ഗിരീഷ് പുത്തഞ്ചേരിയും വിദ്യാസാഗറും
പ്രിയപ്പെട്ട ഗിരീഷ് പുത്തഞ്ചേരിയുടെ ആര്‍ദ്രമായ ഓര്‍മ്മ കൂടിയാണ് ``ആരോ കമഴ്ത്തിവെച്ചൊരോട്ടുരുളി പോലെ ആകാശത്താവണിത്തിങ്കള്‍'' എന്ന പാട്ട്. എനിക്ക് മാത്രമല്ല വിദ്യാസാഗറിനും. ഗിരീഷിന്റെ ജീവിതം കൂടിയുണ്ട് ആ പാട്ടില്‍. ഈ ഓണനാളില്‍ ആ സുന്ദര ഗാനത്തിലേക്ക് ഒരു യാത്ര
കവി കൂടിയാണ് വിദ്യാസാഗര്‍. തമിഴില്‍ ആശയസമ്പുഷ്ടമായ നിരവധി കവിതകളെഴുതിയ സര്‍ഗ്ഗധനന്‍. നല്ലൊരു കവിത വായിച്ചാല്‍ ഇന്നും വിദ്യയുടെ ഹൃദയം തുടിക്കും. മനസ്സ് ആര്‍ദ്രമാകും; ആവേശഭരിതമാകും.
ഗിരീഷ് പുത്തഞ്ചേരി എഴുതി അയച്ചുകൊടുത്ത ''ആരോ കമഴ്ത്തിവെച്ചൊരോട്ടുരുളി പോലെ ആകാശത്താവണിത്തിങ്കള്‍'' എന്ന പാട്ട് ആദ്യമായി വായിച്ചുകേട്ടപ്പോഴുമുണ്ടായി അതേ അനുഭൂതി. ചരണത്തിലെ വരികള്‍ വല്ലാതെ മനസ്സിനെ നോവിച്ചെന്ന് വിദ്യ. ``ഉണ്ണിക്കാലടികള്‍ പിച്ച നടന്നൊരീ മണ്ണിനെ ഞാനിന്നും സ്‌നേഹിക്കുന്നൂ, ആര്‍ദ്രമാം ചന്ദനത്തടിയില്‍ എരിഞ്ഞൊരെന്‍ അച്ഛന്റെയോര്‍മ്മയെ സ്‌നേഹിക്കുന്നു, അരത്തുടം കണ്ണീരാല്‍ അത്താഴം വിളമ്പിയോരമ്മ തന്‍ ഓര്‍മ്മയെ സ്‌നേഹിക്കുന്നൂ'' എന്ന ഭാഗം വായിച്ചപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞു. എന്റെ അച്ഛനേയും അമ്മയെയുമൊക്കെ ഓര്‍ത്തുപോയി അപ്പോള്‍...
പാട്ടിന്റെ വരികള്‍ വായിച്ചുകേട്ടതിന്റെ ആവേശത്തില്‍ ഉടന്‍ ഗിരീഷിനെ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍, ഫോണിന്റെ മറുതലയ്ക്കല്‍ അര്‍ത്ഥഗര്‍ഭമായ മൗനം. ``അതെന്റെ കഥ തന്നെയാണ് വിദ്യാജി.'' മൗനത്തിനൊടുവില്‍ ഗിരീഷ് പതുക്കെ പറഞ്ഞു. ``എന്റെ ബാല്യത്തിന്റെ ആര്‍ദ്രമായ ഓര്‍മ്മകള്‍. ഓണത്തെക്കുറിച്ചെഴുതുന്നതില്‍ എല്ലാം ആഹ്ലാദവും ആഘോഷവും വന്നു നിറയണം എന്നില്ലല്ലോ. ചിലപ്പോള്‍ വ്യക്തിപരമായ നമ്മുടെ ദുഃഖാനുഭവങ്ങളും നഷ്ടബോധവും ഒക്കെ അതില്‍ കലര്‍ന്നുപോയേക്കാം. ക്ഷമിക്കുക..'' അത്ഭുതം തോന്നി വിദ്യാസാഗറിന്. ഇത്രയും മനോഹരമായ, ഹൃദയസ്പര്‍ശിയായ ഒരു ഓണപ്പാട്ട് എഴുതിയതിന്റെ പേരില്‍ ക്ഷമാപണം എന്തിന്? ആ ഗാനം അതിന്റെ ആത്മാവിന് പോറലേല്പിക്കാതെ എങ്ങനെ സ്വരപ്പെടുത്തും എന്നതിനെ കുറിച്ചായിരുന്നു ആ നിമിഷങ്ങളില്‍ തന്റെ ഒരേയൊരു ചിന്ത എന്ന് വിദ്യ.
