എറണാകുളത്തെ പനമ്പിള്ളി നഗറിലൂടെ പലവട്ടം പോയിട്ടുണ്ട്. അപ്പോഴൊന്നും തോന്നാത്ത വൈകാരിക അനുഭവം ഈ അടുത്ത ദിവസം ഉണ്ടായി. കാര്യത്തിലേക്കു വരാം. എന്റെ പുതിയ സിനിമയുടെ ചില സീനുകള്‍ നഗരത്തിലെ തിരക്കേറിയ വഴികളില്‍ ചിത്രീകരിക്കേണ്ടതുണ്ടായിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു മണ്ണാര്‍ക്കാടിനോടു പറഞ്ഞു.
''പനമ്പിള്ളിനഗര്‍ മതി.''
അവിടുത്തെ വിശാലമായ റോഡുകള്‍ - വഴിയരികില്‍ പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന മരങ്ങള്‍ - അതിനൊക്കെ ഒരു പ്രത്യേക സൗന്ദര്യമുണ്ട്. മാത്രമല്ല, 'സന്മസുള്ളവര്‍ക്ക് സമാധാനം' എന്ന സിനിമയുടെ പല വാതില്‍പ്പുറ കാഴ്ചകളും പനമ്പിള്ളിനഗറിലേതാണ്.
കാര്‍ത്തിക ബസ് കാത്തുനില്‍ക്കുന്ന ബസ്‌സ്റ്റോപ്പ്, മോഹന്‍ലാലിന്റെ ഗോപാലകൃഷ്ണപ്പണിക്കര്‍ മുണ്ടും മാടിക്കുത്തി കുടയും ബാഗുമൊക്കെയായി 'കണ്ണിനു പൊന്‍മണി - കാതിനു തേന്‍കനി...' എന്നു പാടിനടക്കുന്നത്, ശ്രീനിവാസന്റെ മികച്ച കഥാപാത്രമായ ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ കൂട്ടുകാരനായ മോഹന്‍ലാലിനെ കണ്ടുമുട്ടുന്നത്, അങ്ങനെ പല രംഗങ്ങളും ഇവിടെയാണ് ചിത്രീകരിച്ചത്.

അതു കഴിഞ്ഞിട്ട് ഇരുപത്തെട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പനമ്പിള്ളിനഗറിലും ഒരുപാടു മാറ്റങ്ങള്‍ ഉണ്ടായി.
രണ്ടുവരിപ്പാത നാലുവരിയായി. ഇരുഭാഗത്തും ഒഴിഞ്ഞുകിടന്നിരുന്ന തരിശുനിലങ്ങളില്‍ മനോഹരമായ കെട്ടിടങ്ങള്‍ ഉയര്‍ന്നു! കാലത്തിന് അനിവാര്യമായ മാറ്റങ്ങള്‍.
ക്യാമറയും യൂണിറ്റുമായി ഷൂട്ടിങ്ങിന് ഞാനല്പം നേരത്തെയെത്തി. ആദ്യം ചിത്രീകരിക്കേണ്ട ഭാഗങ്ങളെപ്പറ്റി ക്യാമറാമാന് നിര്‍ദേശം കൊടുത്ത് പാതയോരത്തുകൂടെ വെറുതെ കുറച്ചുനേരം നടന്നു.
ഓര്‍ക്കാനിഷ്ടമുള്ള ചില ഓര്‍മകള്‍ അടുക്കും ചിട്ടയുമില്ലാതെ മനസ്സിലേക്കോടിവന്നു.
അന്ന് മോഹന്‍ലാല്‍ എന്ന താരം ഉദിച്ചുവരുന്നതേയുള്ളൂ. അനായാസമായ അഭിനയരീതികൊണ്ട് അതിശയിപ്പിക്കുന്ന ഈ നടനെക്കുറിച്ച് സംവിധായകരും പ്രേക്ഷകരും പറഞ്ഞു തുടങ്ങിയ കാലം.
ബസ്സില്‍വെച്ച് കാര്‍ത്തികയുമായി തര്‍ക്കിച്ച മോഹന്‍ലാലിനെ അന്നത്തെ സദാചാര പോലീസുകളായ കുറെ ചെറുപ്പക്കാര്‍ കൈകാര്യം ചെയ്ത് ബസ്സിനു പുറത്തേക്കു വലിച്ചിടും. റോഡിനപ്പുറത്തെ ചതുപ്പിലെ ചളിയില്‍ അവരോടൊപ്പം ഉരുണ്ടുമറിയുമ്പോഴാണ് ശ്രീനിവാസന്റെ വരവ്. ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്റെ ജീപ്പ് വന്നുനിന്നതോടെ ലാല്‍ ഒഴികെ മറ്റുള്ളവരെല്ലാം ഓടിപ്പോകും. അപ്പോഴാണ് തന്റെ പഴയ സഹപാഠിയായ രാജേന്ദ്രനാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് ഗോപാലകൃഷ്ണപ്പണിക്കര്‍ അറിയുന്നത്.

