സംവത് 2075 അവസാനിക്കാറായി. ദീപാവലി ദിവസമായ ഞായറാഴ്ച പുതിയ സംവതിന് തുടക്കമാകും. പിന്നിട്ട ഒരുവര്‍ഷത്തില്‍ നിഫ്റ്റി 10 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. സെന്‍സെക്‌സ് 11.62ശതമാനവും. മികച്ച ഓഹരികളില്‍മാത്രം നേട്ടം ഒതുങ്ങിനിന്നു. 2075 സംവതില്‍ പലര്‍ക്കും നഷ്ടത്തിന്റെ കണക്കുകളാണ് പറയാനുണ്ടായിരുന്നത്. മിഡ്ക്യാപ് 35 മുതല്‍ 50 ശതമാനംവരെ നഷ്ടത്തിലായി. സ്ഥിര നിക്ഷേപ പദ്ധതികളുടെ പലിശനിരക്കിലും കുത്തനെ കുറവുണ്ടായി. ഈ സാഹചര്യത്തില്‍ പുതിയ സംവതില്‍ നിക്ഷേപിക്കാവുന്ന ഓഹരികള്‍ പ്രമുഖ ബ്രോക്കിങ് ഹൗസുകള്‍ നിര്‍ദേശിക്കുന്നു.

1. ഐസിഐസിഐ ബാങ്ക് I നിലവിലെ നിലവാരം 455 രൂപ I ലക്ഷ്യവില 505

സംവത് 2076ല്‍ നിക്ഷേപിക്കാവുന്ന മികച്ച ഓഹരിയായി നിരവധി ബ്രോക്കിങ് ഹൗസുകള്‍ ബാങ്കിന്റെ ഓഹരി നിര്‍ദേശിക്കുന്നുണ്ട്. 492 രൂപയാണ് ആക്‌സിസ് സെക്യൂരിറ്റീസിന്റെ ലക്ഷ്യവില. വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും ബാങ്കിങ് മേഖലയില്‍ ഐസിഐസിഐ ബാങ്ക് കുതിപ്പ് നടത്തുമെന്നാണ് വിലയിരുത്തല്‍. 

അടുത്ത 12 മാസത്തിനുള്ളില്‍ ബാങ്കിന്റെ ഓഹരി വില 505 രൂപയിലെത്തുമെന്ന് ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് പ്രതീക്ഷിക്കുന്നു. മോട്ടിലാല്‍ ഒസ് വാള്‍, ഷേര്‍ഖാന്‍ എന്നിവയും ഐസിഐസിഐ ബാങ്ക് ഓഹരി ശുപാര്‍ശ ചെയ്യുന്നുണ്ട്.

2. എല്‍ആന്റ്ടി I നിലവിലെ വില 1,430 I ലക്ഷ്യവില 1,875 രൂപ

എല്‍ആന്റ്ടി ഓഹരി വരുംവര്‍ഷം മികച്ച നിലവാരത്തിലെത്തുമെന്നാണ് ഐഐഎഫ്എലിന്റെ വിലയിരുത്തല്‍. 1,875 രൂപയാണ് അവര്‍ നല്‍കിയിരിക്കുന്ന ലക്ഷ്യവില. കാര്‍വി സ്റ്റോക്ക് ബ്രോക്കിങ്, കൊട്ടക് സെക്യൂരിറ്റീസ്, മോട്ടിലാല്‍ ഒസ് വാള്‍ തുടങ്ങിയവയും അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ ഓഹരി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് വിലയിരുത്തുന്നു.

3. ബജാജ് ഓട്ടോ I നിലവിലെ നിലവാരം 3117 രൂപ I ലക്ഷ്യവില 3447

കമ്പനി ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലിറക്കിയത് ഈയിടെയാണ്. എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് അടുത്ത ഒരുവര്‍ഷത്തേയ്ക്ക് നിക്ഷേപിക്കാന്‍ മികച്ച ഓഹരിയായി ബജാജ് ഓട്ടോ ശുപാര്‍ശ ചെയ്യുന്നു.

ഒരുവര്‍ഷത്തിനുള്ളില്‍ ഓട്ടോമൊബൈല്‍ സെക്ടര്‍ മികച്ചകാഴ്ചവെയ്ക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. സര്‍ക്കാരിന്റെ ഉത്തേജന നടപടികള്‍, മികച്ച മണ്‍സൂണ്‍ എന്നിവ ഈ മേഖലയെ തുണയ്ക്കുമെന്നാണ് കണക്കുകൂട്ടല്‍. 

രാജ്യത്തെതന്നെ രണ്ടാമത്തെ ഏറ്റവും വലിയ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളാണ് ബജാജ് ഓട്ടോ. സ്ഥിരതയുള്ള വളര്‍ച്ച പ്രകടിപ്പിക്കുന്ന സ്ഥാപനം മികച്ച നിലവാരത്തില്‍ ഇപ്പോള്‍ ലഭ്യമാണെന്നാണ് വിലയിരുത്തല്‍. ഏതൊരു താഴ്ചയിലും ഓഹരിയില്‍ നിക്ഷേപിക്കാം. ലക്ഷ്യവില 3,447 രൂപ.