തരംഗിണിയുടെ തിരുവോണക്കൈനീട്ടം (1998) എന്ന ആല്‍ബത്തിന് വേണ്ടി വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ എഴുതിത്തീര്‍ത്ത ആ ഗാനത്തെ കുറിച്ച് പിന്നീടൊരു നാള്‍ കോഴിക്കോട്ടെ മുല്ലശ്ശേരി രാജുവിന്റെ ``ദര്‍ബാറി''ല്‍ ഇരുന്ന് ഗിരീഷ് വാചാലനായത് ഓര്‍മ്മയുണ്ട്. ``പാട്ട് എഴുതിത്തീര്‍ന്ന ശേഷം അതങ്ങ് മറന്നുകളയുകയാണ് എന്റെ രീതി. പിന്നീടത് ഏറ്റെടുക്കേണ്ടതും തള്ളിക്കളയേണ്ടതുമൊക്കെ ജനങ്ങളാണല്ലോ. പക്ഷേ ആരോ കമഴ്ത്തിവെച്ചൊരോട്ടുരുളി പോലെ എന്ന പാട്ട് എഴുതി ഒരാവര്‍ത്തി വായിച്ചപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു. അങ്ങനെയൊരു അനുഭവം അപൂര്‍വമായിരുന്നു. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് എഴുതിയ പാട്ടല്ല. എഴുതിപ്പോയതാണ്. തരംഗിണിയുടെ ഓണ ആല്‍ബങ്ങളില്‍ പൊതുവെ സന്തോഷാന്തരീക്ഷത്തിലുള്ള ഗാനങ്ങളെ കേട്ടിട്ടുള്ളൂ. ദുഖവും നിരാശാബോധവുമൊക്കെ അന്തര്‍ധാരയായി വരുന്ന ഒരു പാട്ട് അവര്‍ സ്വീകരിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. വരികള്‍ വായിച്ച ശേഷം വിദ്യാസാഗറും പാടി റെക്കോര്‍ഡ് ചെയ്ത ശേഷം ദാസേട്ടനും വിളിച്ചു അഭിനന്ദിച്ചപ്പോഴാണ് എനിക്ക് സമാധാനമായത്....''
