കോവിഡിന്റെ ആദ്യതരംഗത്തിനുശേഷം വിപണി കുതിച്ചപ്പോൾ നിരവധി ഓഹരികളാണ് നിക്ഷേപകർക്ക് ലക്ഷങ്ങൾ നേടിക്കൊടുത്തത്. സ്‌മോൾ ക്യാപ്, മിഡ് ക്യാപ് ഓഹരികളാണ് ഇവയിലേറെയുമെന്നതും ശ്രദ്ധേയമാണ്. 

വാങ്ങുക ലാഭമെടുക്കുക-എന്ന ചിന്താഗതിക്കപ്പുറം നിലപാടെടുത്തവരാണ് നേട്ടമുണ്ടാക്കിയവരലേറെയും. ഇത്തരത്തിൽ ദീർഘകാലം കൈവശംവെച്ചവർക്ക് വൻ തുക സമ്മാനിച്ച സ്റ്റോക്കാണ് ദീപക് നൈട്രേറ്റ്. 10വർഷക്കാലയളവിൽ 10,414ശതമാനം ആദായമാണ് കമ്പനി നിക്ഷേപകർക്ക് നൽകിയത്. 

കെമിക്കൽ നർമാണക്കമ്പനിയായ ദീപക് നൈട്രേറ്റിന്റെ ഓഹരി വില 2011 ജൂലായ് എട്ടിന് 18.50  രൂപയായിരുന്നു. 2021 ജൂലായ് 19ലെത്തിയപ്പോഴേക്കും 1,970 രൂപയായാണ് വില കുതിച്ചത്. അതായത് 10 വർഷത്തിനിടെ 105 ഇരട്ടിയിലേറെയാണ് വിലയിൽ വർധനവുണ്ടായത്. 

പത്തുവർഷം മുമ്പ് ദീപക് നൈട്രേറ്റിന്റെ ഓഹരിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോഴത് 1.05 കോടി രൂപയായി ഉയരുമായിരുന്നു. 

വീടുകളിലുംമറ്റും അണുനശീകരണത്തിന് ഉപയോഗിക്കുന്ന ഫീനോളിന്റെ (കാർബോളിക് ആസിഡ്) വിലയിലുണ്ടായ കുതിപ്പാണ് കമ്പനിയുടെ വരുമാനത്തിൽ വൻവർധനവുണ്ടാക്കിയത്. വിപണിയിൽ ഫീനോളിന്റെ ആവശ്യകതയുംവർധിച്ചു. സ്‌പെഷാലിറ്റി കെമിക്കൽസ് മേഖലയിലേയ്ക്കും കമ്പനി പ്രവർത്തനം വ്യാപിപ്പിച്ചത് മികച്ച വളർച്ചനേടാൻ സഹായിച്ചു. 

2021 ഫെബ്രുവരി 11നാണ് കമ്പനിയുടെ ഓഹരി വില 1,000 കടന്നത്.1,970 നിലവാരത്തിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. അടുത്ത ലക്ഷ്യവില 2,040-2100 നിലവാരത്തിലാണെന്നാണ് എസ്എംസി ഗ്ലോബലിന്റെ വിലയിരുത്തൽ. 

മുന്നിറയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപംനടത്താൻ. കഴിഞ്ഞകാലത്തെ പ്രകടനം ഭാവിയിൽ ആവർത്തിക്കണമെന്നില്ല.