Sukumaran
സുകുമാരന്റെ ഓർമ്മദിനം ഇന്ന് (ജൂൺ 16)
പൊതുവെ ഗാനരംഗങ്ങളിൽ അഭിനയിക്കാൻ മടിയാണ് സുകുമാരന്. പാട്ടിനൊത്ത് ചുണ്ടനക്കുന്ന ഏർപ്പാടെങ്കിൽ പറയുകയും വേണ്ട. ``അതിന്റെയൊക്കെ ആവശ്യമുണ്ടോ ആശാനേ? സിനിമയുടെ ഗൗരവസ്വഭാവം അപ്പടി ചോർന്നു പോവില്ലേ? മാത്രമല്ല അത്തരം കൃത്രിമമായ ഏർപ്പാടുകൾക്കൊന്നും വഴങ്ങുന്ന ശരീരപ്രകൃതിയുമല്ല എന്റേത്..'' -- അദ്ദേഹം പറയും. എങ്കിലും മലയാളസിനിമയിലെ എക്കാലത്തെയും മികച്ച ചില ഗാനങ്ങൾ വെള്ളിത്തിരയിൽ അനശ്വരമാക്കാനുള്ള നിയോഗം സുകുമാരനായിരുന്നു. ചുണ്ടനക്കിയും അല്ലാതെയും.
ഏറ്റവും ഉദാത്തമായ ഉദാഹരണം ഉത്തരായണത്തിലെ ``ഹൃദയത്തിൻ രോമാഞ്ചം'' തന്നെ. ജി കുമാരപിള്ള എഴുതി രാഘവൻ മാസ്റ്റർ ചിട്ടപ്പെടുത്തി യേശുദാസ് പാടിയ ഈ ക്ലാസിക്ക് ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഡോ മോഹൻദാസിനൊപ്പം സുകുമാരന്റെ സാന്നിധ്യവുമുണ്ട്. സിനിമയിൽ അദ്ദേഹം ആദ്യമായി പ്രത്യക്ഷപ്പെട്ട ഗാനരംഗങ്ങളിൽ ഒന്ന്. ``എന്റെ സിനിമാജീവിതത്തിലെ തന്നെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിൽ ഒന്നായിരുന്നു ആ പാട്ട്.''-- സുകുവേട്ടൻ പറയും.
ആദ്യചിത്രമായ ``ഉത്തരായണം'' എടുക്കുമ്പോൾ അതിൽ പിന്നണി ഗാനം ഉണ്ടാവരുത് എന്ന് മനസ്സുകൊണ്ട് തീരുമാനിച്ചയാളാണ് അരവിന്ദൻ. കഥാ സന്ദർഭത്തിന് ഇണങ്ങും വിധം രണ്ടുമൂന്ന് നാടൻ പാട്ടിന്റെ ശകലങ്ങളും ഒരു കവിതയും ആവാം എന്ന് മാത്രം. പക്ഷേ യേശുദാസിന്റെ ``ഹൃദയത്തിൻ രോമാഞ്ചം'' എന്ന പാട്ട് ഒഴിച്ചുനിർത്തി നമുക്കെങ്ങനെ ` `ഉത്തരായണ'' ത്തെ കുറിച്ച് ചിന്തിക്കാനാകും? മലയാളസിനിമയിലെ ഉദാത്തമായ കാവ്യഗീതികളുടെ കൂട്ടത്തിലാണ് ആ പാട്ടിന്റെ സ്ഥാനം.
കോഴിക്കോട്ടെ പഴയ രത്നഗിരി ഹോട്ടലിൽ ഇരുന്ന് അത് ചിട്ടപ്പെടുത്തിയ കഥ സംഗീത സംവിധായകൻ രാഘവൻ മാസ്റ്റർ വിവരിച്ചു കേട്ടിട്ടുണ്ട്. `` ശരത്ചന്ദ്ര മറാട്ടെയിൽ നിന്ന് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചയാളാണ് അരവിന്ദൻ. സിനിമയുടെ സകല വശങ്ങളെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാടും കൃത്യമായ നിലപാടുകളും ഉള്ള ആൾ. ഹൃദയത്തിൻ രോമാഞ്ചം ചിട്ടപ്പെടുത്തുമ്പോൾ ഒന്നുരണ്ടു ഉപാധികൾ ഉണ്ടായിരുന്നു അദ്ദേഹത്തിന്. അധികം ആർഭാടം വേണ്ട. പശ്ചാത്തലത്തിൽ ഏറ്റവും ചുരുങ്ങിയ ഉപകരണങ്ങൾ മതി. ഇഷ്ടരാഗമായ ശുഭപന്തുവരാളിയിൽ വേണം അത് സ്വരപ്പെടുത്താൻ. കഴിയുന്നത്ര ഒതുക്കം പാലിച്ചുകൊണ്ടു തന്നെ അതൊരു നല്ല പാട്ടാക്കാൻ കഴിഞ്ഞു എന്നാണെന്റെ വിശ്വാസം.''