കാലമേറെക്കഴിഞ്ഞിട്ടും യേശുദാസും സുജാതയും വെവ്വേറെ സോളോ ആയി പാടിയ ആ ഗാനം ഇന്നും മലയാളികളുടെ ഹൃദയത്തിലുണ്ട്; മധുരമുള്ള ഒരു നോവായി. ഒരു പക്ഷേ മലയാളത്തില്‍ കേട്ട എക്കാലത്തെയും മികച്ച, വ്യത്യസ്തമായ, ഓണപ്പാട്ടുകളില്‍ ഒന്ന്. ``ലിറിക് എന്ന വിഭാഗത്തിലാണ് സിനിമാപ്പാട്ടുകളും ലളിതഗാനങ്ങളും ഉള്‍പ്പെട്ടിരിക്കുന്നത്. തന്ത്രീലയ സമന്വിതമായ ഭാവഗീതങ്ങള്‍. സ്വച്ഛന്ദം ചിറകുവിരിച്ചു പറക്കാന്‍ ഗാനരചയിതാവിന് സ്വാതന്ത്ര്യം അനുവദിച്ചുകൊടുത്താല്‍ പല ഗാനങ്ങളും ലളിതമായ കവിതകളായിത്തീരാം. അതിനുദാഹരണങ്ങളായി ഗിരീഷിന്റെ പല രചനകളുമുണ്ട്. അവയിലൊന്നാണ് ആരോ കമഴ്ത്തിവെച്ചൊരോട്ടുരുളി പോലെ. കണ്ണീരില്‍ കുതിര്‍ന്ന ഒരു ഓണസ്മൃതിയാണത്.''- ഗിരീഷിന്റെ രചനകളെ എന്നും മതിപ്പോടെ മാത്രം കണ്ട ഒ എന്‍ വിയുടെ വാക്കുകള്‍.
കുട്ടിക്കാലത്തെ ഓണം നടുക്കത്തോടെയല്ലാതെ ഓര്‍ത്തെടുക്കാനാവില്ലെന്ന് പറഞ്ഞിട്ടുണ്ട് ഗിരീഷ്. ``ജീവിതത്തില്‍ ഞാന്‍ പൂ പറിച്ചിട്ടില്ല.''- ഗിരീഷ് ഒരിക്കല്‍ എഴുതി. ``കുട്ടിക്കാലത്ത് പൂ പറിക്കാനോ പൂപ്പാട്ട് പാടാനോ കഴിഞ്ഞില്ല. കോടി വാങ്ങിത്തരാന്‍ പോലും ആരുമുണ്ടായിരുന്നില്ല. ആഘോഷദിവസങ്ങളില്‍ അതിന്റെ മാറ്റും മണവും കണ്ട് ജീവിതത്തിലൊരിക്കലും ഓണം വരല്ലേയെന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട്. മനസ്സിന്റെ അടിത്തട്ടില്‍ നിന്നുണ്ടായ നൊമ്പരവും വേദനയുമായിരുന്നു അത്. ഓണമെല്ലാം കഴിഞ്ഞു പിറ്റേന്ന് നേരം വെളുത്ത് അച്ഛനും അച്ഛന്റെ മദ്യലഹരിയും മഹാബലിയെപ്പോലെ മടങ്ങിപ്പോകുമ്പോള്‍ വിശന്നൊട്ടിയ വയറുമായി അമ്മയും ഞങ്ങള്‍ മക്കളും വീടിനകത്തെ നിശ്ശബ്ദതയില്‍ എവിടെയെങ്കിലുമൊക്കെ ചുരുണ്ടിരിപ്പുണ്ടാകും. ഓണത്തിന്റെ പൂക്കളം കാലിന്റെ തുടയുടെ മുകളില്‍ അഞ്ചു വിരല്‍ അടയാളത്തില്‍ പതിഞ്ഞുകിടപ്പുണ്ടാകും. ഓര്‍ക്കുമ്പോള്‍ ഭീതി തോന്നുന്നൊരു ബാല്യമാണ് ഞാന്‍ പിന്നിട്ടത്; കൗമാരവും..''
