ഹ്രസ്വകാലത്തേക്കായാലും ദീര്‍ഘകാലത്തേക്കായാലും ധന സമ്പാദനത്തിന് ഏറ്റവും അനുയോജ്യമായ നിക്ഷേപമാര്‍ഗം ഓഹരികള്‍തന്നെയാണ്. ഉദാരവല്‍കൃത ഇന്ത്യയില്‍ ആഭ്യന്തര സമ്പദ്വ്യവസ്ഥ നിക്ഷേപകരെ സംബന്ധിച്ചേടത്തോളം മുന്നോട്ടുതന്നെ കുതിക്കുകയാണ്. ആഗോളഘടകങ്ങളുടെ സ്വാധീനഫലമായി വര്‍ത്തമാനകാലത്ത്  ഇന്ത്യന്‍ ഓഹരി വിപണി കൂടിയതും കുറഞ്ഞതുമായ മൂല്യനിര്‍ണയങ്ങളുടെ പലഅവസ്ഥാന്തരങ്ങളും പിന്നിട്ടിട്ടുണ്ട്. 

2020 മാര്‍ച്ചിലെ താഴ്ചക്കാലത്ത് വിപണി വളരെ ആകര്‍ഷകവും കഴിഞ്ഞ പാദങ്ങളില്‍ അത് വികസ്വരവുമായിരുന്നു. ഇന്ത്യന്‍ ഓഹരി വിപണി ഇപ്പോള്‍ കാഴ്ചവെക്കുന്നത് അതിരുകടന്ന പ്രകടനമാണെന്നും തിരുത്തല്‍ ആസന്നമാണെന്നും പ്രമുഖരായ വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. രണ്ടു പതിറ്റാണ്ടു കാലത്തിനിടയ്ക്ക് വിപണി അമിതപ്രകടനം നടത്തിയപ്പോഴൊന്നും കൂടുതല്‍പേര്‍ ഇത്ര പ്രതികൂലമായ മുന്‍വിധിക്കു തയാറായിട്ടില്ല. 

ഇന്ത്യന്‍ ഓഹരി വിപണി എക്കാലവും കരുത്തുറ്റ ആഭ്യന്തര വിപണിയുടേയും പ്രധാന കയറ്റുമതി അവസരങ്ങളുടേയും പിന്‍ബലത്തില്‍ ഗുണകരമായ അടിയൊഴുക്കുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 2008ലെ ആഗോള പ്രതിസന്ധിയുടെ കാലത്തു പോലും ഇന്ത്യന്‍ വിപണിക്ക് ഇതരവികസ്വര വിപണികളേക്കാള്‍ ഊര്‍ജ്ജം കല്‍പിക്കപ്പെട്ടിരുന്നു.  

എന്നാല്‍ ഇപ്പോള്‍ വിപണിയെ സംബന്ധിച്ചേടത്തോളം എല്ലാംനല്ല നിലയില്‍ പോകുമ്പോഴും മുന്‍വിധികള്‍ പൂര്‍ണമായും എതിരായിരിക്കുന്നു. വ്യക്തിപരമായി, എന്റെ രണ്ടുപതിറ്റാണ്ടു കാലത്തെ ജോലിക്കിടയില്‍ വിപണിയുടെ പ്രതികൂല സ്വഭാവത്തെക്കുറിച്ച് ഇത്രപരസ്യമായ പരാമര്‍ശങ്ങള്‍ കേട്ടിട്ടില്ല. വിപണിയില്‍ മാന്യമായ തിരുത്തല്‍ ഉണ്ടാകുമെന്ന തുറന്നചര്‍ച്ചകള്‍ അതിശയിപ്പിക്കുന്നതാണ്. ഈ കാഴ്ചപ്പാട് ഇടക്കാലത്തേക്കു മാത്രമുള്ളതാവട്ടെയെന്നു പ്രതീക്ഷിക്കുന്നു.

