യെസ് ബാങ്കിന്റെ എഫ്പിഒയുടെ ഓഹരി വില നിശ്ചയിച്ചു. ഓഹരിയൊന്നിന് 12 രൂപ നിരക്കില്‍ 15,000 കോടി രൂപയാണ് ബാങ്ക് സമാഹരിക്കാനൊരുങ്ങുന്നത്. ക്യാപ് പ്രൈസ് 13 രൂപയാണ്. യോഗ്യരായ ജീവനക്കാര്‍ക്ക് ഒരുരൂപ കിഴിവില്‍ ഓഹരിയൊന്നിന് 12 രൂപനിരക്കില്‍ ലഭിക്കും.

1000 ഓഹരികളടങ്ങിയ ഒരുലോട്ടായിട്ടായിരിക്കും വില്പന. ജൂലായ് 15 ആരംഭിച്ച് 17ന് ഫോളോ ഓണ് പബ്ലിക് ഓഫര്‍ അവസാനിക്കും. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലെ മൂലധനസമാഹരണ സമതി വെള്ളിയാഴ്ച ചേര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. 

മൂലധനസമാഹരണത്തിനുള്ള യെസ് ബാങ്കിന്റെ ഫോളോ ഓണ്‍ പബ്ലിക് ഓഫറില്‍ (എഫ്.പി.ഒ.) പങ്കെടുക്കുമെന്നും പരമാവധി 1760 കോടിരൂപ വരെ നിക്ഷേപിക്കുമെന്നും രാജ്യത്തെ ഏറ്റവുംവലിയ പൊതുമേഖലാബാങ്കായ എസ്.ബി.ഐ. വ്യക്തമാക്കിയുട്ടുണ്ട്.  

ബാങ്കിന്റെ ടയര്‍ വണ്‍ മൂലധനം പത്തുശതമാനത്തിലേക്ക് ഉയര്‍ത്തുന്നതിനാണ് എഫ്.പി.ഒ.വഴി ലക്ഷ്യമിടുന്നത്. മാര്‍ച്ച് അവസാനം വരെയുള്ള കണക്കുപ്രകാരമിത് 6.3 ശതമാനം മാത്രമാണ്. 

മൂലധനശേഷി മോശമായതിനെത്തുടര്‍ന്ന് 2020 മാര്‍ച്ച് അഞ്ചിന് റിസര്‍വ് ബാങ്ക് യെസ് ബാങ്കിന്റെ നിയന്ത്രണമേറ്റെടുത്തിരുന്നു. മാര്‍ച്ച് 18-ന് എസ്.ബി.ഐ. മുന്‍ സി.എഫ്.ഒ. പ്രശാന്ത് കുമാറിനെ മാനേജിങ് ഡയറക്ടറാക്കി പുതിയ ബോര്‍ഡ് രൂപവത്കരിച്ച് രക്ഷാപദ്ധതി നടപ്പാക്കി. 

എസ്.ബി.ഐ.ക്കൊപ്പം എച്ച്.ഡി.എഫ്.സി., ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക്, ബന്ധന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക് എന്നിവചേര്‍ന്ന് 10,000 കോടി രൂപയുടെ നിക്ഷേപമാണ് അന്ന് നടത്തിയത്.