Photo: Gettyimages
ടാറ്റ സ്റ്റീലിന്റെ ഓഹരി വില പത്തിലൊന്നായി കുറഞ്ഞ് 97 നിലവാരത്തിലേയ്ക്ക് എത്തിയപ്പോഴാണ് ആശങ്കയോടെ ആ ഇ-മെയില്‍ എത്തിയത്. മുന്‍ദിവസം 960 രൂപ നിലാവരത്തിലായിരുന്ന ഓഹരിയുടെ വിലയാണ് ഈതരത്തില് താഴ്ന്നത്. ഓഹരി വിഭജനത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് ഈ സംശയമുണ്ടായത്. ടാറ്റ സ്റ്റീലിനുപുറമെ ബജാജ് ഫിന്‍സര്‍വ് ഉള്‍പ്പടെയുള്ള കമ്പനികളും ഓഹരി വിഭജനം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഓഹരി വിഭജനത്തിലൂടെ നിക്ഷേപകന് നേട്ടമുണ്ടോയെന്ന് പരിശോധിക്കാം.
എന്താണ് ഓഹരി വിഭജനം?
ഒരാളുടെ കയ്യില്‍ 1000 രൂപയുടെ 10 ഓഹരിയുണ്ടെന്ന് കരുതുക. 1:10 അനുപാതത്തില്‍ വിഭജിച്ചാല്‍ അയാളുടെ കയ്യിലുള്ള ഓഹരികളുടെ എണ്ണം 100 ആകും. അതോടൊപ്പം ഒരു ഓഹരിയുടെ വില 100 ആയി കുറയുകയുംചെയ്യും. ഫലത്തില്‍ നിക്ഷേപകന്റെ കയ്യിലുള്ള ഓഹരി മൂല്യത്തില്‍ വ്യത്യാസം വരുന്നില്ലെന്ന് കാണാം.
ഓഹരി മൂല്യത്തോടൊപ്പംതന്നെ മുഖവിലയും കുറയുന്നു. 10 രൂപ മുഖവിലുയുള്ള ഒരു ഓഹരി 1:10 അനുപാതത്തില്‍ വിഭജിച്ചാല്‍ ഓഹരിയുടെ മുഖവില ഒരുരൂപയായി കുറയും. അതായത് കമ്പനിയുടെ മൊത്തം വിപണിമൂല്യത്തില്‍ കുറവ് വരുന്നില്ലെന്ന് കാണാം. അതേസമയം ഓഹരികളുടെ എണ്ണം പത്തിരട്ടി കൂടുകയും ചെയ്യും.
ഓഹരികളുടെ എണ്ണം കൂടുന്നത് ഭാവിയില്‍ ലഭിച്ചേക്കാവുന്ന ലാഭവിഹിതത്തില്‍ വര്‍ധനവ് വരുത്തുമോ? നിക്ഷേപകന് സ്വാഭാവികമായും ഉണ്ടായേക്കാവുന്ന സംശയമാണിത്. മുഖവിലയുടെ അടിസ്ഥാനത്തിലാണ് ലാഭവിഹിതം പ്രഖ്യാപിക്കുക. അതിനാല്‍ വിഭജനംമൂലം മുഖവില കുറഞ്ഞതിനാല്‍ ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയുമില്ല. ഓഹരി വിഭജനവും ബോണസ് ഓഹരി നല്‍കലും കമ്പനിയുടെ അടിസ്ഥാന മൂലധനത്തില്‍ മാറ്റംവരുത്തുന്നില്ല.
ഓഹരി വിഭജനത്തിന് പിന്നില്‍
ഓഹരികളുടെ എണ്ണം വര്‍ധിക്കുന്നതുമൂലം എക്സ്ചേഞ്ചില്‍ ഇടപാടുകള്‍ എളുപ്പമാകമെന്നതാണ് കമ്പനികളെ വിഭജനത്തിന് പ്രേരിപ്പിക്കുന്നത്. വളരെകാലംമുമ്പേ വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികള്‍ ഇടയ്ക്കെല്ലാം വിഭജനം നടത്തുന്നത് സാധാരണയാണ്.
ലിസ്റ്റ് ചെയ്യുമ്പോഴുള്ള ഓഹരി വില 500 രൂപയാണെന്ന് കരുതുക. കമ്പനിയുടെ മികച്ച പ്രകടനംകൊണ്ട് ദീര്‍ഘകാലത്തെ ട്രേഡിങില്‍ ഓഹരി വില 5000 ആയെന്നും കരുതുക. വില ഉയര്‍ന്ന സാഹചര്യത്തില്‍ ചെറുകിട നിക്ഷേപകരില്‍ പലരും ഇത്രയും വിലകൊടുത്ത് കമ്പനിയുടെ ഓഹരികള്‍ വാങ്ങിയെന്ന് വരില്ല. വിപണിയില്‍ ലഭ്യമായ താരതമ്യേന വിലകുറഞ്ഞ മികച്ച അടിസ്ഥാനമുള്ള കമ്പനികളുടെ ഓഹരികളിലാണ് അവര്‍ക്ക് താല്പര്യം.
ഈ കമ്പനിയുടെതന്നെ അഞ്ച് ഓഹരികള്‍ കൈവശമുള്ള ഓരാള്‍ക്ക് 12,000 രൂപ ആവശ്യമായിവന്നാല്‍ 10,000 അല്ലെങ്കില്‍ 15,000 രൂപയ്ക്കുള്ള ഓഹരികളാണ് വില്ക്കേണ്ടിവരിക. അതുകൊണ്ടുതന്നെ പലരും ഇത്രയും വിലയുള്ള ഓഹരിയില്‍നിന്ന് മാറിനില്‍ക്കുകയും ചെയ്യും. ഇങ്ങനെ വരുമ്പോള്‍ എക്സ്ചേഞ്ചില്‍ ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെക്കുറിച്ച് കമ്പനികള്‍ ചിന്തിക്കുക.
Also Read
5000 രൂപ മൂല്യമുള്ള ഓഹരി 1:10 എന്ന അനുപാതത്തില്‍ വിഭജിച്ചാല്‍ ഓഹരിവില 500 രൂപയിലെത്തുന്നു. ചെറുകിട നിക്ഷേപകര്‍ക്ക് ഓഹരി വിഭജനം ഗുണകരമാകുന്നത് അങ്ങനെയാണ്. ഓഹരികള്‍ വിഭജിച്ചയുടനെ ചെറുകിട നിക്ഷേപകരില്‍ താല്പര്യം കൂടുകയും ഇടപാടുകള്‍ വര്‍ധിക്കുകയും ചെയ്യുന്നു. അങ്ങനെവരുമ്പോള്‍ ഓഹരി വിലയില്‍ വര്‍ധനവുണ്ടാകാനും സാധ്യതയുണ്ട്.
antony@mpp.co.in
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..