നാം സംസാരിക്കുന്നത് സോക്സിനെക്കുറിച്ചായാലും സ്റ്റോക്സിനെക്കുറിച്ചായാലും ഗുണനിലവാരമുള്ളവ താഴ്ന്ന നിലയിലായിരിക്കുമ്പോള്‍ വാങ്ങാനാണ് എനിക്കിഷ്ടം -വാറന്‍ ബഫെറ്റ്                                                                                                       
 
നിഫ്റ്റിയെ 2020 മാര്‍ച്ചുമാസത്തെ താഴ്ചയായ 7511ല്‍നിന്ന് റെക്കോഡ്  ഉയരമായ 18,604 ലേക്കെത്തിച്ച മുന്നേറ്റം കാര്യമായ തിരുത്തലുകളില്ലാത്ത അപൂര്‍വമായ ഒരുഏകദിശാ കുതിപ്പായിരുന്നു. റെക്കോഡ് ഉയരത്തില്‍നിന്ന്  10 ശതമാനം തിരുത്തലോടെയാണ് ഈ കുതിപ്പ് അവസാനിച്ചത്. ഈ ബുള്‍ തരംഗത്തിലെ എളുപ്പം പണമുണ്ടാക്കാവുന്നഘട്ടം അവസാനിച്ചു കഴിഞ്ഞു. 2022ലെ നേട്ടങ്ങള്‍ ഒതുങ്ങിയ നിലയിലുള്ളതായിരിക്കും. അതായത് വന്‍ നേട്ടങ്ങള്‍ ഇനി ദുഷ്‌കരമാകുമെന്ന് ചുരുക്കം. അതേസമയം, ശരിയായ ഓഹരികള്‍ തെരഞ്ഞെടുക്കുന്നതില്‍ വിജയിച്ചാല്‍ ഇനിയും നേട്ടംസ്വന്തമാക്കാം. 

17000ത്തില്‍ നിഫ്റ്റിയുടെ പിഇ അനുപാതം 20 ആണ്. (22-23 സാമ്പത്തിക വര്‍ഷത്തെ കോര്‍പറേറ്റ് ലാഭത്തിന്റെ അടിസ്ഥാനത്തില്‍) തിരുത്തലിനു ശേഷവും വിലകള്‍ ഉയര്‍ന്നനിലയില്‍തന്നെ തുടരുകയാണ്. എങ്കിലും അതിരുകടന്നത് എന്ന് ഇപ്പോള്‍ പറയാന്‍കഴിയില്ല. കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സൃഷ്ടിച്ചതുപോലുള്ള അനിശ്ചിതത്വത്തിന്റെ  കാര്‍മേഘങ്ങള്‍ വിപണിക്കു മുകളിലുണ്ട്. എന്നാല്‍ ഇതിനിടയിലും സാമ്പത്തികരംഗത്ത് പ്രതീക്ഷയുടെ നിരവധി വെള്ളിരേഖകള്‍ തെളിഞ്ഞു കാണാം.  

വിദേശ സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ വില്‍പന
വിപണിയില്‍ തിരുത്തലുണ്ടാക്കി

വിപണിയില്‍ ഈയിടെയുണ്ടായ തിരുത്തലിനു പ്രധാനകാരണം വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ ഓഹരി വില്‍പനയാണ്.  ഒക്ടോബര്‍ മുതല്‍ തന്നെ ആരംഭിച്ച വിദേശസ്ഥാപനങ്ങളുടെ വില്‍പന നവംബറിലും ഡിസംബറിന്റെ തുടക്കത്തിലും ശക്തമായി തുടരുകയാണ്. ഒക്ടോബറില്‍ 14,475 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ വിറ്റഴിച്ചപ്പോള്‍ നവംബറില്‍ ഇത് 33,799 കോടിയായി ഉയര്‍ന്നു. ഡിസംബര്‍ ഏഴുവരെ 14,222.64 കോടി രൂപയുടെ ഓഹരികളാണ് വിദേശ സ്ഥാപനങ്ങള്‍ വിറ്റത്. 

