റെഡിംങ്ടൺ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരി വിലയിൽ ഒരുവർഷത്തിനിടെയുണ്ടായ വർധന 273 ശതമാനം. 2020 ജൂലായ് 13ന് 96.05 രൂപയായിരുന്ന ഓഹരി വില 2021 ജൂലായ് 13ന് 358 രൂപയായാണ് വർധിച്ചത്. ഈ കാലയളവിൽ സെൻസെക്‌സ് 44ശതമാനംമാത്രമാണ് നേട്ടമുണ്ടാക്കിയത്. 

മിഡ് ക്യാപ് വിഭാഗത്തിൽപ്പെട്ട ഈ ഓഹരിയിൽ ഒരുവർഷംമുമ്പ് അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ 18.63 ലക്ഷംരൂപയാകുമായിരുന്നു. ഈവർഷംമാത്രം 164ശതമാനം ആദായമാണ് കമ്പനി നിക്ഷേപകർക്ക് നൽകിയത്. കഴിഞ്ഞ ദിവസം 340.05 രൂപ നിലവാരത്തിലായിരുന്നു ക്ലോസിങ്. ചൊവാഴ്ച 5.28ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഉയർന്ന നിലാവരമായ 358 രൂപയിലെത്തി. വിപണിമൂല്യം 13,000 കോടിയായി ഉയരുകയുംചെയ്തു. 

ഐടി കൺസ്യൂമർ, ഐടി എന്റർപ്രൈസസ് ആൻഡ് മൊബിലിറ്റി മേഖലകളിലുണ്ടായ വളർച്ചയാണ് കമ്പനിക്ക് ഗുണകരമായത്. സപ്ലൈചെയിൻ മേഖലയിലെ വളർച്ചയും കമ്പനിക്ക് നേട്ടമായി. 

2021 മാർച്ച് പാദത്തിൽ അറ്റാദായം 154ശതമാനം വർധിച്ച് 302.51 കോടിയായി. കഴിഞ്ഞവർഷം ഇതേകാലയളവിൽ 119.20 കോടിയായിരുന്നു ലാഭം. കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം ഓഹരിയൊന്നിന് ഒന്ന് എന്ന അനുപാതത്തിൽ ബോണസ് ഓഹരി നൽകാനും തീരുമാനിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റ് 20നാണ് ബോണസ് ഓഹരിയുടെ റെക്കോഡ് തിയതിയായി നിശ്ചയിച്ചിട്ടുള്ളത്. 

മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. നിലവിലെനേട്ടം ഭാവിയിൽ ആവർത്തിക്കണമെന്നില്ല. ഓരോരുത്തരും സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപംനടത്താൻ.