-
എ എം രാജയുടെ ജന്മവാർഷികം...
-------------------------------
താഴംപൂമണമുള്ള പാട്ടുകൾ
-----------------------
നൊമ്പരമുണർത്തുന്ന നാദം. ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടുപോയ ഒരു പാവം മനുഷ്യന്റെ വ്യഥകളും വിഹ്വലതകളും ഉണ്ടതിൽ. ഒരു പാട് അസ്വസ്ഥതകൾ ഉള്ളിലൊതുക്കി, പ്രശാന്തമായി ഒഴുകുന്ന നദിയെ ഓർമ്മിപ്പിക്കുന്ന ആലാപനം. എ എം രാജയെ കുറിച്ച് ഓർക്കുമ്പോഴെല്ലാം വയലാർ - ദേവരാജൻ ടീമിന് വേണ്ടി അദ്ദേഹം തന്നെ പാടി അനശ്വരമാക്കിയ പഴയൊരു പാട്ടിന്റെ ഈരടികളാണ് മനസ്സിൽ വന്നു നിറയുക: ``തീർത്ഥയാത്രകൾ പോയാലും, ചെന്ന് തീരങ്ങളോട് പറഞ്ഞാലും, കരുണയില്ലാത്തൊരീ ലോകത്തിലാരും തിരിഞ്ഞുനോക്കുകയില്ലല്ലോ...''. അറം പറ്റിയോ ആ വരികൾക്ക്?
ജീവിതത്തെ പോലെ മരണവും ആ മഹാകലാകാരനോട് കരുണ കാട്ടിയില്ല. ദാരുണമായിരുന്നു രാജയുടെ വിടവാങ്ങൽ . കന്യാകുമാരി ജില്ലയിലെ കുറ്റാലുമൂട് ഭദ്രേശ്വരി അമ്മൻ കോവിലിൽ ഗാനമേള നടത്താൻ സ്വന്തം ട്രൂപ്പിനോപ്പം ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു രാജ. വഴിക്ക്, വണ്ടി വള്ളിയൂർ സ്റ്റേഷനിൽ നിർത്തിയിട്ടപ്പോൾ ഒപ്പമുള്ള ഒരാളെ തിരഞ്ഞു അദ്ദേഹം പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയതാണ്. തിരിച്ചെത്തിയപ്പോഴേക്കും ട്രെയിൻ പുറപ്പെട്ടിരുന്നു. പരിഭ്രമത്തോടെ ഓടുന്ന വണ്ടിയിൽ പിടിച്ചു കയറാനുള്ള ശ്രമത്തിൽ കൈവഴുതി രാജ പ്ലാറ്റ്ഫോമിനും വണ്ടിക്കും ഇടയിലൂടെ റെയിൽപ്പാളത്തിലേക്ക് ഊർന്നുവീഴുന്നു. ക്രൂരമായ അന്ത്യം.
1989 ഏപ്രിൽ ഏഴിനായിരുന്നു തെന്നിന്ത്യൻ സംഗീതലോകത്തെ നടുക്കിയ ആ ദുരന്തം. അതിനു കഷ്ടിച്ച് 24 മണിക്കൂർ മാത്രം മുൻപാണ് ഗായകൻ ഉദയഭാനുവിന് രാജയുടെ ഒരു കത്ത് കിട്ടുന്നത്. ``രണ്ടു ദിവസത്തിനകം ഞാൻ തിരുവനന്തപുരത്തെത്തും -ദൂരദർശനിലും ആകാശവാണിയിലും ലളിതഗാനങ്ങൾ അവതരിപ്പിക്കാൻ വേണ്ടി. എത്രയോ കാലമായുള്ള ആഗ്രഹമാണ് . എല്ലാ സഹായവും വേണം. ബാക്കി കാര്യങ്ങൾ നേരിട്ട് കാണുമ്പോൾ ...'' വടിവൊത്ത കൈപ്പടയിൽ ഇംഗ്ലീഷിൽ എഴുതിയ ആ കത്ത് വർഷങ്ങളോളം സൂക്ഷിച്ചുവച്ചിരുന്നു ഉദയഭാനു.
പക്ഷെ, ആ ആഗ്രഹം നടന്നില്ല. ``കത്ത് കിട്ടിയതിന്റെ പിറ്റേന്ന് കാലത്ത് രാജയുടെ മരണവാർത്ത പത്രത്തിൽ വായിച്ചപ്പോൾ ഞെട്ടിപ്പോയി. വിശ്വസിക്കാനായില്ല. പൊതുവേ ആരോടും ഉള്ളു തുറന്നു സംസാരിക്കുന്ന ശീലമില്ലാത്ത രാജയുടെ അപൂർവ്വം സുഹൃത്തുക്കളിൽ ഒരാളായിരുന്നു ഞാൻ.''-- ഉദയഭാനു പറയുന്നു.
