യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കും അവകാശപ്പെട്ടതായിരുന്നു പോയവാരത്തെ വിപണിയിലെനേട്ടം. ഉത്തേജന പാക്കേജുകൾ ഘട്ടംഘട്ടമായി പിൻവലിക്കുമെന്ന് സൂചിപ്പിക്കുകമാത്രമല്ല, 2022 പകുതിയോടെ അതിന് അവസാനംകുറിക്കുമെന്നും അദ്ദേഹം അടിവരയിട്ടു. അധികസമയമൊന്നുംവേണ്ടിവന്നില്ല, സെൻസെക്‌സിന് 60,000 പിന്നിടാൻ.

എവർഗ്രാൻഡെയുടെ പൊട്ടിത്തെറി വിപണിയിൽ ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും പവലിന്റെ പ്രഖ്യാപനം അതിനെ വഴിതിരിച്ചുവിട്ടു. ബാങ്കിങ് സംവിധാനത്തെ ശക്തിപ്പെടുത്താനായി ചൈനീസ് കേന്ദ്ര ബാങ്ക് വൻതോതിൽ പണമിറക്കിയതും വിപണികൾക്ക് അനുകൂലമായി. 

ചൈനീസ് റിയൽ എസ്റ്റേറ്റ് ഭീമനായ എവർഗ്രാൻഡെ പ്രതിസന്ധി നേരിട്ടപ്പോഴും രാജ്യത്തെ റിയൽ എസ്‌റ്റേറ്റ് ഓഹരികളിൽ അടുത്തകാലത്തൊന്നുമില്ലാത്ത കുതിപ്പുണ്ടായി. കോവിഡ് വ്യാപനംകുറയുന്ന സാഹചര്യത്തിൽ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ വൻതോതിൽ നിക്ഷേപം നടത്തിയതുമൊക്കെയാണ് വിപണിയിലെ കുതിപ്പിന് പിന്നിൽ.  

സെപ്റ്റംബർ 24ന് സെൻസെക്‌സ് 60,333 എന്ന പുതിയ ഉയരംതൊട്ടു. നിഫ്റ്റിയാകട്ടെ 17,947.65ലുമെത്തി. പോയആഴ്ചമാത്രം സെൻസെക്‌സ് 1,032.58 പോയന്റ്(1.75ശതമാനം) കൂട്ടിച്ചേർത്ത് 60,048.47ൽ ക്ലോസ്‌ചെയ്തു. നിഫ്റ്റി 268.05 പോയന്റ് (1.52ശതമാനം)ഉയർന്ന് 17,853.20ലും വ്യാപാരം അവസാനിപ്പിച്ചു. 

ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.59ശതമാനം ഉയർന്നു. സ്‌മോൾ ക്യാപാകട്ടെ കാര്യമായ നേട്ടമുണ്ടാക്കിയുമില്ല. വിപണിമൂല്യത്തിൽ (സെൻസെക്‌സിൽ) റിലയൻസ് ഇൻഡസ്ട്രീസാണ് കൂടുതൽ മുന്നേറ്റമുണ്ടാക്കിയത്. ഇൻഫോസിസ്, ബജാജ് ഫിൻസർവ്, എച്ച്‌സിഎൽ ടെക്‌നോളജീസ് തുടങ്ങിയ ഓഹരികളുടെ വിപണിമൂല്യവും ഉയർന്നു. ടാറ്റ സ്റ്റീൽ, എസ്ബിഐ തുടങ്ങിയ ഓഹരികളുടെ മൂല്യത്തിൽ ഇടിവുമുണ്ടായി. 

sensex

സെക്ടറൽ സൂചികകളിൽ നിഫ്റ്റി റിയാൽറ്റി സൂചിക 20 ശതമാനത്തിലേറെയാണ് കുതിച്ചത്. മീഡിയ 11ശതമാനവുംനേട്ടമുണ്ടാക്കി. അതേസമയം, നിഫ്റ്റി മെറ്റൽ, പൊതുമേഖല ബാങ്ക് സൂചികകൾ 3-4ശതമാനം താഴുകയുംചെയ്തു. പൊയവാരം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 8.38 കോടി രൂപ മൂല്യമുള്ള ഓഹരികൾ വിറ്റൊഴിഞ്ഞു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ വെറുംകയ്യോടെ നോക്കിനിന്നില്ല. 3,048.3 കോടി രൂപയുടെ ഓഹരികൾ സ്വന്തമാക്കി വിപണിയെ താങ്ങി. 

വരുംആഴ്ച
ഉയർന്ന മ്യൂല്യത്തിലുള്ള വിപണിയിൽനിന്ന് ലാഭമെടുക്കാനുള്ള പ്രവണത നിലനിൽക്കുന്നതിനാൽ ചാഞ്ചാട്ടത്തിനുള്ള സാധ്യത കൂടുതലാണ്. ഫ്യൂച്ചർ കരാറുകളുടെ കാലാവധി അവസാനിക്കുന്നകാര്യവും ഓർക്കണം. 

സാമ്പത്തിക ഡാറ്റകളൊന്നും അടുത്തയാഴ്ച പുറത്തുവരാനില്ലാത്തതിനാൽ വിപണി സ്ഥിരതകൈവരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എവർഗ്രാൻഡെക്ക് ഇനി സെപ്റ്റംബർ 29നാണ് പണംതിരികെ നൽകാനുള്ള തിയതി. എവർഗ്രാൻഡെയുടേതടക്കമുള്ള ആഗോള സൂചനകളുമാകും അടുത്തയാഴ്ച വിപണിയുടെ ഗതിനിർണയിക്കുക. ചഞ്ചലവും പ്രവചനാതീതവുമായതിനാൽ അടിസ്ഥാനപരമായി മികച്ച ഓഹരികളിൽമാത്രം നിക്ഷേപിക്കാൻ ശ്രദ്ധിക്കുക.