4. ജെ.കെ പേപ്പര്‍ I നിലവിലെ വില 124 രൂപ I ലക്ഷ്യവില 174

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനുമേലുളള നിരോധനം കമ്പനിയ്ക്ക് ഗുണകരമാകും. ഇ-കൊമേഴ്‌സ് കമ്പനികള്‍ പേപ്പര്‍ ഉപയോഗിക്കാന്‍ തുടങ്ങും. ഇത് പേപ്പറിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്നാണ് ഇന്ത്യനിവേഷ് വിലയിരുത്തുന്നത്. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ 15 ശമതാനം വാര്‍ഷികാദായം കമ്പനിയിലുടെ ഓഹരിയില്‍നിന്ന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. 

5.അള്‍ട്രടെക് സിമെന്റ് I നിലവിലെ നിലവാരം 4,295 I ലക്ഷ്യവില 4,980 രൂപ

അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ സിമെന്റിന്റെ ഡിമാന്റ് വര്‍ധിക്കുന്നതോടൊപ്പം വിലയും കൂടുമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിന്റെ നിഗമനം. വരുമാനം വര്‍ധിക്കുന്നതോടൊപ്പം മികച്ച വളര്‍ച്ചാ സാധ്യതയും അതിലൂടെ ലാഭസാധ്യതയും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് കാണുന്നു. അടുത്ത ദീപാവലിക്കുമുമ്പായി 4,980 നിലവാരത്തിലേയ്ക്ക് കമ്പനിയുടെ ഓഹരി വില ഉയരുമെന്നാണ് വിലയിരുത്തല്‍.

6. ഏഷ്യന്‍ പെയിന്റ്‌സ് I നിലവിലെ വില 1,775 I ലക്ഷ്യവില 1,935 രൂപ

ഡെക്കറേറ്റീവ് പെയിന്റ് മേഖലയില്‍ കമ്പനിയുടെ സ്ഥാനം തകര്‍ക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. മികച്ച വളര്‍ച്ചാ സാധ്യതയാണ് ഇനിയും ഈ മേഖലയിലുള്ളതെന്ന് ആക്‌സിസ് സെക്യൂരിറ്റീസ് വിലയിരുത്തുന്നു. എക്കാലത്തും മികച്ച വരുമാനവും അറ്റാദായവും നല്‍കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.

7. ഡാല്‍മിയ ഭാരത് സിമെന്റ് I നിലവിലെ വില 810 I ലക്ഷ്യവില 975

ഇന്ത്യയിലെ നാലമത്തെ വലിയ സിമെന്റ് കമ്പനിയാണ് ഡാല്‍മിയ ഭാരത്. മഹാരാഷ്ട്രയിലെ മുര്‍ളി ഇന്‍ഡസ്ട്രീസ് എറ്റെടുക്കുന്നതോടെ കമ്പനിയുടെ ഉത്പാദനശേഷി വര്‍ധിപ്പിക്കാന്‍ കഴിയും. 26.1 മെട്രിക് ടെണ്‍ ആണ് നിലവിലെ ഉത്പാദനശേഷി. 

നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ 6.5 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പുകൂടിവരുന്നതോടെ സിമെന്റിന്റെ ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. അതുകൊണ്ടുതന്നെ ജിയോജിത്, ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 975 രൂപയാണ്. 

8. ഫെഡറല്‍ ബാങ്ക് I നിലവിലെ വില 84 I ലക്ഷ്യവില 104

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കാണ് ഫെഡറല്‍ ബാങ്ക്, 1251 ശാഖകളും 1942 എടിഎം കൗണ്ടറുകളും ബാങ്കിനുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ശരാശരി കണക്കാക്കുകയാണെങ്കില്‍ 22 ശതമാനം കിഴിവിലാണ് ഓഹരിയുടെ വ്യാപാരം നടക്കു്‌നനത്. ഒരുവര്‍ഷത്തിനുള്ളില്‍ 24 ശതമാനനം നേട്ടം ഓഹരി വിലയിലുണ്ടാകാമെന്നാണ് ജിയോജിത്തിന്റെ വിലയിരുത്തല്‍. 

മറ്റ് ഓഹരികള്‍
9. എച്ച്ഡിഎഫ്‌സി ബാങ്ക് I പ്രതീക്ഷിക്കുന്ന നേട്ടം 20 ശതമാനം

അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ നികുതി കിഴിച്ചുള്ള ആദായത്തില്‍ 20 ശതമാനം വാര്‍ഷിക വര്‍ധനവുണ്ടാകുമെന്നാണ് ആദിത്യ ബിര്‍ള ക്യാപിറ്റലിന്റെ വിലയിരുത്തല്‍. 

10. ഹീറോ മോട്ടോര്‍കോര്‍പ് I പ്രതീക്ഷിക്കുന്ന നേട്ടം 27 ശതമാനം

കുറഞ്ഞ പലിശയും മികച്ച മണ്‍സൂണും ഗ്രാമീണ മേഖലയില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് കൂട്ടും. കമ്പനിയുടെ ഓഹരി വിലയില്‍ വന്‍ ഇടിവാണ് ഒരുവര്‍ഷത്തിനിടെ ഉണ്ടായത് 3380 രൂപവരെ ഉയര്‍ന്ന വില 2225 രൂപ നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്. 2696 രൂപയാണ് നിലവിലെ നിലവാരം. ഓഹരി വില 3,376 നിലവാരത്തിലേയ്ക്ക് ഉയരുമെന്നാണ് ഇന്ത്യനവേഷിന്റെ വിലയിരുത്തല്‍.

 Sumvat 26: Here are ten shares to invest