''കയറെടാ ജീപ്പില്'' എന്നു പറഞ്ഞ് ശ്രീനി ലാലിനെയുംകൊണ്ട് തന്റെ വീട്ടിലേക്കു പോകുന്നു.
പിന്നെയുള്ള രംഗം വീടിനുള്ളിലാണ്. ചതുപ്പിലെ ചളിയില്‍ കിടന്നുരുളുന്ന ഷോട്ടുകള്‍ എടുക്കുന്നതിനു മുമ്പ് ഞാന്‍ പറഞ്ഞു.
''നമുക്കിത് മറ്റെവിടെയെങ്കിലും വെച്ചെടുക്കാം ലാലേ.''
''ഇവിടെ എന്താ കുഴപ്പം?''
''അഴുക്കുചാലിലെ വെള്ളം കയറി ഈ ചതുപ്പും ചളിയും ആകെ ദുര്‍ഗന്ധം നിറഞ്ഞിരിക്കുന്നു. അല്പംകൂടി വൃത്തിയുള്ള ഏതെങ്കിലും സ്ഥലം കണ്ടുപിടിക്കാം.''

ലാല്‍ സമ്മതിച്ചില്ല. സ്വാഭാവികമായും ഇത്തരം വഴിയില്‍ ഇതുപോലുള്ള സ്ഥലങ്ങളാണുണ്ടാവുക. ''സാരമില്ല. ഞാന്‍ റെഡിയാണ്.''
സ്വാഭാവികമായിത്തന്നെ ആ രംഗങ്ങള്‍ ചിത്രീകരിച്ചു. ഓരോ ഷോട്ടു കഴിയുമ്പോഴും അഴുക്കുവെള്ളം നിറഞ്ഞ വസ്ത്രങ്ങളുമായി യൂണിറ്റിലുള്ളവരെ കെട്ടിപ്പിടിക്കാന്‍ ലാല്‍ സമീപിക്കും. എല്ലാവരും ഓടും. അതുകണ്ട് ലാല്‍ ചിരിക്കും.

വിപിന്‍ മോഹനായിരുന്നു ക്യാമറാമാന്‍. വളരെ പെട്ടെന്ന് ചിത്രീകരണം പൂര്‍ത്തിയാക്കി ഞങ്ങള്‍ ലാലിന് സ്വാതന്ത്ര്യം കൊടുത്തു.
ഇതിന്റെ തുടര്‍ച്ചയായ രംഗം ശ്രീനിവാസന്റെ വീട്ടില്‍വെച്ചു ചിത്രീകരിക്കുമ്പോള്‍ ഷര്‍ട്ടിലും മുണ്ടിലും പറ്റിയ അഴുക്കിന്റെ അടയാളങ്ങള്‍ മാറിപ്പോകരുതെന്ന് സഹസംവിധായകന്‍ രാജന്‍ ബാലകൃഷ്ണനെ ഓര്‍മിപ്പിച്ച് ഞങ്ങള്‍ അടുത്ത ലൊക്കേഷനിലേക്ക് നീങ്ങി.
ശ്രീനിവാസന്റെ വീട്ടിലുള്ള രംഗം ചിത്രീകരിച്ചത് പിന്നെയും നാലഞ്ചു ദിവസങ്ങള്‍ കഴിഞ്ഞാണ്. ലൈറ്റപ്പ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ രാജന്‍ ഓടിവന്നു പറഞ്ഞു.