ഓഹരികള്‍ അമിതമായി മൂല്യനിര്‍ണയം ചെയ്യപ്പെട്ടിരിക്കുകയാണെന്നും പണമൊഴുക്കാണ് അതിനെ നിയന്ത്രിക്കുന്നതെന്നും തീര്‍പ്പുകല്‍പ്പിക്കപ്പെട്ടിരിക്കുന്നു. ആഭ്യന്തര സ്ഥാപന നിക്ഷേപകരേക്കാള്‍ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ളത് വിദേശ സ്ഥാപന നിക്ഷേപകരാണെന്നതും ശ്രദ്ധിക്കണം.  

ഓഹരികളുടെ കാര്യത്തില്‍ ജാഗ്രത വേണമെന്ന ഉപദേശം സര്‍വത്ര കേള്‍ക്കാനുണ്ട്. നിക്ഷേപകര്‍ ഇടത്തരം, ചെറുകിട ഓഹരികളില്‍ നിക്ഷേപംകുറച്ച് അവരവരുടെ പോര്‍ട്ഫോളിയോ സംരക്ഷിക്കണമെന്നും സ്വര്‍ണവും കടപ്പത്രങ്ങളും ചേര്‍ത്ത് അത് സന്തുലിതമാക്കണമെന്നുമാണ് ഉപദേശം. പോര്‍ട്ഫോളിയോകളിലെ അപടകട സാധ്യതകള്‍കുറച്ച് ദീര്‍ഘകാല നേട്ടം ഉറപ്പാക്കാന്‍ ഇതാവശ്യമാണ്. അതേസമയംതന്നെ നിക്ഷേപകരുടെ മനസില്‍ ആശയക്കുഴപ്പമുണ്ടാക്കാനും അവ പര്യാപ്തമാണ് എന്നവസ്തുത കാണാതിരുന്നുകൂടാ. 

പോര്‍ട്ഫോളിയോയുടെ പുനഃക്രമീകരണം എങ്ങിനെയാണു വേണ്ടത്? പെട്ടെന്നുതന്നെ വന്‍കിട ഓഹരികളിലേക്കോ കടപ്പത്രങ്ങളിലേക്കോ സ്വര്‍ണത്തിലേക്കോ മാറേണ്ടതുണ്ടോ? എത്രമാത്രം തിരുത്തലാണ് പ്രതീക്ഷിക്കപ്പെടുന്നത് ? എപ്പോഴാണ് ഓഹരികളിലേക്കു തിരിച്ചുവരേണ്ടതും നികുതി ഇടപാടുകള്‍ കൈകാര്യം ചെയ്യേണ്ടതും എന്നുതുടങ്ങി നിരവധി ചോദ്യങ്ങളാണ് ഇയര്‍ന്നുവരുന്നത്. വരാനിരിക്കുന്നത് ഹ്രസ്വകാലത്തേക്കുള്ള തിരുത്തലാണെങ്കില്‍ സങ്കീര്‍ണമായ തന്ത്രങ്ങളിലേക്കു നീങ്ങേണ്ടതുണ്ടോ? മാറ്റം എങ്ങിനെയാണു വേണ്ടത്? ചെറുകിട ഓഹരികള്‍ കുറയ്ക്കാനുള്ള ശരിയായ സമയം ഇതുതന്നെയോ തുടങ്ങിയ ചോദ്യങ്ങളും ഉന്നയിക്കപ്പെടുന്നു.

സംശയങ്ങള്‍ ഉന്നയിക്കുന്നവരുടെ സഹായത്തിനായി ചില കാര്യങ്ങള്‍ പറയാം. തിരുത്തിന്റെകാര്യത്തില്‍, ഏകീകരണം വിപണിക്കു ഗുണകരമായിരിക്കുമെന്നകാര്യം ആദ്യം അംഗീകരിക്കാം. നിഫ്റ്റി 50ലെ ഓഹരികള്‍ 13,000ത്തിനും 14,000ത്തിനും ഇടയിലായിരിക്കുമ്പോള്‍ 5 മുതല്‍ 7 ശതമാനം വരെ തിരുത്തല്‍ ശക്തമായ വരുമാനനേട്ടവും കുറഞ്ഞ പലിശ നിരക്കും ഉറപ്പാക്കും. ഇത്രവലിയ തോതിലുള്ള തിരുത്തല്‍ ഉണ്ടാകാറില്ല. 2 മുതല്‍ 3 ശതമാനം വരെയാണുണ്ടാകാറ്.  