രാജയെ ഉദയഭാനു ആദ്യം കാണുന്നത് 1960 ലാണ്; ഉദയായുടെ `ഉമ്മ' എന്ന പടത്തിന്റെ റെക്കോർഡിംഗ് വേളയിൽ. ``സിനിമയിൽ പാടാൻ വേണ്ടിയാണ് സംഗീത സംവിധായകൻ ബാബുരാജ് എന്നെ മദ്രാസിലേക്ക് കൂട്ടിക്കൊണ്ടു പോയത്. നാട്ടിൽ വച്ചുതന്നെ `ഉമ്മ'യിലെ പാട്ടുകൾ പാടി പഠിപ്പിച്ചിരുന്നു. പക്ഷെ മദ്രാസിലെത്തിയപ്പോൾ എല്ലാ പ്ലാനും തകിടം മറിഞ്ഞു. പാട്ടുകൾ എഎം രാജ പാടണം എന്ന് കുഞ്ചാക്കോ. ബാബുരാജ് ധർമ്മസങ്കടത്തിലായി. കുഞ്ചാക്കോയോട് ആരും മറുത്തു പറയുന്ന പതിവില്ല അന്ന്. മനസ്സില്ലാമനസ്സോടെ ബാബു വഴങ്ങുന്നു. പാടാൻ മോഹിച്ച രണ്ടു പാട്ടുകളും രാജയെ ഒടുവിൽ ഞാൻ തന്നെ പാടി പഠിപ്പിക്കേണ്ടിവന്നു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം-പാലാണ് തേനാണെൻ ഖൽബിലെ പൈങ്കിളിക്ക്, എൻ കണ്ണിന്റെ കടവിലടുത്താൽ... ''
മറ്റാർക്കായിരുന്നെങ്കിലും കടുത്ത രോഷവും അസൂയയും തോന്നിയേക്കാവുന്ന സന്ദർഭം. പക്ഷെ, ഉദയഭാനുവും രാജയും മനസ്സുകൊണ്ട് അടുത്തത് അതിനു ശേഷമാണ് . ``ചെന്നൈയിൽ ചെല്ലുമ്പോഴെല്ലാം ഞാൻ രാജയുടെ വീട്ടിൽ പോകും. മിതഭാഷിയാണ്. അപരിചിതരെ മാത്രമല്ല അടുപ്പമുള്ളവരെയും സംശയത്തോടെ വീക്ഷിക്കുന്ന പ്രകൃതം. എങ്കിലും ഉള്ളിന്റെയുള്ളിൽ രാജ പാവമായിരുന്നു. സംഗീതം മാത്രം ശ്വസിച്ച മനുഷ്യൻ..''
ഏകാന്തസുന്ദരമായ ഒരു ലോകം സ്വയം സൃഷ്ടിച്ച് അതിന്റെ അതിരുകൾക്കുള്ളിലേക്ക് നിശബ്ദമായി ഉൾവലിയുമ്പോഴും, സ്വന്തം സംഗീതത്തിന്റെ ശക്തി തിരിച്ചറിഞ്ഞിരുന്നു രാജ. ഘണ്ടശാലയും ടിഎം സൗന്ദരരാജനും പിബി ശ്രീനിവാസും യേശുദാസും ഒക്കെ ജ്വലിച്ചുനിന്ന തെന്നിന്ത്യൻ സംഗീതലോകത്ത് തന്റേതായ മേൽവിലാസം ഉണ്ടാക്കാൻ രാജയ്ക്ക് കഴിഞ്ഞതും അതുകൊണ്ട് തന്നെ. തമിഴന് ആ ശബ്ദം ``തേൻനിലവാ''യിരുന്നു; ആത്മാവിലേക്ക് മധുകണമായി പെയ്തിറങ്ങുന്ന ആലാപനം. നമ്മൾ മലയാളികൾ ആ നാദത്തിലെ വിഷാദഭാവത്തെയാണ് കൂടുതൽ പ്രണയിച്ചതെന്നു തോന്നിയിട്ടുണ്ട്.
മലയാളത്തിൽ രാജ പാടിയ കാൽപനികഗാനങ്ങൾക്ക് പോലും ഉണ്ടായിരുന്നില്ലേ മധുരമുള്ള ഒരു വിഷാദസ്പർശം? ദേവതാരു പൂത്ത നാളൊരു (മണവാട്ടി). കണ്മണി നീയെൻ കരം പിടിച്ചാൽ , കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തെ (കുപ്പിവള), കുങ്കുമച്ചാറുമണിഞ്ഞു പുലർകാലമങ്ക (കിടപ്പാടം), കാട്ടുചെമ്പകം പൂത്തുലയുമ്പോൾ (വെളുത്ത കത്രീന), അന്ന് നിന്നെ കണ്ടതിൽ പിന്നെ (സുശീലയോടൊപ്പം ഉണ്ണിയാർച്ച ), ആകാശഗംഗയുടെ കരയിൽ (ഓമനക്കുട്ടൻ), മാനസേശ്വരീ മാപ്പ് തരൂ, താഴമ്പൂ മണമുള്ള (അടിമകൾ), മയിൽപ്പീലി കണ്ണ് കൊണ്ട് (കസവ് തട്ടം), ചന്ദ്രികയിൽ അലിയുന്ന (ഭാര്യമാർ സൂക്ഷിക്കുക), സ്നേഹത്തിൽ വിരിയുന്ന പൂവേതു പൂവ് (ബല്ലാത്ത പഹയൻ), പട്ടും വളയും പാദസരവും (അമ്മ എന്ന സ്ത്രീ)....
Content Highlights : AM Rajah Music director and singer birth anniversary ravi menon paattuvazhiyorathu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..