ഓണത്തെക്കുറിച്ചുള്ള സാമ്പ്രദായിക അനുഭവങ്ങള്‍ എന്നും അമ്മയുടെ കണ്ണീരും സങ്കടവുമായിരുന്നു ഗിരീഷിന്. ``വര്‍ഷങ്ങള്‍ എത്രയോ പിന്നിട്ടു. ഇപ്പോള്‍ വലുതായി. ജോലി ചെയ്യാന്‍ തുടങ്ങി. മാംഗല്യം കഴിഞ്ഞു. കുട്ടികളുണ്ടായി. അവര്‍ വലുതായപ്പോഴേക്കും തുമ്പയും അരളിയും ചെമ്പകവും ഇലഞ്ഞിയുമൊന്നുമില്ല. അവരെ വൈകുന്നേരം കുളിപ്പിച്ച് കുറിയിടീച്ച് കടയില്‍ പോയി പൂക്കളൊക്കെ വാങ്ങിക്കൊണ്ടുവരും. കാലത്ത് പൂക്കളമിടും. ഇപ്പോള്‍ അങ്ങനെയായി.. നാട്ടില്‍ പൂക്കളില്ലാതായി. പ്രായം കൂടുന്തോറും, മനസ്സ് പരിപാകം വരുമ്പോള്‍ എന്ത് ഓണം? കയ്യില്‍ കാശും മനസ്സമാധാനവും ഉണ്ടെങ്കിലേ ഓണം ആഘോഷിക്കാന്‍ കഴിയൂ. അതില്ലാത്തവന് എന്നും കള്ളക്കര്‍ക്കിടകം.'' സ്വന്തം ജീവിതത്തെക്കുറിച്ചുള്ള ഈ പക്വതയാര്‍ന്ന ഉള്‍ക്കാഴ്ച്ച ഗിരീഷിന്റെ പല രചനകളിലും കടന്നുവന്നത് സ്വാഭാവികമാകാം.
ഗിരീഷിന്റെ കൈപ്പടയിലുള്ള ``ആരോ കമഴ്ത്തിവെച്ചൊരോട്ടുരുളി പോലെ''എന്ന പാട്ടിന്റെ വരികള്‍ സ്വന്തം ശേഖരത്തില്‍ നിന്ന് പുറത്തെടുത്തു കാണിച്ച് എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട് സുഹൃത്തായ പ്രമുഖ സൗണ്ട് റെക്കോര്‍ഡിസ്റ്റ് കരുണാകരന്‍. ``എത്രയോ അനശ്വര ഗാനങ്ങളുടെ പിറവിക്ക് സാക്ഷ്യം വഹിക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട് എനിക്ക്. ചിലപ്പോള്‍ റെക്കോര്‍ഡിസ്റ്റ് ആയി. അല്ലെങ്കില്‍ വെറും കേള്‍വിക്കാരനായി. ആ പാട്ടുകളുടെയൊന്നും കയ്യെഴുത്തുപ്രതികള്‍ സൂക്ഷിച്ചുവെക്കണം എന്ന് തോന്നിയിട്ടില്ല. ആഗ്രഹിച്ചാലും അതിനുള്ള സാഹചര്യം ഉണ്ടാവണം എന്നില്ലല്ലോ. എന്നാല്‍ ദാസേട്ടന്റെ ശബ്ദത്തില്‍ ആരോ കമഴ്ത്തിവെച്ചൊരോട്ടുരുളി പോലെ എന്ന പാട്ട് ആദ്യമായി കേട്ടപ്പോള്‍ മനസ്സ് പറഞ്ഞു. ഈ ഗാനത്തിന്റെ വരികള്‍ എന്നെന്നേക്കുമായി സൂക്ഷിച്ചുവെക്കാനുള്ളതാണെന്ന്. പിന്നെ സംശയിച്ചില്ല; വിദ്യാസാഗറിന്റെ കയ്യില്‍ നിന്ന് ആ പാട്ടെഴുതിയ കടലാസ്സ് ചോദിച്ചുവാങ്ങി. ഇന്നും ആ വരികള്‍ വായിക്കുമ്പോള്‍ എന്റെയും കുട്ടിക്കാലത്തെ ഓണം ഓര്‍മ്മവരും... ആരുടെ ജീവിതത്തിലും ഉണ്ടാകും ഇത്തരം അനുഭവങ്ങള്‍..'' തരംഗിണിയില്‍ ദീര്‍ഘകാലം ഗാനലേഖകന്‍ ആയിരുന്ന കരുണാകരന്റെ ഓര്‍മ്മ.
