ടാറ്റ ഗ്രൂപ്പിലെ ടെക്‌നോളജി കമ്പനിയായ ടാറ്റ ഇലക്‌സി ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് നേടിക്കൊടുത്തത് 386ശതമാനം നേട്ടം. 2020 ജൂലായ് 2ന് 910 രൂപ നിലവാരത്തിലായിരുന്ന ഓഹരി വില 4,430 രൂപയിലെത്തിയിരിക്കുന്നു. ഒരുവർഷത്തിനിടെ സെൻസെക്‌സ് 46ശതമാനംമാത്രം നേട്ടമുണ്ടാക്കിയപ്പോഴാണ് ടാറ്റ ഗ്രൂപ്പിലെ ടെക്‌നോളജി സേവന ദാതാക്കളായ ടാറ്റ ഇലക്‌സി 386ശതമാനം ആദായം നൽകിയത്. ഈ ഓഹരിയിൽ ഒരുവർഷം മുമ്പ് അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോഴത് 24.31 ലക്ഷമാകുമായിരുന്നു. 

മിഡ് ക്യാപ് വിഭാഗത്തിൽപ്പെട്ട ഈ ഓഹരി ഒരാഴ്ചക്കിടെമാത്രം 16.5ശതമാനമാണ് നേട്ടമുണ്ടാക്കിയത്. കമ്പനിയുടെ വിപണിമൂല്യം 27,000 കോടി രൂപയിലേറായായി ഉയർന്നു.

നിരവധി ബ്രോക്കിങ് ഹൗസുകൾ നിക്ഷേപത്തിനായി  ഓഹരി ശുപാർശ ചെയ്തിട്ടുണ്ട്. ഡിജിറ്റൈസേഷൻ, ടെക്‌നോളജി വികസനം എന്നിവയ്ക്കായി വിവിധ കമ്പനികളിൽനിന്ന് ഡിമാൻഡുണ്ടായതാണ് ഇലക്‌സി നേട്ടമാക്കിയത്.  

2020-21 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 43.7ശതമാനം വർധിച്ച് 368.1 കോടി രൂപയായി. വരുമാനമാകട്ടെ 13.4ശതമാനം കൂടി 1,826.2 കോടി രൂപയുമായി.

വാഹനം, പ്രക്ഷേപണം, ആശയവിനിമയം, ആരോഗ്യം, ഗതാഗതം എന്നീ മേഖലകളിൽ ഇതിനകം മികച്ച സാന്നിധ്യമാകാൻ കമ്പനിക്കായി. ആഗോള കമ്പനികളുടെകൂടി കരാറുകൾ നേടാൻ ടാറ്റ ഗ്രൂപ്പിന്റെ ഈ കമ്പനിക്കായിട്ടുണ്ട്.