പുതിയ ഉയരം കീഴടക്കിയെങ്കിലും ഒക്ടോബർ 22ന് അവസാനിച്ച ആഴ്ചയിൽ വിപണിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. വിദേശ നിക്ഷേപകരുടെ പിൻവാങ്ങലും ആഗോള വിപണികളിലെ നഷ്ടവും പ്രതീക്ഷിച്ച പാദഫലങ്ങൾ പുറത്തുവിടാൻ കഴിയാതിരുന്നതും വിപണിയെ ബാധിച്ചു.

ബിഎസ്ഇ സെൻസെക്‌സ് 484.33 പോയന്റ്(0.79ശതമാനം) നഷ്ടത്തിൽ 60,821.62ലും നിഫ്റ്റി 223.65 പോയന്റ്(1.21 ശതമാനം)താഴ്ന്ന് 18,114.9ലുമാണ് പോയവാരം പിന്നിട്ടത്. ബിഎസ്ഇ സ്‌മോൾ ക്യാപ് സൂചികക്കാണ് കാര്യമായ നഷ്ടമുണ്ടായത്. സൂചിക അഞ്ചുശതമാനം താഴ്ന്നപ്പോൾ മിഡ്ക്യാപ് സൂചിക നാല് ശതമാനവും നഷ്ടംനേരിട്ടു.

സെൻസെക്‌സിൽ വിപണിമൂല്യത്തിന്റെ കാര്യത്തിൽ റിലയൻസിനും ടിസിഎസിനും, ഹിന്ദുസ്ഥാൻ യുണിലിവറിനും ഏഷ്യൻ പെയിന്റ്‌സിനും നഷ്ടമുണ്ടായി. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. 

സെക്ടറൽ സൂചികകളിൽ നിഫ്റ്റി എഫ്എംസിജി, ലോഹ സൂചികകൾ യഥാക്രമം ആറ്, 5.4 ശതമാനം താഴ്ന്നു. നിഫ്റ്റി പൊതുമേഖല ബാങ്ക് നാല് ശതമാനം കുതിക്കുകയുംചെയ്തു. പോയവാരം വിദേശ നിക്ഷേപകർ 7,353.04 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 4,504.40 കോടി രൂപയുടെയും. 

വരുംആഴ്ച
മറ്റ് ഏഷ്യൻ വിപണികളെ അപേക്ഷിച്ച് നിഫ്റ്റി കടുത്ത പരീക്ഷണംനേരിട്ട ആഴ്ചയാണ് പിന്നിട്ടത്. ഏഷ്യൻവിപണികളുമായി താരതമ്യംചെയ്യുമ്പോൾ ആറാഴ്ചക്കിടെ ഇതാദ്യമായാണ് നിഫ്റ്റി പതറിയത്. 

തരക്കേടില്ലാത്ത പ്രവർത്തനഫലം ചിലകമ്പനികൾ പുറത്തുവിട്ടെങ്കിലും ഓഹരികളിൽ അത് പ്രതിഫലിച്ചില്ലെന്നുമാത്രമല്ല, ഇടിവ് നേരിടുകയുംചെയ്തു. വിശാലമായ കാഴ്ചപ്പാടോടെ വിപണിയെ സമീപിക്കുന്നതിൽ നിക്ഷേപകർ പരാജയപ്പെടുന്നുകാഴ്ചയാണ് പ്രകടമായത്. 

പ്രവർത്തനഫലങ്ങളിൽ ചെറിയ വ്യതിയാനങ്ങളുണ്ടാകുമ്പോൾപോലും പ്രതികൂലമായ പ്രതികരണമുണ്ടാകുന്നത് അതിന് ഉദാഹരണമാണ്. താൽക്കാലികമായ വ്യതിയാനങ്ങൾക്കപ്പുറം കമ്പനികളുടെ ദീർഘകാല സാധ്യതകൾക്കാണ് മുൻഗണന നൽകേണ്ടത്. അടുത്തയാഴ്ചയും ഇതിന്റെ പ്രതിഫലനങ്ങൾ വിപണിയിൽ നിലനിന്നേക്കാം. 

അതേസമയം, പിന്നിട്ടയാഴ്ച ഇതാദ്യമായി 40,000 പിന്നിട്ട ബാങ്ക് നിഫ്റ്റിയിൽ നേട്ടംതുടർന്നേക്കാനാണ് സാധ്യത. വിവിധ ബാങ്കുകളുടെ പ്രവർത്തനഫലങ്ങൾ ഈയാഴ്ച പുറത്തുവരാനുണ്ട്‌. സാമ്പത്തിക പ്രവർത്തനങ്ങളിലെ പുരോഗതി, സ്ഥിരതയുള്ള ആസ്തി നിലവാരം എന്നിവ കണക്കിലെടുക്കുമ്പോൾ ഈ മേഖലയിൽനിന്ന് മികച്ച പ്രവർത്തനഫലംതന്നെ പ്രതീക്ഷിക്കാം. 

ഉത്സവസീസണിൽ ഉപഭോഗത്തിൽ വർധനവുപ്രതീക്ഷിക്കാമെങ്കിലും ആഗോളതലത്തിൽ അസംസ്‌കൃത എണ്ണവില ഉയരുന്നതും അതേതുടർന്നുള്ള വിലക്കയറ്റവും കടുത്ത ഭീഷണി ഉയർത്തുന്നുണ്ട്. അതോടൊപ്പം പ്രതിമാസ കരാറുകളുടെ കാലാവധി അവസാനിക്കുന്നതിനാൽ അടുത്തയാഴ്ച നിർണായകവുമാണ്. വിപണിയിൽ ചാഞ്ചാട്ടം തുടരുമെന്നകാര്യത്തിൽ സംശയമില്ല.