ആദ്യാനുരാഗത്തിന്റെ വിരഹാര്‍ദ്രസ്മൃതികളും മധുരനൊമ്പരമായി കടന്നുവരുന്നു ഗിരീഷിന്റെ രചനയില്‍. ``അന്നെന്നാത്മാവില്‍ മുട്ടിവിളിച്ചൊരാ ദിവ്യമാം പ്രേമത്തെ ഓര്‍മ്മിക്കുന്നു, പൂനിലാവിറ്റിയാല്‍ പൊള്ളുന്ന നെറ്റിയില്‍ ആദ്യത്തെ ചുംബനം സൂക്ഷിക്കുന്നു; വേര്‍പിരിഞ്ഞെങ്കിലും നീയെന്നെ ഏല്‍പ്പിച്ച വേദന ഞാനിന്നും സൂക്ഷിക്കുന്നു..'' സുമനേശ രഞ്ജിനി എന്ന അപൂര്‍വ രാഗത്തിന്റെ ഛായ കലര്‍ന്ന വിദ്യാസാഗറിന്റെ ഈണം ഈ വരികളുടെ ആശയം എത്ര ഹൃദയസ്പര്‍ശിയായാണ് ശ്രോതാക്കളില്‍ എത്തിക്കുന്നതെന്നോര്‍ക്കുക.
തിരുവോണക്കൈനീട്ടത്തിലെ എല്ലാ ഗാനങ്ങളും ആദ്യമെഴുതി ഈണമിട്ടവയാണെന്ന് പറയുന്നു വിദ്യാജി. നാട്ടില്‍ നിന്ന് പാട്ടുകള്‍ എഴുതി അയച്ചുതരികയായിരുന്നു ഗിരീഷ്. അന്ന് സിനിമയില്‍ വലിയ തിരക്കാണ് അദ്ദേഹത്തിന്. ഒരുമിച്ചിരുന്ന് കംപോസ് ചെയ്യാന്‍ കഴിയാത്തതില്‍ ദുഖമുണ്ടായിരുന്നു ഞങ്ങള്‍ക്ക്. പക്ഷേ ഗിരീഷിന്റെ വരികളുടെ ആത്മാവ് ഉള്‍ക്കൊണ്ടുതന്നെ പാട്ടുകള്‍ ചിട്ടപ്പെടുത്താന്‍ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. ആ രചനകള്‍ അത്രകണ്ട് എന്നെ സ്പര്‍ശിച്ചതാകാം കാരണം.'' ഇന്നും മലയാളികള്‍ ആ പാട്ടുകളെ കുറിച്ച് ഗൃഹാതുരത്വത്തോടെ സംസാരിച്ചുകേള്‍ക്കുമ്പോള്‍ സന്തോഷം തോന്നും. ``ജന്മം കൊണ്ടല്ലെങ്കിലും മനസ്സുകൊണ്ട് ഞാനും ഒരു മലയാളി തന്നെയല്ലേ?'' വിദ്യാസാഗര്‍ ചിരിക്കുന്നു.
