'ഷോലെ'യിലെ വിറകുകച്ചവടക്കാരൻ സൂർമാ ഭോപ്പാലിയെ എങ്ങനെ മറക്കാൻ?


ചിരിച്ചും ചിരിപ്പിച്ചും അഭിനയം ആഘോഷമാക്കുന്ന ജഗ്‌ദീപിനെയാണ് വെള്ളിത്തിരയിൽ നമുക്ക് കണ്ടു ശീലം. പക്ഷേ എന്റെ ഓർമ്മയിലെ ജഗ്‌ദീപിന് കരയുന്ന മുഖമാണ്.

-

സൂർമാ ഭോപ്പാലിക്ക് ആദരാഞ്ജലികൾ
---------------
റഫിയുടെ ``ചൽ ഉഡ് ജാ രേ പൻഛി.....''
------------------------
``ഷോലെ''യിലെ വിറകുകച്ചവടക്കാരൻ സൂർമാ ഭോപ്പാലിയെ എങ്ങനെ മറക്കാൻ? ധർമ്മേന്ദ്രയുടെ വീരുവിനെയും അമിതാഭിന്റെ ജയ് യേയും പൊലീസിന് പിടിച്ചുകൊടുത്ത് ചുളുവിൽ രണ്ടായിരം രൂപാ ഇനാം കൈപ്പറ്റുന്ന മിടുക്കനെ?

ചിരിച്ചും ചിരിപ്പിച്ചും അഭിനയം ആഘോഷമാക്കുന്ന ജഗ്ദീപിനെയാണ് വെള്ളിത്തിരയിൽ നമുക്ക് കണ്ടു ശീലം. പക്ഷേ എന്റെ ഓർമ്മയിലെ ജഗ്ദീപിന് കരയുന്ന മുഖമാണ്. മുഹമ്മദ് റഫിയുടെ ```ചൽ ഉഡ് ജാ രേ പൻഛി'' എന്ന അനശ്വര വിഷാദഗാനത്തിന്റെ പശ്ചാത്തലത്തിൽ, പ്രണയിനിയായ നന്ദയെ സ്വന്തം വീട്ടിൽ നിന്ന് വേദനയോടെ യാത്രയാക്കുന്ന ``ഭാഭി'' (1957) യിലെ ബൽദേവിന്റെ മുഖം. അതേ സിനിമയിലെ റഫിയും ലതയും പാടിയ ``ചലി ചലി രേ പതംഗ് മേരെ ചലീരെ'' എന്ന യുഗ്മഗാനം നന്ദയ്ക്കൊപ്പം പാടി അഭിനയിക്കുന്നതും ജഗ്ദീപ് തന്നെ. രണ്ടും ഏറെ പ്രിയപ്പെട്ട പാട്ടുകൾ. സംഗീത സംവിധായകൻ ചിത്രഗുപ്തയുടെ ഉദാത്ത സൃഷ്ടികൾ.

റഫി സാഹിബിന്റെ വേറെയും മനോഹര ഗാനങ്ങൾ വെള്ളിത്തിരയിൽ പാടി അഭിനയിക്കാൻ ഭാഗ്യമുണ്ടായി ജഗ്ദീപിന്. ``പുനർമിലനി''ലെ പാസ് ബൈട്ടോ തഭീയത്ത് ബഹൽ ജായേഗി, ഇൻ പ്യാർ കി രാഹോം മേ എന്നീ പാട്ടുകൾ ഓർക്കുക. സി അർജ്ജുൻ എന്ന നിർഭാഗ്യവാനായ സംഗീത സംവിധായകന്റെ എക്കാലത്തെയും മികച്ച സൃഷ്ടികൾ

``മൂന്ന് വ്യത്യസ്ത ശബ്ദങ്ങളിൽ എനിക്കു വേണ്ടി പാടിയിട്ടുണ്ട് റഫി സാഹിബ്.'' -- വിവിധ് ഭാരതിക്ക് നൽകിയ ഒരു അഭിമുഖത്തിൽ ജഗ്ദീപ് പറഞ്ഞു. ``ഹം പൻഛി ഏക് ഡാൽ കേ എന്ന ഗാനത്തിൽ കൗമാരശബ്ദം, ``ചലി ചലി രേ പതംഗ്'' എന്ന ഗാനത്തിൽ യൗവനശബ്ദം. അതു കഴിഞ്ഞ് പുനർമിലനിൽ റഫിയുടെ ശബ്ദം കടമെടുക്കുമ്പോഴേക്കും ഞാൻ ഒരു നായകനായിക്കഴിഞ്ഞിരുന്നു. കുറച്ചുകൂടി ഭാവഗംഭീരമായ ശബ്ദത്തിലാണ് അദ്ദേഹം എനിക്ക് വേണ്ടി പാടിയത്..''

