സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയ നടപടി സുപ്രീം കോടതി ശരിവെച്ചതോടെ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകൾ കുതിച്ചു. 

ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിനിടെയാണ് ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ് ഉൾപ്പടെയുള്ള കമ്പനികളുടെ ഓഹരി വില ആറുശതമാനത്തോളം ഉയർന്നത്. 

ടാറ്റ കമ്യൂണിക്കേഷൻസിന്റെ ഓഹരി വില 4.21ശതമാനം കുതിച്ച് 1119 രൂപ നിലവാരത്തിലെത്തി. നാലുദിവസം തുടർച്ചയായി ഈ ഓഹരിയുടെ വിലയിൽ ഇടിവുണ്ടായിരുന്നു. ടാറ്റ സ്റ്റീലിന്റെ ഓഹരി വില 6.14ശതമാനം ഉയർന്ന് 767 രൂപയിലെത്തി. ടാറ്റ മോട്ടോഴ്‌സാകട്ടെ 5.6ശതമാനം നേട്ടത്തിൽ 301 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 

ടാറ്റ ഗ്രൂപ്പിന്റെ ഐടി കമ്പനിയായ ടിസിഎസിന്റെ ഓഹരി വില 1.62ശതമാന നേട്ടത്തിലാണ്. 3118 രൂപനിലവാരത്തിലാണ് വില. വൻകിട കമ്പനികളിലൊന്നായ ടിസിഎസിന്റെ ഓഹരി കഴിഞ്ഞ രണ്ടുദിവസവും നഷ്ടത്തിലായിരുന്നു ക്ലോസ്‌ചെയ്തത്. 

ടാറ്റ കെമിക്കൽസ് 3.58ശതമാനം ഉയർന്ന് 757 രൂപയിലും ടാറ്റ കോഫി 3.74ശതമാനംനേട്ടത്തിൽ 120 രൂപയിലും ടാറ്റ ഇലക്‌സി 3.57ശതമാനം ഉയർന്ന് 2,697 രൂപ നിലവാരത്തിലുമെത്തി. 

Tata Group shares rise up to 6% after SC upholds removal of Cyrus Mistry