പഠിക്കുന്ന കാലത്ത് സംസ്ഥാനാടിസ്ഥാനത്തില്‍ നടന്ന തമിഴ് ഭാഷാ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ചരിത്രമുണ്ട് വിദ്യാസാഗറിന്. അക്കാലത്തേ ഇംഗ്ലീഷിലേയും തമിഴിലേയും ക്ലാസിക്ക് കൃതികള്‍ ഭൂരിഭാഗവും താന്‍ വായിച്ചുതീര്‍ത്തിരുന്നുവെന്ന് വിദ്യാജി. മഹാകവിയുടെ രചനകളും ഉണ്ടായിരുന്നു അക്കൂട്ടത്തില്‍. പില്‍ക്കാലത്ത് സിനിമാ സംഗീത സംവിധായകനായി പേരെടുത്തപ്പോഴും കവിതയുടെ അര്‍ത്ഥഭംഗി ചോര്‍ന്നുപോകാതെ പാട്ടുകള്‍ ചിട്ടപ്പെടുത്തണം എന്നൊരു നിര്‍ബന്ധം ഉള്ളില്‍ കൊണ്ടുനടന്നതും അതുകൊണ്ടുതന്നെ. ഈണത്തിനൊത്ത് പാട്ടെഴുതിക്കേണ്ടി വരുമ്പോഴും ഈ വിശ്വാസപ്രമാണത്തോട് പരമാവധി നീതി പുലര്‍ത്താന്‍ ശ്രമിക്കാറുണ്ട് താനെന്ന് വിദ്യാസാഗര്‍.
ഒരാഴ്ചക്കുള്ളില്‍ ചിട്ടപ്പെട്ടുത്തിയവയാണ് തിരുവോണക്കൈനീട്ടത്തിലെ ഗാനങ്ങള്‍. ``ഓണത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങളും കേട്ടുകേള്‍വികളും മാത്രമായിരുന്നു ഗാനങ്ങളൊരുക്കാന്‍ ഇരിക്കുമ്പോള്‍ എന്റെ കൈമുതല്‍. ഒട്ടും പരിചിതമല്ലാത്ത അന്തരീക്ഷം. പക്ഷേ ഗിരീഷിന്റെ വരികളില്‍ എനിക്ക് വേണ്ടതെല്ലാം ഉണ്ടായിരുന്നു. സംഗീതബോധമുള്ള ആളായതുകൊണ്ട്, നമുക്ക് ചിട്ടപ്പെടുത്താന്‍ പാകത്തിലാണ് ഗിരീഷ് പാട്ടെഴുതിത്തരിക. എന്റെ സംഗീത സംവിധാന രീതികള്‍ അദ്ദേഹത്തിന് നന്നായി അറിയുകയും ചെയ്യാം. അതുകൊണ്ട് അധികം പ്രയാസപ്പെടേണ്ടി വന്നില്ല ഈണമിടാന്‍.''-വിദ്യാസാഗര്‍. വാദ്യവിന്യാസത്തില്‍ ഒട്ടും ആര്‍ഭാടം വേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. നാദസ്വരം (ഗോപി), ചെണ്ട, ഇടയ്ക്ക (കൃഷ്ണദാസ്), വിചിത്രവീണ (ദുര്‍ഗാപ്രസാദ്), ഓടക്കുഴല്‍ (നവീന്‍), സിത്താര്‍ (ഗണേഷ്), ഗിറ്റാര്‍ (പ്രേംനാഥ്) എന്നിവയേ ഉള്ളൂ മിക്ക ഗാനങ്ങളുടെയും പശ്ചാത്തലത്തില്‍.
ആല്‍ബത്തിലെ മറ്റു പാട്ടുകളിലുമുണ്ട് ഗിരീഷ്‌വിദ്യ കൂട്ടുകെട്ടിന്റെ ഇന്ദ്രജാലസ്പര്‍ശം. ആറന്മുള പള്ളിയോടം, പറനിറയെ പൊന്നളക്കും, പൂമുല്ലക്കോടിയുടുക്കേണം, തേവാരമുരുവിടും തത്തേ, വില്ലിന്മേല്‍ താളം കൊട്ടി, ചന്ദനവളയിട്ട, ഇളക്കുളങ്ങരെ ഇന്നലെ എന്നിങ്ങനെ എട്ടു സുന്ദര ഗാനങ്ങള്‍. ഗായകരായി യേശുദാസിന് പുറമേ വിജയ് യേശുദാസും സുജാതയും. വിജയ് യേശുദാസിന്റെ ശ്രദ്ധിക്കപ്പെട്ട ആദ്യകാല ഗാനങ്ങളില്‍ ഒന്നായിരുന്നു ചന്ദനവളയിട്ട. ഗാനങ്ങള്‍ പലതും ചിത്രീകരിക്കപ്പെട്ടു എന്നത് മറ്റൊരു പ്രത്യേകത. ``കൊച്ചിയിലെ ഒരു സ്റ്റുഡിയോയില്‍ വിദ്യാജിയുടെ സാന്നിധ്യത്തില്‍ ദാസേട്ടനും ഞാനും വോയിസ് ബൂത്തില്‍ നിന്നുകൊണ്ട് പാടുന്ന ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തത് ഓര്‍ക്കുന്നു. ഔട്ട്‌ഡോര്‍ ലൊക്കേഷന്‍ തൊടുപുഴ ആയിരുന്നു എന്നാണ് ഓര്‍മ്മ.''- സുജാത.