ഷോലെയിലെ കഥാപാത്രത്തിന്റെ ജനപ്രീതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പിൽക്കാലത്ത് ``സൂർമാ ഭോപ്പാലി'' എന്നൊരു സിനിമ സംവിധാനം ചെയ്തപ്പോൾ അതിൽ റഫി സാഹിബിന്റെ പാട്ട് വേണമെന്ന് ജഗ്ദീപ് നിർബന്ധം പിടിച്ചത് സ്വാഭാവികം. റഫി സിനിമക്ക് വേണ്ടി പാടിയ അവസാന ഗാനങ്ങളിൽ ഒന്നായിരുന്നു അത് -- ``മക്മൽ ഹോ യാ താക് കാ പർദാ''. പാട്ട് റെക്കോർഡ് ചെയ്തത് 1980 ലാണെങ്കിലും പടം പുറത്തിറങ്ങിയത് റഫി വിടപറഞ്ഞു എട്ട് വർഷത്തിന് ശേഷം. കോറസിൽ ജഗ്ദീപും ഉണ്ടായിരുന്നു പാട്ടുകാരനായി. സിനിമയിൽ ഈ ഗാനം പാടി അഭിനയിച്ചത് ഡാനി ആണെന്ന പ്രത്യേകത കൂടിയുണ്ട്.

സയദ് ഇഷ്തിയാഖ് അഹ്മദ് ജാഫ്രി. അതാണ് ജഗ്ദീപിന്റെ യഥാർത്ഥ പേര്. കുട്ടിത്താരമായി തുടങ്ങി സ്വഭാവനടനായി വളർന്ന് ഒടുവിൽ മുഴുനീള ഹാസ്യനടനായി ഖ്യാതി നേടിയ ചരിത്രമാണ് ജഗ്ദീപിന്റേത്. മകൻ ജാവേദ് ജാഫ്രി ബോളിവുഡിലെ അറിയപ്പെടുന്ന നടനും ശബ്ദകലാകാരനും. ഷോലെയിലെ സൂർമാ ഭോപ്പാലി എന്ന കഥാപാത്രമാണ് സിനിമയിൽ തനിക്ക് ആയുസ്സ് നീട്ടിത്തന്നതെന്ന് പറയാറുണ്ട് ജഗ്ദീപ്. ആ കഥാപാത്രത്തിന്റെ വിജയത്തിന് പിന്നിലുമുണ്ട് ജഗ്ദീപിന്റെ മാന്ത്രിക സ്പർശം.

`` സൂർമാ'' എന്ന പേര് തന്നെ ജഗ്ദീപിന്റെ സംഭാവനയായിരുന്നു. നാട്ടിൽ തനിക്ക് പരിചയമുള്ള ഒരു ഫോറസ്റ്റ് ഓഫീസറുടെ പേര് കഥാപാത്രത്തിന് ഇട്ടാൽ നന്നായിരിക്കുമെന്ന് സംവിധായകൻ രമേഷ് സിപ്പിയോട് നിർദ്ദേശിച്ചത് ജഗ്ദീപാണ്. പടവും സൂർമയും സൂപ്പർ ഹിറ്റായപ്പോൾ ഒരു പ്രശ്നം. ഒറിജിനൽ ഫോറസ്റ്റ് ഓഫീസർക്ക് നാട്ടിൽ പൊറുക്കാൻ വയ്യാത്ത അവസ്ഥ. എല്ലാവരും തന്നെ കള്ളൻ, വിറകുവെട്ടുകാരൻ എന്നൊക്കെ വിളിച്ച് അപമാനിക്കുന്നു എന്നായിരുന്നു അയാളുടെ പരാതി. ശല്യം സഹിക്കാതെ ഷോലെയുടെ തിരക്കഥാകൃത്തുക്കളായ സലിം -- ജാവേദിനും സിപ്പിക്കും നോട്ടീസയക്കുക വരെ ചെയ്തു അയാൾ. കേസ് ഒതുങ്ങിപ്പോയെയെങ്കിലും പാവം സൂർമയുടെ ഗതികേട് ഒതുങ്ങിയോ എന്ന് ആർക്കറിയാം?

ജഗ്ദീപ് എൺപത്തൊന്നാം വയസ്സിൽ യാത്രയാകുമ്പോൾ, സൂർമ ഭോപ്പാലി എന്ന രസികൻ കഥാപാത്രത്തോടൊപ്പം റഫിയുടെ കുറെ അനശ്വര ഗാനങ്ങളും ഓർമ്മയിൽ വന്നു നിറയുന്നു. വിട, ബോളിവുഡിലെ ഒരു ചിരിയുഗത്തിന്. ``ചൽ ഉഡ് ജാ രേ പൻഛി കേ അബ് യേ ദേശ് ഹുവാ ബേഗാനാ..'' പറന്നകന്നുകൊള്ളൂ പക്ഷീ, നിന്റെ ദേശം അന്യമായിക്കഴിഞ്ഞു......

-- രവിമേനോൻ

Content highlights : Actor Jagdeep SholaySoorma bhopali Rafi Ravi menon Paattuvazhiyorathu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section
Most Commented