Photo: Gettyimages
അപ്രതീക്ഷിതമായുണ്ടായ യുദ്ധവും കോവിഡിനെതുടര്‍ന്ന് സ്വീകരിക്കേണ്ടിവന്ന കര്‍ശന നയങ്ങളും വിലക്കയറ്റവും 2022നെ മേഘാവൃതമാക്കി. 2021ലെ മുന്നേറ്റം തുടരുമെന്ന പ്രതീക്ഷയ്ക്കിടെയായിരുന്നു അപ്രതീക്ഷിത തിരിച്ചടി. വിതരണ തടസങ്ങള്‍ ആഗോള സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കുകയും നിക്ഷേപകര്‍ ജാഗ്രതയിലേക്കു നീങ്ങുകയും ചെയ്തു. പണത്തിന്റെ ലഭ്യതയില്‍ വന്ന കുറവ് രാജ്യത്തെ പല മേഖലകളേയും ബാധിച്ചു. ഇടത്തരം, ചെറുകിട ഓഹരികളിലാണ് ആഘാതം കൂടുതല്‍ പ്രകടമായത്.
ആഗോള വിപണിയെ സംബന്ധിച്ചേടത്തോളം 2023 നടപ്പു വര്‍ഷത്തേക്കാള്‍ ഭേദമായിരിക്കുമെന്നാണ് പ്രതീക്ഷ. മാന്ദ്യം ഘടനാപരമല്ലാത്തതിനാല് അല്പായുസായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവിലുള്ള കര്‍ശന പണനയം ആഗോള തലത്തില്‍ മാന്ദ്യത്തിനു കാരണമാകുന്നതിനാല്‍ വര്‍ഷത്തിലുടനീളം അസ്ഥിരതയ്ക്കു സാധ്യതയുണ്ട്. എങ്കിലും, തൊഴില്‍ വിപണി ശക്തമായി നിലകൊള്ളുകയും വിതരണ തടസങ്ങള്‍ കുറയുകയുംചെയ്യുന്നതോടെ ലോകത്തിന്റെ പ്രവര്‍ത്തന ക്ഷമത വര്‍ധിക്കും. ഇതിന്റെ ഫലമായി 2023 ന്റെ അവസാനത്തോടെ പണനയത്തില്‍ മാറ്റംവരുകയും ഇപ്പോഴത്തെ അസന്തുലനം തിരുത്തി ആഗോള സമ്പദ് വ്യവസ്ഥ സ്ഥിരതയാര്‍ജ്ജിക്കുകയും ചെയ്യും. ഈ നീക്കങ്ങള്‍ വര്‍ഷത്തിലുടനീളം ഓഹരി വിപണിയെ ഉത്തേജിപ്പിക്കും.
ഇന്ത്യയെ സംബന്ധിച്ചേടത്തോളം ജാഗ്രതാപൂര്‍ണമായ പണ നയം 2023 നടപ്പുവര്‍ത്തിന്റെ ആദ്യ പകുതിയിലും തുടരുമെന്നാണ് കണക്കാക്കേണ്ടത്. ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെ തടസം സൃഷ്ടിക്കുന്ന കൂടിയ തോതിലുള്ള വാല്യുവേഷന് തുടരുകയും ചെയ്യും. വിദേശ നിക്ഷേപകര്‍ മറ്റു വികസ്വര വിപണികളുമായി ഇടകലരുന്നതോടെ ഇന്ത്യയുടെ വാല്യുവേഷന് ദീര്‍ഘകാല ശരാശരിയിലേക്കു താഴുകയും അഭ്യന്തര ലാഭവളര്‍ച്ചയില്‍ ഗതി മാന്ദ്യം സംഭവിക്കുകയും ചെയ്യും.
