും. ഏറിവന്നാല്‍ ഒരു നൂറുപേര്‍. അല്ലേ? ആ നൂറുപേര്‍ എന്റെ സിനിമ കാണണ്ട.''
കേട്ടുനിന്നവര്‍ കൈയടിച്ചു.

ട്രെയിന്‍ യാത്രയിലാണ് ഔചിത്യമില്ലാത്തവരുടെ കൂട്ട അരങ്ങേറ്റം കാണാനാവുക. അതിനിപ്പോള്‍ സെലിബ്രിറ്റി ആകണമെന്നൊന്നുമില്ല.
യാത്രയില്‍ വായിക്കാനായി സ്റ്റേഷനില്‍ നിന്നു വാങ്ങിയ പത്രമാസികകള്‍ നമ്മള്‍ മറിച്ചുനോക്കാന്‍ തുടങ്ങിയിട്ടേ ഉണ്ടാകൂ. പത്രമാണെങ്കില്‍ അതിന്റെ നടുവിലെ പേജ് ഒരാള്‍ക്കുവേണം. വായിക്കാന്‍ നീക്കിവെച്ച ആഴ്ചപ്പതിപ്പും മാസികയുമൊക്കെ ആ കമ്പാര്‍ട്ടുമെന്റിലുള്ളവര്‍ ഒരു നാണവുമില്ലാതെ കൈക്കലാക്കും.

സിനിമാരംഗവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍ അടുത്തു വന്ന് കുശലാന്വേഷണമാണ്.
''വാസ്തവത്തില്‍ മഞ്ജുവാരിയര്‍ എന്തിനാ ദിലീപിനെ വിട്ടുപോയത്?''
''മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊക്കെ ഇപ്പൊ എന്താ റേറ്റ്?''
അങ്ങനെ കാലത്തിനനുസരിച്ചുള്ള ചോദ്യങ്ങള്‍. നീരസം മുഖത്തു കാണിച്ചിട്ടൊന്നും കാര്യമില്ല. ചോദ്യകര്‍ത്താക്കള്‍ കൂടുമ്പോള്‍ ഞാന്‍ ചെയ്യാറുള്ളത് കണ്ണടച്ച് ഉറക്കം അഭിനയിക്കുകയാണ്.

പണ്ട് മാള അരവിന്ദന്‍ പുതിയൊരു കാര്‍ വാങ്ങി. വെട്ടിത്തിളങ്ങുന്ന നിറമുള്ള ഒരു അംബാസഡര്‍. ജീവിതത്തില്‍ ആദ്യമായി വാങ്ങിയ കാറാണ്. അന്ന് മാള ഒരു തരംഗമാണ്. എവിടെ ചെന്നാലും ആരാധകര്‍ പൊതിയും. ആ പുത്തന്‍ കാര്‍ ആദ്യമായി ലൊക്കേഷനിലേക്കു കൊണ്ടുപോയ കഥ അരവിന്ദേട്ടന്‍ പറയാറുണ്ട്. ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ നേരത്ത് കാറിലേക്ക് നോക്കിയപ്പോള്‍ കരഞ്ഞുപോയത്രെ! കാറിന്റെ ഒരുഭാഗം മുഴുവന്‍ നിറയുന്ന വിധത്തില്‍ മൂര്‍ച്ചയുള്ള ഇരുമ്പാണികൊണ്ട് 'മാള' എന്ന് ആരോ എഴുതിവെച്ചിരിക്കുന്നു. സ്വന്തം പേര് കണ്ട് പൊട്ടിക്കരഞ്ഞ ഏകനടന്‍ ഒരുപക്ഷേ, മാള അരവിന്ദനായിരിക്കും.

എന്റെ പുതിയ സിനിമയുടെ ചില രംഗങ്ങള്‍ ഇടപ്പള്ളിയിലെ ഒരു ഹൗസിങ് കോളനിയില്‍ വെച്ച് ചിത്രീകരിച്ചിരുന്നു. ഉച്ചയ്ക്ക് കോളനിയുടെ ക്ലബ് ഹൗസില്‍ ഞങ്ങള്‍ ഊണു കഴിക്കാനിരിക്കുകയാണ്. എന്റെ പഴയൊരു സുഹൃത്തും കുടുംബവും കയറി വന്നു.
ഞാന്‍ മോഹന്‍ലാലിനെ പരിചയപ്പെടുത്തി.
''എന്റെ പഴയൊരു സുഹൃത്താണ്. ബോംബെയിലാണ് താമസം.''
മോഹന്‍ലാല്‍ 'ഹലോ' പറഞ്ഞപ്പോള്‍, എന്നെ നാണം കെടുത്തിക്കൊണ്ട് സുഹൃത്തിന്റെ ഡയലോഗ്-
''ഒരു ഷേക്ക് ഹാന്‍ഡ് തന്നാട്ടെ.''
''ഞാന്‍ ഊണ് കഴിച്ചുകൊണ്ടിരിക്കുകയല്ലേ?''
വലതു കൈ കാണിച്ച് ലാല്‍ പറഞ്ഞു.
''അതൊന്നും സാരമില്ലെന്നേ. ആ കൈയിങ്ങു തരൂ.''
മോഹന്‍ലാല്‍ പെട്ടെന്ന് കൈ പിന്‍വലിച്ചു. ഞാന്‍ ലാലിന്റെ ചെവിയില്‍ പറഞ്ഞു:

''ഈ നിമിഷം മുതല്‍ ഇയാളെന്റെ സുഹൃത്തല്ല കേട്ടോ.''
മറ്റുള്ളവരുടെ ഭാഗത്തുനിന്നുകൂടി ചിന്തിക്കുക എന്നത് അത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല. ആരുടെയെങ്കിലും ഒരു ഫോണ്‍കോള്‍ വന്ന് ഒരാള്‍ സംസാരിച്ചു കഴിഞ്ഞാല്‍ 'അതാരാ വിളിച്ചേ' എന്നു ചോദിക്കുന്നത് നല്ല കാര്യമല്ല. നമ്മള്‍ അറിയേണ്ടതാണെങ്കില്‍ ചോദിക്കാതെതന്നെ പറയുമല്ലോ. ഒരു സ്വകാര്യസദസ്സില്‍ അറിയാതെ ചെന്നുകയറിയാല്‍ നമ്മുടെ സാന്നിധ്യത്തിന് അവിടെ പ്രസക്തിയില്ലെന്നു മനസ്സിലായാല്‍ എന്തെങ്കിലും കാരണം പറഞ്ഞ് പെട്ടെന്ന് തിരിച്ചുപോരണം. അതൊരു മര്യാദയാണ്.
തുടങ്ങിയേടത്തേക്കു തിരിച്ചുവരാം.

നിമ്മിയുടെ കാലില്‍ ചെറിയൊരു ശസ്ത്രക്രിയ വേണ്ടിവന്നു. വളരെ വലുത് എന്തോ വരാനിരുന്നത് ഇങ്ങനെ ഒഴിഞ്ഞുപോയി എന്നു പറഞ്ഞാണ് നിമ്മി എന്നെ സമാധാനിപ്പിച്ചത്. പക്ഷേ, എന്റെ നാട്ടുകാര്‍ക്ക് അതങ്ങനെ നിസ്സാരമായി കാണാന്‍ പറ്റിയിട്ടില്ല. അവരുടെ കണ്ണില്‍, എപ്പോഴും വീട്ടിലും പറമ്പിലും പാടത്തുമൊക്കെ ഓടി നടന്ന് ജോലി ചെയ്യുന്ന സ്ത്രീയാണ് നിമ്മി. അവരുടെ കാലിലാണ് അശ്രദ്ധകൊണ്ട് ഞാന്‍ കാറിന്റെ ചക്രം കയറ്റിയത്.

ആസ്പത്രിയില്‍ നിന്നു തിരിച്ചു വന്നതിന്റെ പിറ്റേന്നു കാലത്ത് പത്രം വന്നോ എന്നുനോക്കാന്‍ ഞാന്‍ ഗേറ്റിലേക്ക് പോയി. നേരം വെളുത്തു വരുന്നതേ ഉള്ളൂ. ഗേറ്റിനു മുന്നിലൂടെ പതിവായി മോണിങ് വാക്കിന് പോകുന്ന ഒരാള്‍ എന്നെ ഗൗരവത്തോടെ നോക്കി. ചെറിയ പരിചയമേ എനിക്കുള്ളൂ.
''നിങ്ങള്‍ക്കൊക്കെ ഒരു ഡ്രൈവറെ വെച്ച് വണ്ടി ഓടിച്ചു കൂടെ?''
ഞാനൊന്നു പതറിപ്പോയി.
'അറിയാതെ പറ്റിപ്പോയതാണ്.' ഞാന്‍ പറഞ്ഞു.
''അറിഞ്ഞുകൊണ്ടാരും അപകടം വരുത്തില്ലല്ലോ. ഇനിയെങ്കിലും ഒരു ഡ്രൈവറെ വെക്ക്. കണ്ണില്‍ കണ്ട സിനിമാക്കഥയൊക്കെ ചിന്തിച്ച് വണ്ടിയോടിച്ച് ആ പാവം ചേച്ചിക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാന്‍ ഇനിയെങ്കിലും ശ്രദ്ധിക്ക്.''
മറുപടിക്ക് കാത്തു നില്‍ക്കാതെ അയാള്‍ തിരക്കിട്ടു നടന്നു.
നിമ്മിയോടു ഞാന്‍ പറഞ്ഞു:
'പരുക്ക് ഗുരുതരമായിരുന്നെങ്കില്‍ അയാളെന്നെ തല്ലിയേനെ.'
നിമ്മി ചിരിച്ചു.
ആ ചിരി എന്നെയും ചിരിപ്പിച്ചു.