ഇനിയുള്ള കഥ, `ഉത്തരായണ'' ത്തിലെ ഗാനസൃഷ്ടിയുടെ എല്ലാ ഘട്ടങ്ങളിലും സജീവമായി അരവിന്ദന് ഒപ്പമുണ്ടായിരുന്ന സ്റ്റിൽ ഫോട്ടോഗ്രാഫർ എൻ എൽ ബാലകൃഷ്ണന്റെ വാക്കുകളിൽ: ``രാഘവൻ മാഷ് കവിത ഈണമിട്ട് പാടിക്കേൾപ്പിച്ചപ്പോൾ നിശബ്ദനായി അത് കേട്ടിരുന്നു അരവിന്ദൻ. എന്നിട്ട് വളരെ പതുക്കെ പറഞ്ഞു: `നന്നായിട്ടുണ്ട്. ഇത് മാഷ് തന്നെ പാടിയാൽ മതി.'' ഞാൻ ഉൾപ്പെടെ അവിടെ ഇരുന്നവർ എല്ലാം അതേ അഭിപ്രായക്കാരായിരുന്നു. അത്രയും വിഷാദമധുരമായാണ് മാഷ് പാടിയത്. ഒരു പുഴയിങ്ങനെ ഒഴുകിപ്പോകും പോലെ. പക്ഷേ സ്വന്തം ശബ്ദത്തിൽ അത് റെക്കോർഡ് ചെയ്യാൻ മാഷിന് വൈമനസ്യം. യേശുദാസിനെ മനസ്സിൽ കണ്ടാണ് താൻ ആ കവിത ചിട്ടപ്പെടുത്തിയത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഒന്നുകൂടി പറഞ്ഞു അദ്ദേഹം: ഞാൻ പാടിയാൽ നിങ്ങൾക്കോ ഈ സിനിമയ്ക്കോ അതുകൊണ്ട് കാര്യമായ മെച്ചമൊന്നും ഉണ്ടാവില്ല. യേശുദാസ് പാടിയാൽ എളുപ്പം ശ്രദ്ധിക്കപ്പെടും. നിങ്ങൾക്ക് അതുകൊണ്ടു ഗുണമുണ്ടാകും..'' പാതിമനസ്സോടെ ആണെങ്കിലും രാഘവൻ മാസ്റ്ററുടെ നിലപാടിന് വഴങ്ങുകയായിരുന്നു അരവിന്ദൻ. മലയാളത്തിലെ ഏറ്റവും ഹൃദയസ്പർശിയായ വിഷാദഗീതമായി ``ഹൃദയത്തിൻ രോമാഞ്ചം'' മാറിയത് പിൽക്കാല ചരിത്രം.
പിന്തുടർന്നു വന്ന സിനിമകളിൽ പലതിലും (തമ്പ്, കുമ്മാട്ടി) ഫോക്ക് സംഗീതത്തിന്റെ സാദ്ധ്യതകൾ അരവിന്ദൻ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. `പോക്കുവെയി'ലിൽ കവിതയുടെയും. എങ്കിലും ``ഹൃദയത്തിൻ രോമാഞ്ചം'' അരവിന്ദൻ സിനിമകളുടെ മുദ്രാഗീതമായിത്തന്നെ ഇന്നും നിലനിൽക്കുന്നു. പല വേദികളിലും അരവിന്ദൻ തന്നെ ഈ ഗാനം പാടിക്കേട്ടിട്ടുണ്ട്. ആത്മവിസ്മൃതിയുടെ തലത്തിലേക്കുയരുന്ന ആലാപനം. രാഘവൻ മാഷിന്റെയോ യേശുദാസിൻെറയോ അല്ല, അരവിന്ദന്റെ മാത്രമാണ് ``ഹൃദയത്തിൻ രോമാഞ്ചം'' എന്ന് തോന്നിപ്പോകും അപ്പോൾ.
പക്ഷേ, 1997 ജൂൺ 16 ന്, നാല്പത്തൊമ്പതാം വയസ്സിൽ വിടപറഞ്ഞ സുകുമാരനെ മലയാളി ഓർക്കുക ഈ ഗാനരംഗങ്ങളിലൂടെയല്ല; വെള്ളിത്തിരയിൽ അദ്ദേഹം പകർന്നാടിയ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയാണ്...


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..