മാര്‍ച്ചിലെ തകര്‍ച്ചയില്‍നിന്ന് സൂചികകള്‍ കുതിച്ചപ്പോള്‍ എല്ലാ ഓഹരികളും മികച്ച നേട്ടമുണ്ടാക്കിയില്ല. 1000 കോടി രൂപയിലധികം വിപണിമൂല്യമുള്ള മൂന്നിലൊന്ന് ഓഹരികള്‍ ഇപ്പോഴും നഷ്ടത്തില്‍തന്നയൊണ്. 78 ശതമാനംവരെ നഷ്ടമുണ്ടാക്കിയ ഓഹരികളും ഇക്കൂട്ടത്തിലുണ്ട്.
ഫ്യൂച്ചര്‍ റീട്ടെയില്‍ ഫാഷന്‍സ്, ഫ്യൂച്ചര്‍ റീട്ടെയില്‍, സുവെന്‍ ലൈഫ് സയന്‍സ്, ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍, യെസ് ബാങ്ക്, ജിഇ പവര്‍, ഫെഡറല്‍ മൊഗുള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 16വരെയുള്ള കണക്കെടുക്കുമ്പോള്‍ 53 മുതല്‍ 78ശതമാനംവരെ നഷ്ടത്തിലാണ്.
60ഓളം ഓഹരികള്‍ ഈകാലയളവില്‍ 20ശതമാനത്തോളം നഷ്ടമാണ് നിക്ഷേപകന് നല്‍കിയത്. ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍, ക്യാപിറ്റല്‍ ഗുഡ്‌സ് സെക്ടര്‍ തുടങ്ങിയവയുടെ നഷ്ടത്തിന്റെ വിഹിതം 33ശതമാനമാണ്. ഓട്ടോ സെക്ടറാകട്ടെ 8.8ശതമാനവും. എഫ്എംസിജി, ഇന്‍ഫ്ര, റിയാല്‍റ്റി കമ്പനികള്‍ 5.3ശതമാനംവീതവും നഷ്ടംപങ്കിട്ടു.
ആഗോളതലത്തില്‍ കോവിഡ് പരത്തിയ ഭീതിയില്‍ മാര്‍ച്ചില്‍ തകര്‍ന്നടിഞ്ഞ ഓഹരി സൂചികകള്‍ 83ശതമാനം തിരിച്ചുവരവ് നടത്തി എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. സെന്‍സെക്‌സ് 47,000വും നിഫ്റ്റി 13,750ഉം മറികടന്നു. ഈവര്‍ഷം സെന്‍സെക്‌സ് ബ്ലൂചിപ് സൂചികയിലുണ്ടായ നേട്ടം 13.5ശതമാനവുമാണ്.