എന്നാല്‍ വിപണിയില്‍ കൂടിയ മൂല്യനിര്‍ണയം നില നില്‍ക്കുന്നതിനാല്‍ കൂടിയതോതിലുള്ള തിരുത്തലിനു സാധ്യത ഏറിയിരിക്കയാണ്. 10 മുതല്‍ 15 ശതമാനംവരെ തിരുത്തലിനാണ് സാധ്യതയുള്ളത്. എന്നാല്‍ ഇടക്കാലത്തേക്കു വിപണി അതിന്റെ ഊര്‍ജ്ജം നിലനിര്‍ത്തുക തന്നെചെയ്യും.

കൂടിയതോതിലുള്ള പിഇ മൂല്യനിര്‍ണയമാണ് തിരുത്തല്‍ ആവശ്യമാക്കിത്തീര്‍ക്കുന്നത്. താഴ്ന്നനേട്ടങ്ങളുടെ അടിസ്ഥാനത്തിലുള്ള വെറുംകണക്കിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് യുക്തിസഹമല്ല. മൂല്യംനിര്‍ണയിക്കുന്നതിന് ഏറ്റവും നല്ലമാര്‍ഗം ഇതാണെന്നും പറയാന്‍ കഴിയില്ല. അടുത്ത 2 വര്‍ഷത്തേക്കു നേട്ടത്തിന്റെവളര്‍ച്ച സ്വാഭാവികമായും കൂടുതലായിരിക്കും. കാരണം, നാം ഇപ്പോഴും കോവിഡ് പ്രശ്നത്തെ അതിജീവിച്ചിട്ടില്ലാത്തതിനാല്‍ ധനപരവും സാമ്പത്തികവുമായ ഉത്തേജക പദ്ധതികളുടെ പിന്തുണ ആവശ്യമുണ്ട്. ഇന്ത്യയില്‍ പലിശനിരക്കിലെ പ്രതികൂലസ്ഥിതി പരിഗണിച്ചാല്‍ 'എംകാപ് ടു ജിഡിപി'  80 ശതമനം ആയിരിക്കേ വിലകള്‍ കൂടുതലല്ല, ദീര്‍ഘകാല ശരാശരി മാത്രമാണെന്നു കാണാന്‍ കഴിയും.

വിപണിയില്‍ തിരുത്തലിന്റെ അപകടം നിലനില്‍ക്കുന്നുണ്ടെങ്കില്‍ പണമായിരിക്കണം പോര്‍ട്ഫോളിയോയുടെ രാജാവ്. മ്യൂച്വല്‍ ഫണ്ട് ഓഹരികള്‍ പരിശോധിക്കുമ്പോള്‍, ഇടത്തരം  ചെറുകിട ഓഹരികളിലല്ല, സന്തുലിത ഓഹരികളിലാണ് വന്‍തോതില്‍ പണമുള്ളതെന്നുകാണാം. ഇടത്തരം, ചെറുകിട ഓഹരികള്‍ ഒഴിവാക്കണമെന്ന കാഴ്ചപ്പാട് സ്‌കീമുകളുടെ മിശ്രണത്തില്‍ കാണാന്‍ കഴിയുന്നില്ല.

വന്‍കിട ഓഹരികള്‍ക്ക് ഇപ്പോള്‍ നല്ലമൂല്യമുണ്ടെങ്കിലും അടുത്ത ഒന്നുരണ്ടു വര്‍ഷത്തേക്ക് ഇടത്തരം, ചെറുകിട ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് അഭിപ്രായം. അനുബന്ധ സ്ഥാപനങ്ങള്‍, എന്‍ബിഎഫ്സികള്‍, വ്യവസായങ്ങള്‍, ചാക്രിക മേഖലകള്‍ എന്നിവയില്‍ വിലകുറഞ്ഞ ഓഹരികള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇടത്തരം, ചെറുകിട ഓഹരികളില്‍ പണമിറക്കാന്‍ പറ്റിയ സമയമാണിപ്പോള്‍. കൂടിയതോതിലുള്ള പണമൊഴുക്കിന്റേയും സാമ്പത്തികരംഗത്തെ വീണ്ടെടുപ്പിന്റേയും ഗുണംലഭിയ്ക്കാത്ത ഈ മേഖലകളില്‍ തുടര്‍ന്നും ഡിമാന്റ് നിലനില്‍ക്കുമെന്നുറപ്പാണ്.