''ഒരു ചെറിയ പ്രശ്‌നം''
സംഗതി ഇതാണ്
കണ്ടിന്യൂവിറ്റി തെറ്റരുതെന്ന് പറഞ്ഞതുകൊണ്ട് വസ്ത്രാലങ്കാര സഹായി ആ മുണ്ടും ഷര്‍ട്ടും കഴുകാതെ വെച്ചു. അഞ്ചു ദിവസം കഴിഞ്ഞു പുറത്തെടുത്തപ്പോള്‍ ആ തുണികള്‍ക്കടുത്തു നില്‍ക്കാന്‍ വയ്യ. അത്രയ്ക്കു നാറ്റം. ആ സീന്‍ പിന്നെയെടുക്കാം എന്നുപറഞ്ഞ് ഞാന്‍ ലൊക്കേഷന്‍ ഷിഫ്റ്റ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ മേക്കപ്പ് ചെയ്തുകൊണ്ടിരുന്ന ലാല്‍ ഓടിയെത്തി.
'അതിനുവേണ്ടി ഇപ്പോള്‍ ഷൂട്ടിങ് മുടക്കണ്ട. കുറച്ചു സമയത്തേക്കല്ലേ-ആ മുണ്ടും ഷര്‍ട്ടുമിങ്ങു തന്നേക്ക്. പ്രേക്ഷകര്‍ക്ക് ദുര്‍ഗന്ധമൊന്നും മനസ്സിലാവില്ലല്ലോ.'
ഞാന്‍ മറുപടി പറയാതെ നില്‍ക്കുമ്പോഴേക്കും ലാല്‍ ആ വസ്ത്രങ്ങള്‍ ധരിച്ച് റെഡിയായി. വളരെ വേഗത്തില്‍ ഞാനാ രംഗങ്ങള്‍ ചിത്രീകരിച്ചു.

അവസാനം, ഡ്രെസ്സ് മാറുമ്പോള്‍ ലാല്‍ വന്നു പറഞ്ഞു.
'നിങ്ങള്‍ അടുത്ത ലൊക്കേഷനില്‍ എത്തുമ്പോഴേക്കും ഞാന്‍ മുറിയിലൊന്നുപോയി കുളിച്ചിട്ടുവരാം. ദേഹം മുഴുവന്‍ ചൊറിയുന്നു.'
ഒരു പരാതിയുമില്ലാതെ ചിരിയും കളിയുമായി ചിത്രീകരണം വീണ്ടും തുടര്‍ന്നു. ഇരുപത്തെട്ടു വര്‍ഷങ്ങള്‍ക്കുശേഷം, അതേ നടനെ നായകനാക്കി അതേ ലൊക്കേഷനില്‍ നില്‍ക്കുമ്പോള്‍ എനിക്ക് ബോധ്യമാവുന്ന ഒരു പാഠമുണ്ട്.
അഭിനയത്തോടൊപ്പം സിനിമ എന്ന കലാരൂപത്തോടുള്ള സമര്‍പ്പണമാണ് ഒരു നടനെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാക്കുന്നത്.
മനസ്സില്‍ മറ്റൊരു പേജ് മറിയുന്നു.