തരംഗിണിയില്‍ നിന്ന് പുറത്തുവന്ന അവസാനത്തെ സൂപ്പര്‍ഹിറ്റ് ഓണ ആല്‍ബമായിരുന്നു തിരുവോണക്കൈനീട്ടം. പിന്നെയും കുറച്ചു ആല്‍ബങ്ങള്‍ കൂടി പിറന്നെങ്കിലും ഉത്സവഗാനങ്ങളുടെ വസന്തകാലം മിക്കവാറും അസ്തമിച്ചു തുടങ്ങിയിരുന്നു അപ്പോഴേക്കും. ``ആരോ കമഴ്ത്തിവെച്ചൊരോട്ടുരുളി പോലെ എന്ന ഗാനം എഴുതുമ്പോള്‍ അതിന്റെ ആശയം സാധാരണക്കാര്‍ക്ക് ഇഷ്ടപ്പെടുമോ എന്നായിരുന്നു എന്റെ ഭയം.''-ഗിരീഷിന്റെ വാക്കുകള്‍ ഓര്‍മ്മവരുന്നു. ``ഓണക്കാലത്ത് ആരാണ് ദുഃഖഗാനങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുക? പക്ഷേ എന്നെപ്പോലും അത്ഭുതപ്പെടുത്തിയ സ്വീകാര്യതയാണ് ആ ഗാനം നേടിയെടുത്തത്; ഹിറ്റായി മാറിയ എന്റെ പല ചലച്ചിത്ര ഗാനങ്ങളെക്കാള്‍ ഇഷ്ടപ്പെടുന്നത് ഈ ആല്‍ബം ഗാനമാണെന്ന് പ്രശസ്തരായ കവികള്‍ വരെ പറഞ്ഞുകേള്‍ക്കുമ്പോള്‍ സന്തോഷം തോന്നും. ചിലപ്പോള്‍ ഒരു പ്രത്യേക ഈണത്തിന്റെ സ്‌കെയിലില്‍ ഒതുങ്ങിനിന്ന് എഴുതേണ്ടിവന്നില്ലാത്തതു കൊണ്ടാവാം. എന്റെ മനസ്സിനെ ഈണവും താളവുമാണ് ആ പാട്ടിന് .... ''
ആ ഈണവും താളവും ഇന്നും, കാല്‍ നൂറ്റാണ്ടിനിപ്പുറവും മലയാളികളെ നൊമ്പരപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. പഴകിയൊരോര്‍മ്മയാല്‍ മിഴിനീര്‍ വാര്‍ക്കും പാരിരുള്‍ തറവാടിന്റെ മുറ്റത്ത് ഒരിക്കല്‍ കൂടി വിരുന്നിനെത്തുന്നു ഓണനിലാവ്; ഒപ്പം ഗിരീഷ് പുത്തഞ്ചേരിയുടെ മരണമില്ലാത്ത ഓര്‍മ്മകളും.
Content Highlights: Aaro Kamizhthivecha onam song by Gireesh Puthanchery Vidya Sagar Combo
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..