നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ എനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിച്ച് ഇപ്പോഴും നന്നായി ജീവിതം കൊണ്ടു പോകുന്ന ഒരാളാണ്. ഇങ്ങനെയാണ് ജീവിച്ചിരുന്നതെന്ന് ആരോടും പറഞ്ഞു നടക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പറയാന്‍ അവസരം ഉണ്ടായത് കൊണ്ടു പറയുന്നു- സമൂഹമാധ്യമങ്ങളില്‍ ആള്‍ക്കൂട്ട വിചാരണ നടക്കുമ്പോള്‍ കുറിയ്ക്ക് കൊള്ളുന്ന മറുപടി നല്‍കുകയാണ് രാജിനി ചാണ്ടി. 

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് രാജിനിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായത്. ആതിര ജോയ് പകര്‍ത്തിയ ചിത്രങ്ങളില്‍ സ്റ്റൈലിഷായാണ് രാജിനി എത്തിയത്. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സദാചാര ഉപദേശവുമായി ചിലര്‍ രംഗത്തെത്തി. 'ഈ പ്രായത്തില്‍ ഇങ്ങനെയെല്ലാം നടക്കണോ, അടങ്ങി ഒതുങ്ങി ഇരുന്നുകൂടെ' എന്നുമൊക്കെയായിരുന്നു കമന്റുകള്‍.

തന്നെ വിമര്‍ശിക്കുന്നവര്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കുന്നുണ്ട് രാജിനി. തന്റെ ചെറുപ്പക്കാലത്ത് ഭര്‍ത്താവിനൊപ്പം ലോകം ചുറ്റിയ താന്‍ സ്വിം സ്യൂട്ടടക്കം ഒട്ടനവധി വേഷങ്ങള്‍ ധരിച്ചിട്ടുണ്ടെന്ന് രാജിനി പറയുന്നു. സിം സ്യൂട്ട് ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങളും രാജിനി ഇതോടൊപ്പം പുറത്തുവിട്ടു. 

ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെയാണ് രാജിനി അഭിനയരംഗത്തേക്കെത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ മുത്തശ്ശി കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. റിയാലിറ്റി ഷോ ആയ ബിഗ് ബോസിലും താരം സാന്നിധ്യം അറിയിച്ചിരുന്നു.

Content Highlights: Rajini Chandy about her latest viral photoshoot, Criticism