ദുര്‍ബ്ബലമായ കമ്പനികള്‍ ഒഴിവാക്കി നല്ലഓഹരികളും മേഖലകളും നോക്കി വാങ്ങേണ്ട സയമാണിത്. വിലകുറയുന്ന സന്ദര്‍ഭങ്ങളാണ് ഓഹരി വാങ്ങാന്‍ ഏറ്റവുംനല്ലത്. കൂടിയ മൂല്യനിര്‍ണയം പുലര്‍ത്തുന്ന ഐടി, ഫാര്‍മ, കെമിക്കല്‍, കയറ്റുമതിമേഖല എന്നിവയുടെ ഓഹരികള്‍ മുന്‍കാല പ്രവണതകളനുസരിച്ച് മികച്ചനിലയില്‍ തുടരാനാണിട. ഭാവിയില്‍ സമൂലമായ മാറ്റങ്ങളോടെ പുനക്രമീകരിക്കപ്പെടുന്ന ഈ മേഖലയിലെ സ്ഥാപനങ്ങള്‍ മേല്‍ക്കോയ്മ തുടരുകതന്നെചെയ്യും.

ഒരുപാദം മുമ്പുവരെ 60 മുതല്‍ 75 ശതമാനംവരെ ഓഹരികള്‍ കൈവശം വെക്കാനാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ലാഭമെടുത്ത് 50 മുതല്‍ 60 ശതമാനംവരെ മാത്രം ഓഹരികള്‍ കൈവശം വെക്കുന്നതാണ് നല്ലതെന്നും പിന്നീട് പറഞ്ഞു. ഓഹരികളുടെ മിശ്രണം സമീപ ഭാവിയില്‍ വര്‍ധിപ്പിക്കുകയാണുവേണ്ടത്.  വിശാല വിപണിയില്‍ 10 മുതല്‍ 15 ശതമാനംവരെ തിരുത്തലുണ്ടാകുമ്പോള്‍, മുകളില്‍പറഞ്ഞ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ഉടത്തരം, ചെറുകിട ഓഹരികള്‍ ഉള്‍പ്പടെ ബഹുവിധ ഓഹരികള്‍ തെരഞ്ഞെടുക്കണം. പ്രതീക്ഷിക്കപ്പെടുന്ന തിരുത്തലില്‍ സല്‍പേരുള്ള കമ്പനികളുടെ ഓഹരി വിലയില്‍ താഴ്ചകുറവായിരിക്കും.

സമീപകാലത്തെ ഏറ്റവും വലിയവെല്ലുവിളി വിദേശ സ്ഥാപന നിക്ഷേപങ്ങള്‍ കുറയുമെന്നതും ചില്ലറ നിക്ഷേപങ്ങളില്‍ വ്യത്യാസം വരുമെന്നതും ബഡ്ജറ്റുമായിരിക്കും. ഈ വര്‍ഷം വിദേശ സ്ഥാപന നിക്ഷേപങ്ങള്‍ കുറയാനുള്ള സാധ്യത ഇടക്കാലത്തേക്കുകുറവാണ്.  ഓഹരി നേട്ടങ്ങളിലെ അനിശ്ചിതാവസ്ഥ കാരണം ഹ്രസ്വകാലത്തേക്കിതു വിപണിയെ ബാധിച്ചേക്കാമെങ്കിലും പെട്ടെന്നൊരുചാട്ടത്തിനു സാധ്യതയില്ല. വിലക്കയറ്റ, തൊഴിലില്ലായ്മ നിരക്കുകള്‍ കുറവായതിനാല്‍ വിലക്കയറ്റം കുതിക്കുകയും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കു കൂട്ടുകയും ചെയ്തില്ലെങ്കില്‍ പെട്ടെന്നിതു സംഭവിക്കാനിടയില്ല. ഇടക്കാലത്ത് ഓഹരിയും നേട്ടവും വര്‍ധിക്കാനാണ് കൂടതല്‍ സാധ്യതയുള്ളത്.