ആപേക്ഷികമായി മങ്ങിയ പ്രകടനം ആയിരിക്കുമെങ്കിലും വികസ്വര വിപണിയുടെ അവിഭാജ്യ ഘടകം എന്നനിലയില്‍ പ്രതിവര്‍ഷ അടിസ്ഥാനത്തില്‍ രാജ്യത്തെ വാര്‍ഷിക ലാഭം സാമാന്യം ഭേദപ്പെട്ടതു തന്നെ ആയിരിക്കും. താരതമ്യേന ഓഹരി വിലകള്‍ കുറവായതും മാന്ദ്യഭീതി അകലുമെന്ന പ്രതീക്ഷയും കാരണം വികസിത വിപണിയും ഇതര വികസ്വര വിപണികളും നല്ല പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കര്‍ശന പണനയം അയയുകയും സമ്പദ് വ്യവസ്ഥ സുസ്ഥിരമാവുകയും ചെയ്യുന്നതോടെ ഓഹരികളുടെ ഭാവി മെച്ചപ്പെടും. എന്നാല്‍ ഘടനാപരമല്ലെങ്കിലും മാന്ദ്യം അടിസ്ഥാന പ്രശ്നമായി മാറിയാല്‍ സ്ഥിതി വ്യത്യസ്തമാവും. പലിശ നിരക്കുകള്‍ 2023ലും ഉയര്‍ന്ന നിലയില്‍ തന്നെ തുടരും. ചൈനയില്‍ കോവിഡിനെതിരായ കര്‍ശന നയം നീണ്ടാല്‍ കാലാവസ്ഥ പ്രതികൂലമാകും.
2023 ഡിസംബറിലെ സാധ്യതകളനുസരിച്ച് നിഫ്റ്റി 50ല്‍ അടിസ്ഥാന ലക്ഷ്യം 18,000 ആണ്. കൂടിയാല്‍ 21,000വും കുറഞ്ഞാല്‍ 15,900 എന്ന ക്രമത്തില്‍. ഇന്ത്യയിലെ കൂടിയ വാല്യുവേഷന് 2022ലെ 20 X പിഇ അനുപാതം 2023ല്‍ 17 X ല്‍ ക്രമീകരിക്കപ്പെടും എന്ന ലക്ഷ്യത്തിലാണ് ഈ വിലയിരുത്തല്‍. അഭ്യന്തര ലാഭ വളര്‍ച്ചയിലുണ്ടാകാവുന്ന വേഗക്കുറവ്, ഇതര വികസ്വര സമ്പദ് വ്യവസ്ഥകളെക്കുറിച്ചുള്ള പ്രതീക്ഷ എന്നിവയും നിലനില്ക്കുന്നു.
പൊതുമേഖലാ ബാങ്കുകള്‍, ഐപിഒകള്‍, പുതുതലമുറ കമ്പനികള്‍ പോലുള്ള ചില മേഖലകള്‍ 2022 ല്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ഇടക്കാലയളവില്‍ ഈ നേട്ടം നിലനില്ക്കാനിടയില്ല. 2022ല്‍ നല്ല പ്രകടനം നടത്തിയ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, വാഹന, റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ വികസന മേഖല തുടങ്ങിയ, പലിശ നിരക്കു ബാധിക്കുന്ന മേഖലകളില്‍ 2023ല്‍ കൂടുതല്‍ നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലത്. റിസര്‍വ് ബാങ്കിന്റെ 2022ലെ 2.25 ബിപിഎസുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വകാര്യബാങ്കുകളുടെ കടം കൊടുക്കല്‍ നിരക്ക് 90 ബിപിഎസ് മാത്രമാണുയര്‍ന്നത്.
ഐടി, ഫാര്‍മ, കെമിക്കല്‍ മേഖലകള്‍ 2022ല്‍ നല്ല പ്രകടനം നടത്തിയിരുന്നില്ല. ഈ മേഖലകളില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നത് ഗുണകരമായിരിക്കും. മാന്ദ്യ ഭീതിയും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും കാരണം 2023 നടപ്പു വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഈ മേഖലകളിലെ ഓഹരികള്‍ക്ക് കൂടിയ വിലയായിരിക്കും. എന്നാല്‍ ഈ മേഖലയിലെ ബിസിനസ് ഉറച്ചതാവും എന്നതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ ഓഹരികള്‍ പ്രയോജനകരമാണ്.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)
Content Highlights: Stock Market Outlook 2023 analysis by vinod nair
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..