ഹരി സൂചികകൾ എക്കാലത്തെയും ഉയരത്തിൽ കുതിച്ചതോടെ നിരവധി ഓഹരികൾ മികച്ചനേട്ടം നിക്ഷേപകർക്ക് നൽകി. മികച്ച അടിസ്ഥാനമുള്ള കമ്പനികളോടൊപ്പം പെന്നി സ്റ്റോക്കുകളും നേട്ടത്തിന്റെ ഭാഗമായി. ആവിഭാഗത്തിൽപ്പെട്ട പെന്നി സ്റ്റോക്കാണ് ഗോപാല പോളിപ്ലാസ്റ്റ്. ഒരുവർഷത്തിനിടെ 4.45 രൂപയിൽനിന്ന് 998.45 രൂപ നിലവാരത്തിലേക്കാണ് ഓഹരി വില കുതിച്ചത്. അതായത് നേട്ടം 22,300ശതമാനം. 

നേട്ടക്കണക്ക് ഇങ്ങനെ
535 രൂപ നിലവാരത്തിലായിരുന്ന ഓഹരി വില ഒരുമാസംകൊണ്ടാണ് 1225 രൂപ നിലവാരത്തിലേക്ക് കുതിച്ചത്. അഞ്ച് വ്യാപാരദിനത്തിനിടെ വില 18.50ശതമാനം ഇടിഞ്ഞ് 998 രൂപ നിലവാരത്തിലേക്കെത്തി. ആറുമാസത്തെ നേട്ടം പരിശോധിക്കുകയാണെങ്കിൽ, 14.75ൽനിന്നാണ് കുതിപ്പ് നടത്തിയത്. നേട്ടം കണക്കാക്കുകയാണെങ്കിൽ 6,670 ശതമാനവുമാണ്. 

ഒരുമാസംമുമ്പ് ഈ ഓഹരിയിൽ ഒരുലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 1.86 ലക്ഷം രൂപയാകുമായിരുന്നു. ആറുമാസംമുമ്പായിരുന്നെങ്കിൽ 67.67 ലക്ഷമായും 2021ന്റെ തുടക്കത്തിൽ 8.26 രൂപ നിലവാരത്തിലാണ് നിക്ഷേപിച്ചിരുന്നതെങ്കിൽ 1.21 കോടി രൂപയുമാകുമായിരുന്നു. ഒരുവർഷം മുമ്പ് ഓഹരിയൊന്നിന് 4.45 രൂപ നിരക്കിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇന്നതിന്റെ മൂല്യം 2.24 കോടിയുമാകുമായിരുന്നു. 

ജൂൺ പാദത്തിലെ കണക്കുപ്രകാരം കമ്പനിയിലെ 92.83ശതമാനം ഓഹരിയും പ്രൊമോട്ടർമാരുടെ കൈവശമാണുള്ളത്. കമ്പനിയിലെ അഞ്ച് ശതമാനം ഓഹരി ബാങ്ക് ഓഫ് ബറോഡയുടെ കൈവശമാണ്. വിദേശ നിക്ഷേപകർ, റീട്ടെയിൽ നിക്ഷേപകർ ഉൾപ്പടെയുള്ളവരുടെ കൈവശം 7.17ശതമാനവും.

മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം 63.62 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുൻവർഷം ഇത് 20.70 കോടിയായിരുന്നു. 407ശതമാനമാണ് വർധന. 

മുന്നറിയിപ്പ്: ഒരുവർഷത്തിനിടെ ഓഹരി വിപണിയിലുണ്ടായ കുതിപ്പിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ പരിചയപ്പെടുത്തുകമാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. നിക്ഷേപത്തിനുള്ള ശുപാർശയായി കാണേണ്ടതില്ല. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപം നടത്താൻ.