ലാഭം മികച്ചതായതിനാല്‍ ആഭ്യന്തര വിപണിയിലെ ചില്ലറ നിക്ഷേപത്തിന്റെ വരവ് ശക്തമാണ്. എന്നാല്‍ വിപണിയില്‍ തകര്‍ച്ചയുണ്ടായാല്‍ ഇതുനേരെതിരിച്ചാവും. എന്നാല്‍ ഇങ്ങിനെയൊരു തകര്‍ച്ചയ്ക്കു സാധ്യത കാണുന്നില്ല. സെബി വ്യാപാര നിബന്ധനകള്‍  കര്‍ശനമാക്കിയാലും ചില്ലറനിക്ഷേപത്തെ ബാധിക്കും. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊരു സാധ്യതയില്ല.

ബജറ്റിനെച്ചൊല്ലിയുള്ള പ്രതീക്ഷകള്‍ ശക്തമായതിനാല്‍ ആഭ്യന്തര വിപണിയില്‍ ആപല്‍സാധ്യതയുണ്ട്. എന്നാല്‍ നികുതി വര്‍ധിപ്പിക്കുകയും രാഷ്ട്രീയഅനിശ്ചിതത്വം ഉണ്ടാവുകയും ചെയ്താലല്ലാതെ ദീര്‍ഘകാലത്തേക്ക് ഇതിന്റെ പ്രത്യാഘാതം നില നില്‍ക്കുകയില്ല. വിദേശസ്ഥാപന നിക്ഷേപങ്ങള്‍ക്കും മൂലധന ലാഭത്തിനുമുള്‍പ്പടെ നികുതിയില്‍ മാറ്റംവരുത്തുന്ന സാഹചര്യത്തില്‍ മാത്രമേ ബജറ്റ് വിപണിയെ ബാധിക്കൂ. 2020 ലെ അനുഭവംവെച്ചു നോക്കിയാല്‍ ഇതിനുസാധ്യത വളരെകുറവാണ്. വിദേശ വ്യക്തിഗത നിക്ഷേപങ്ങള്‍ക്ക് അതിസമ്പന്ന നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാരിന് കഴിഞ്ഞ വര്‍ഷം അതില്‍നിന്നു പിന്തിരിയേണ്ടി വന്നിരുന്നു. ദുര്‍ബ്ബല ധനസ്ഥിതികാരണം ക്ളേശിക്കുന്ന സര്‍ക്കാര്‍, സ്വകാര്യ വായ്പകള്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്തവിധം ചിലവു ചെയ്തില്ലെങ്കില്‍ ഹ്രസ്വകാലത്തേക്ക് വിപണിയില്‍ ചെറിയ പ്രശ്നത്തിനു സാധ്യതയുണ്ട്. 

യുഎസില്‍ ഉത്തേജക പദ്ധതി പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞതു കാരണം ആഗോള തലത്തിലുണ്ടായ അനിശ്ചിതത്വവും ബോണ്ട് നേട്ടം വര്‍ധിക്കുന്നതും ഇരട്ടമാന്ദ്യവും ആഭ്യന്തര രംഗത്ത്  ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. എന്നാല്‍ 2021ല്‍ ആഗോള ഓഹരികള്‍ വര്‍ധിപ്പിക്കാനും ഓഹരിവിപണിയില്‍ നേട്ടമുണ്ടാക്കനുമുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഹ്രസ്വകാല തിരുത്തല്‍ ഇടക്കാലത്തേക്ക് ഓഹരികള്‍ക്ക് ഗുണം ചെയ്യുകയേ ഉള്ളു. ആത്യന്തികമായി തിരുത്തല്‍ വിപണിക്ക് ഗുണകരമാണ്.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകന്‍)