പനമ്പിള്ളി നഗറിനടുത്തെവിടെയോ ഉള്ള ചെറിയൊരു ചായക്കടയില്‍വെച്ചാണ് 'കനല്‍ക്കാറ്റ്' എന്ന സിനിമയിലെ ഒരു രംഗം ചിത്രീകരിച്ചത്.
തികച്ചും സാധാരണക്കാരായ ജനങ്ങള്‍-പ്രത്യേകിച്ചും തൊഴിലാളികള്‍ ഭക്ഷണം കഴിക്കാനെത്തുന്ന കട. ഓട്ടോറിക്ഷക്കാരും പോര്‍ട്ടര്‍മാരും വഴിക്കച്ചവടക്കാരുമൊക്കെയായി എപ്പോഴും തിരക്കാണവിടെ.
ലോഹിതദാസാണ് പറഞ്ഞത്-ഇതാണ് നത്തു നാരായണന് വന്നിരിക്കാവുന്ന കട എന്ന്.
സന്മനസ്സുള്ളവര്‍ക്ക് സമാധാനത്തിന്റെ നിര്‍മാതാവ് സിയാദ് കോക്കറാണ് കനല്‍ക്കാറ്റും നിര്‍മിക്കുന്നത്.

മമ്മൂട്ടി എന്ന വന്‍ താരത്തെ ഈ ചെറിയ തെരുവിലെത്തിച്ച് ഷൂട്ട് ചെയ്യുക എന്നത് ശരിക്കും ശ്രമകരമായ ഒരു ജോലിതന്നെ എന്നു പറഞ്ഞ് പലരും പേടിപ്പിച്ചു. ആളുകള്‍ ഉച്ചഭക്ഷണത്തിനെത്തുന്നതിനുമുന്‍പ് ഷൂട്ടിങ് തീര്‍ക്കണം എന്നാണ് കടക്കാരന്റെ കണ്ടീഷന്‍.
മമ്മൂട്ടി അവതരിപ്പിച്ച നത്തുനാരായണന്‍ ബീഫും പുട്ടും കഴിക്കുമ്പോള്‍ ഭാര്യയായി അഭിനയിക്കുന്ന കെ.പി.എ.സി. ലളിത അന്വേഷിച്ചെത്തുന്നതും നത്തുനാരായണന്‍ ജീവനുംകൊണ്ട് ഓടുന്നതുമൊക്കെയാണ് രംഗം.

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് കെ.ആര്‍. ഷണ്‍മുഖമാണ്. അണ്ണനോട് ഞാന്‍ നേരത്തെ പറഞ്ഞു.
'ഈ കടയിലുണ്ടാക്കുന്ന ബീഫുകറി മമ്മൂട്ടിക്ക് കൊടുക്കണ്ട. ഏതെങ്കിലും സ്റ്റാര്‍ ഹോട്ടലില്‍നിന്ന് മമ്മൂട്ടിക്കു മാത്രമുള്ള കറി വാങ്ങിവെച്ചേക്കൂ.'
ഷൂട്ടിങ് തുടങ്ങി.
മമ്മൂട്ടിയുടെ മുന്നിലെ പ്ലേറ്റില്‍മാത്രം സ്റ്റാര്‍ ഹോട്ടലിലെ കറി വിളമ്പി.
'ഈ ഷോട്ടിലെ മറ്റുള്ളവരെല്ലാം കഴിക്കുന്ന കറി ഇവിടെയുണ്ടാക്കിയതല്ലേ അതുതന്നെ മതി എനിക്കും.' 'സീന്‍ കഴിയുമ്പോഴേക്കും കുറേ പ്രാവശ്യം ആഹാരം കഴിക്കേണ്ടിവരും. മമ്മൂട്ടി ആഹാരകാര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കുന്ന ആളല്ലേ?'
പക്ഷേ, മമ്മൂട്ടി സമ്മതിച്ചില്ല.