അതിരുകടന്ന വിലകളെച്ചൊല്ലിയുള്ള ഉല്‍ക്കണ്ഠ

നവംബര്‍ ആദ്യം പ്രധാനപ്പെട്ട പലവിദേശ ബ്രോക്കര്‍ സ്ഥാപനങ്ങളും ഇന്ത്യന്‍ വിപണിയെ തരംതാഴ്ത്തുകയുണ്ടായി. അതിരുകടന്ന വിലകളായിരുന്നു കാരണം. ഇന്ത്യന്‍ വിപണിയുടെ പിഇ അനുപാതം മറ്റു എമേര്‍ജിംഗ് വിപണികളേക്കാള്‍ 60 ശതമാനം കൂടുതലും, വില-ബുക്ക് വാല്യു അനുപാതം 100 ശതമാനം കൂടുതലുമാണ്. വിപണി മൂല്യവും ജിഡിപിയുമായുള്ള അനുപാതം 120 ശതമാനമെന്നതും കൂടുതലാണ്. ഉയര്‍ന്നു നില്‍ക്കുന്ന ഈമൂല്യ മാനദണ്ഡങ്ങളാണ് വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പനയ്ക്കുള്ള കാരണം.  

സാമ്പത്തികരംഗം ശക്തിയാര്‍ജ്ജിക്കുന്നു;
കോര്‍പറേറ്റ് വരുമാന വളര്‍ച്ച ഉയരുന്നു

അനുകൂലമായ സാമ്പത്തിക വാര്‍ത്തകളാണ് വെള്ളിരേഖ. 2022 സാമ്പത്തികവര്‍ഷം രണ്ടാംപാദത്തിലെ 8.4 ശതമാനം ജിഡിപി വളര്‍ച്ചാ നിരക്ക്  പ്രതീക്ഷയ്ക്കപ്പുറമാണ്. സര്‍ക്കാര്‍ ചിലവുകള്‍ കൂടിയനിലയില്‍ തുടരാന്‍ പാകത്തിന് ജിഎസ്ടി പിരിവ് ഗണ്യമായി ഉയര്‍ന്നു. നവംബര്‍ മാസത്തില്‍ ഇത് 1.31 ലക്ഷം കോടി രൂപയായിരുന്നു. മൂലധന രൂപീകരണം ജിഡിപിയുടെ 28 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 2022 സാമ്പത്തിക വര്‍ഷം 10 ശതമാനം ജിഡിപി വളര്‍ച്ചാനിരക്കോടെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ രാജ്യം എന്നപദവിയിലേക്ക് ഇന്ത്യ ഉയരും. അടുത്ത മൂന്നു വര്‍ഷക്കാലയളവില്‍ ഏഴു ശതമാനത്തിലധികം വളര്‍ച്ച നേടാന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കു സാധിക്കും. കോര്‍പറേറ്റുകളുടെ ലാഭം ഉയരുന്ന ഘട്ടത്തിലായതുകൊണ്ട് വരുന്ന മൂന്നു വര്‍ഷക്കാലയളവില്‍ ശരാശരി 20 ശതമാനം വാര്‍ഷിക ലാഭ വര്‍ധന കൈവരിക്കാനാകും. ഇതു സാധ്യമാവുകയാണെങ്കില്‍ ഓഹരി വിലകള്‍ അത്ര അധികമല്ലെന്നു കാണാന്‍ കഴിയും.

