നടൻ വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും തമ്മിലുള്ള വിവാഹമായിരുന്നു കഴിഞ്ഞ ദിവസം സിനിമാ ലോകത്തും കായിക ലോകത്തും ചർച്ചയായത്. ഏപ്രിൽ 22 ന് ഹൈദരാബാദിൽ വച്ച് നടന്ന ചടങ്ങിലാണ് രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായത്. 

വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി-സം​ഗീത് ചടങ്ങുകളുടെയും വിവാഹചടങ്ങുകളുടെയുമെല്ലാം ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ വിവാഹ റിസപ്ഷൻ ചടങ്ങുകളുടെ ചിത്രങ്ങളും പുറത്ത് വന്നിരിക്കുകയാണ്.  വിരുന്നിൽ ജ്വാല അണിഞ്ഞ ലെഹങ്കയാണ് ഇപ്പോൾ ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവരുന്നത്.

ഡാർക്ക് പിങ്കും പർപ്പിളും ഇടകലർന്ന മെറ്റാലിക് ഹാൻഡ് എബ്രോയിഡറി ലെഹങ്കയാണ് ജ്വാലയ്ക്കായി ഡിസൈനർ അമിത് അഗർവാൾ ഒരുക്കിയത്. ഈ വസ്ത്രം ഡിസൈൻ ചെയ്തതിനെക്കുറിച്ച് അമിതിനും ചിലത് പറയാനുണ്ട്.  

'എന്നെ സംബന്ധിച്ച് ജ്വാല കരുത്തിന്റെ അടയാളം മാത്രമല്ല, അഭിമാനത്തിന്റെ അടയാളം കൂടിയാണ്. അവളുടെ ഏറ്റവും സവിശേഷമായ ഒരു ദിവസത്തിനായി ഞാൻ സൃഷ്ടിച്ച വസ്ത്രം, അവളുടെ വ്യക്തിത്വത്തെ പ്രതിധ്വനിക്കുന്ന ഒന്നായിരിക്കണം എന്നെനിക്കുണ്ടായിരുന്നു'. ചിത്രങ്ങൾ പങ്കുവച്ച് അമിത് കുറിക്കുന്നു. 

രാക്ഷസൻ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു തെന്നിന്ത്യയിൽ ശ്രദ്ധ നേടുന്നത്. രാക്ഷസൻ തീയേറ്ററുകളിൽ നിറഞ്ഞ കൈയടി നേടി മുന്നേറുമ്പോഴാണ് വിഷ്ണു വിശാൽ വിവാഹമോചിതനാകുന്നുവെന്ന വിവരം ആരാധകരെ അറിയിച്ചത്. താനും ഭാര്യ രജനി നടരാജും ഒരു വർഷത്തോളമായി വേർപിരിഞ്ഞു കഴിയുകയായിരുന്നുവെന്നും നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നുവെന്നും വിഷ്ണു വിശാൽ വ്യക്തമാക്കി.


ലോകചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവുകൂടിയായ ജ്വാലയുടെയും രണ്ടാം വിവാഹമാണിത്. ബാഡ്മിന്റൺ താരം ചേതൻ ആനന്ദായിരുന്നു ജ്വാലയുടെ ഭർത്താവ്. 2011 ൽ ഇവർ വിവാഹമോചിതരായി.

content highlights : jwala gutta vishnu vishal wedding reception pics Designer about her lehenga