ചെമ്പിലും ഇടക്കൊച്ചിയിലുമൊക്കെയുള്ള ചെറിയ കടകളില്‍ നിന്ന് ഒരുപാടുതവണ ഇറച്ചിയും പൊറോട്ടയും കഴിച്ചിട്ടുണ്ടെന്നു പറഞ്ഞു അദ്ദേഹം. അതൊക്കെ സിനിമയിലെത്തുന്നതിനു മുമ്പായിരുന്നുവെന്നുമാത്രം.
'ഇമേജല്ലേ മാറിയുള്ളൂ. ഞാന്‍ ഞാന്‍ തന്നെയല്ലേ; ആ കടയിലെ കറിയും പൊറോട്ടയുമൊക്കെ മമ്മൂട്ടി ആസ്വദിച്ചു കഴിച്ചു. അതിന്റെ എരിവും പുളിയും ചേര്‍ന്നാലേ നത്തു നാരായണനാവൂ എന്ന് നിര്‍ബന്ധം പിടിച്ചു.

കനല്‍ക്കാറ്റ് കാണുമ്പോള്‍ ഇപ്പോഴും ഞാന്‍ ശ്രദ്ധിക്കാറുണ്ട്, എത്ര സ്വാഭാവികമായാണ് മമ്മൂട്ടി ആ രംഗം അവിസ്മരണീയമാക്കിയതെന്ന്.
മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല, സിനിമയില്‍ വളരെക്കാലം സജീവമായി നില്‍ക്കുന്നവരെല്ലാം ഈ കലയെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നവരാണ്.
ഒരു സുപ്രഭാതം കൊണ്ട് ഒരാളെ 'നക്ഷത്ര'മാക്കുന്ന മായാലോകമാണ് സിനിമ. അതിന്റെ വെള്ളിവെളിച്ചത്തില്‍ സ്വയം മറന്നുപോകുന്നവരാണ് പെട്ടെന്ന് പൊലിഞ്ഞ് ഇല്ലാതാവുന്നത്. മമ്മൂട്ടി പറയാറുള്ള ഒരു വാചകം ഞാന്‍ പലരേയും ഓര്‍മിപ്പിക്കാറുണ്ട്.
'സിനിമയ്ക്ക് നമ്മളെ ആരേയും വേണ്ട.

നമുക്കാണ് സിനിമ വേണ്ടത്.'
ജഗതി ശ്രീകുമാറില്ലാതെ മലയാളസിനിമ സ്പന്ദിക്കില്ലെന്ന് വിചാരിച്ചിരുന്ന നാളുകളിലാണ് ഒരൊറ്റ നിമിഷംകൊണ്ട് ആ സ്വിച്ച് ഓഫായിപ്പോയത്. സജീവ സിനിമയിലേക്ക് ജഗതി തിരിച്ചുവരണേ എന്ന് നമ്മളെല്ലാം ആത്മാര്‍ഥമായി പ്രാര്‍ഥിക്കുമ്പോഴും, സിനിമ സിനിമയുടെ വഴിക്ക് പോകുന്നത് കാണാതിരുന്നുകൂടാ.
എന്റെ ചിന്തകള്‍ക്ക് വിരാമമിട്ടുകൊണ്ട് പനമ്പിള്ളി നഗറിലെ പാതയില്‍ മോഹന്‍ലാലിന്റെ കാര്‍ വന്നുനിന്നു.
ചന്ദനപ്പൊട്ടും കള്ളച്ചിരിയുമായി വിനീത് എന്‍. പിള്ള എന്ന കഥാപാത്രം എന്റെ മുന്നില്‍. ഗോപാലകൃഷ്ണപ്പണിക്കരായി ലാല്‍ അഭിനയിച്ചത് ഇന്നലെയായിരുന്നു എന്ന് തോന്നിപ്പോയി.
'തുടങ്ങാം.'
ഞങ്ങള്‍ ആരംഭിച്ചു.
മലയാളികള്‍ക്ക് മനസ്സുനിറഞ്ഞ് ആസ്വദിക്കാവുന്ന മറ്റൊരു നല്ല സിനിമ.