റെക്കോഡുയരത്തില്‍ നിന്നുള്ള 10 ശതമാനം തിരുത്തല്‍ ചില മേഖലകളേയും ഓഹരികളേയും ആകര്‍ഷകമാക്കിയിട്ടുണ്ട്. ധനകാര്യ സ്ഥപനങ്ങളും പ്രത്യേകിച്ച് ബാങ്കുകള്‍, ഐടി മേഖലയും ഉയര്‍ന്ന ലാഭം നല്‍കാന്‍ കെല്‍പ്പുള്ളതിനാല്‍ നിലവിലുള്ള വിലകളില്‍ അവ ആകര്‍ഷണീയം തന്നെയാണ്. വിദേശ സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ വില്‍പനയാണ് ഈ ബുള്‍ തരംഗത്തിലും ബാങ്ക് ഓഹരികളുടെ പ്രകടനം മോശമാകാന്‍ കാരണം. നവംബര്‍ മാസത്തില്‍ മാത്രം 15,606 കോടി രൂപ മൂല്യമുള്ള ബാങ്ക് ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വിറ്റിട്ടുണ്ട്. വിദേശ നിക്ഷേപകരുടെ പോര്‍ട്ഫോളിയോ ഘടനയാണ് പ്രധാനമായും ഇതിനു കാരണം. വിദേശ നിക്ഷേപകരുടെ ഏറ്റവും വലിയ നിക്ഷേപം ബാങ്കിംഗ് ഓഹരികളാണ്- 2021 നവംബര്‍ 30 ലെ കണക്കനുസരിച്ച്  818524 കോടി രൂപ- ബാങ്കിംഗ് മേഖലയില്‍ പ്രശ്നങ്ങളൊന്നുമില്ല; മറിച്ച് സാഹചര്യങ്ങള്‍ അനുകൂലമാവുകയാണ്. ഒന്നും രണ്ടും പാദഫലങ്ങള്‍  കാണിക്കുന്നത് നിഷ്‌ക്രിയ ആസ്തികള്‍ കുറയുകയും വായ്പകള്‍ വര്‍ധിക്കുകയും ചെയ്യുന്നതായാണ്.  ഉയര്‍ന്ന ഗുണമേയുള്ള വന്‍കിട സ്വകാര്യ ബാങ്കുകളിലും ഏതാനും പൊതുമേഖലാ ബാങ്കുകളിലും നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ അവസരമാണിത്. കൂടിയവിലകള്‍ നിലനില്‍ക്കുമ്പോഴും ഐടി ഓഹരികള്‍ ആകര്‍ഷകമായ നിക്ഷേപ സാധ്യതകള്‍ തന്നെയാണ് തുറന്നിടുന്നത്. കാരണം ഈ മേഖലയില്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന വളര്‍ച്ചാ സാധ്യതയാണുള്ളത്.    

ധനകാര്യസ്ഥാപനങ്ങളിലും ഐടി മേഖലയിലും സാധ്യതകള്‍ കൂടുതല്‍ വികസിക്കുന്നതായാണ് സൂചന. പ്രമുഖ ബാങ്കുകളുടെ വായ്പാ വളര്‍ച്ച രണ്ടക്കനിരക്ക് രേഖപ്പെടുത്തുന്നു. ഏറ്റവും വലിയ ഭവന വായ്പാ പദ്ധതി  ഒക്ടോബര്‍ മാസം ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വായ്പയാണ്  വിതരണം ചെയ്തത്. ഐടി കമ്പനികള്‍ വലിയ തോതില്‍ നിയമനങ്ങള്‍ നടത്തുന്നു. നല്ലലാഭം മുന്നില്‍ കാണുന്നതിനാല്‍ ബാങ്കിംഗ്, ഐടി മേഖലയിലെ സാധ്യതകള്‍ വലുതാണ്. അതിനാല്‍, ദീര്‍ഘകാല നിക്ഷേപകര്‍ക്ക് തിരുത്തലിന്റെ ഈഘട്ടം ബാങ്കിംഗ്, ഐടി ഓഹരികള്‍ വാങ്ങാന്‍ ഉപയോഗിക്കാവുന്നതാണ്. വിദേശ നിക്ഷേപകര്‍ എന്തു ചെയ്യുന്നുവെന്ന് പരിഗണിക്കേണ്ടതില്ല.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍)