കോവിഡ് മഹാമാരിക്കിടയിലും 10 മാസമായിതുടരുന്ന കുതിപ്പ് ഓഹരികളുടെ പ്രൈസ് ഏണിംഗ് (പി ഇ) റേഷ്യോ അനുപാതം പോലെയുള്ള അളവുകോലുകളുടെ അടിസ്ഥാനത്തില്‍ വിപണിയെ അമിത മൂല്യ നിര്‍ണയത്തിലെത്തിച്ചിരിക്കയാണ്. വര്‍ഷത്തിലെ ബാക്കി നാളുകളില്‍ പ്രകടനം മോശമാകാനുള്ള ആപല്‍ സാധ്യതയാണ് ഈ വര്‍ധിത മൂല്യനിര്‍ണയംമൂലം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍തന്നെ യാഥാര്‍ത്ഥ്യ ബോധത്തിലധിഷ്ഠിതമായ പ്രതീക്ഷകളായിരിക്കണം 2021 ല്‍ വെച്ചുപുലര്‍ത്തേണ്ടത്.
ജോ ബൈഡന്റെ സാമ്പത്തിക ഉത്തേജക പദ്ധതിയിലുള്ള പ്രതീക്ഷ, ഉടനെ വരാനിരിക്കുന്ന കേന്ദ്ര ബജറ്റ് എന്നിവയാണ് ഓഹരി വിപണിയെ പുതിയ ഉയരങ്ങളിലെത്തിച്ചിരിക്കുന്നത്. തുടരുന്ന വിദേശ നിക്ഷേപങ്ങളും ചില്ലറ നിക്ഷേപകരുമാണ് ഇന്ത്യന്‍ ഓഹരി വിപണിക്കു പുതുജീവന്‍ നല്‍കിയത്. വരും ദിവസങ്ങളില്‍ ആഭ്യന്തരവിപണി ബജറ്റിനെക്കുറിച്ചുള്ള വന്‍ പ്രതീക്ഷയില്‍ മുന്നേറ്റം തുടരുകയും ആഗോള വിപണി പുതിയ യുഎസ് പ്രസിഡന്റ് കൈക്കൊള്ളാനിരിക്കുന്ന നയപരമായ തീരുമാനങ്ങളില്‍ പ്രതീക്ഷയോടെ നില കൊള്ളുകയുംചെയ്യും.
അതേസമയം ആഗോള പണമൊഴുക്ക് വേണ്ടത്ര ലഭ്യമാവുകയും കോര്‍പറേറ്റ് വരുമാനനേട്ടം നിലനില്‍ക്കുകയും ചെയ്യുന്നിടത്തോളം വിപണിയുടെ പ്രകടനം ഊര്‍ജ്ജ്വസലമായി തുടരുകതന്നെചെയ്യും എന്നകാര്യം മനസിലാക്കുകയുംവേണം. ജോബൈഡന്‍ പ്രഖ്യാപിക്കാനിരിക്കുന്ന പുനരുജ്ജീവന പദ്ധതിയെക്കുറിച്ചുള്ള പ്രതീക്ഷയില്‍ കുതിക്കുകയാണ് ആഗോള വിപണി. ഇന്ത്യന്‍ വിപണിയിലെ കുതിപ്പിനു കാരണം വിദേശ സ്ഥാപന നിക്ഷേപങ്ങളും ചില്ലറ നിലവാരത്തില്‍ ഓഹരി വാങ്ങല്‍ കൂടിയതും കേന്ദ്ര ബജറ്റിലുള്ള പ്രതീക്ഷയും മൂന്നാംപാദത്തിലെ കോര്‍പറേറ്റ് ഫലങ്ങള്‍ മെച്ചമായിരിക്കുമെന്ന കണക്കുകൂട്ടലുമാണ്.
വിലക്കയറ്റം വര്‍ധിക്കുകയും രാഷ്ട്രീയകാരണങ്ങളാലുള്ള ആഗോള പ്രശ്നങ്ങള്‍ വളരുകയോ പലിശനിരക്കുകള്‍ കൂടുകയോ ചെയ്താലല്ലാതെ ഇന്നത്തെ സ്ഥിതിയില്‍ മാറ്റമുണ്ടാകാനോ കനത്തതോതിലുള്ള തിരുത്തലിനോ സാധ്യതയില്ല. 10 മാസമായി ധനവിപണിയെ ശക്തമായി പിന്താങ്ങിക്കൊണ്ടിരിക്കുന്ന പണമൊഴുക്ക് വിപരീത ദിശയിലാക്കാനുള്ള പദ്ധതി ഉണ്ടായാല്‍ വിപണിയെ സംബന്ധിച്ചടത്തോളം കൂടിയ ആപല്‍സാധ്യത സൃഷ്ടിക്കും.
വിപണി സാധാരണ നിലവീണ്ടെടുക്കുകയും യഥേഷ്ടം ഒഴുകിയെത്തിയ പണംപെരുകുകയും സാമ്പത്തികരംഗത്ത് ഇരട്ടിഫലം സൃഷ്ടിക്കുകയും ചെയ്തശേഷം മാത്രമെ കൂടിയ പണമൊഴുക്ക് കുറയാനിടയുള്ള മാറ്റത്തിന്റെ ഘട്ടംസംഭവിക്കൂ എന്ന കാര്യവും ശ്രദ്ധിക്കണം.
പിഇ അനുപാതം സാധാരണനിലയിലേക്കു കൊണ്ടുവന്ന് കൂടുതല്‍ പ്രായോഗികമാക്കാന്‍വഴികളുണ്ടോ എന്നു നോക്കാം. ഇന്ത്യയില്‍ വളരെക്കാലം ചില്ലറവിപണനരംഗത്ത് വിലക്കയറ്റം അനുഭവപ്പെടുന്നുണ്ട്. ഓഹരി വിപണിയിലെ വില നിര്‍ണയത്തെ ഇത് ദോഷകരമായി ബാധിച്ചു. വിലക്കയറ്റം ദോഷകരമായി ബാധിച്ച കമ്പനികളുടെ ഓഹരിമൂല്യം കുറയുകയും വിലക്കയറ്റംമൂലം ഗുണമുണ്ടായ കമ്പനികളുടേത് കൂടുകയുംചെയ്തു. വര്‍ധിച്ച വിലക്കയറ്റത്തിന്റെഫലം ലഘൂകരിക്കാന്‍ പിഇ നിലവാരം ദീര്‍ഘകാല വിലക്കയറ്റ നിരക്കുമായി ക്രമീകരിക്കേണ്ടിയിരുന്നു.
ഈ അസാധാരണ സാഹചര്യത്തില്‍ യഥാര്‍ത്ഥ പലിശ നിരക്കും ഓഹരിവിപണിയും തമ്മിലുള്ള സുപ്രധാന ബന്ധം പരിശോധിക്കാം. യഥാര്‍ത്ഥ പലിശനിരക്ക് എന്നാല്‍ സര്‍ക്കാരിന്റെ 10 വര്‍ഷ ബോണ്ട് നേട്ടത്തില്‍നിന്ന് പ്രതിമാസ ഉപഭോക്തൃ വിലസൂചിക കുറച്ചാല്‍ കിട്ടുന്നതാണ്. മൂലധനത്തിനോ നിക്ഷേപകര്‍ക്കോ ലഭിക്കുന്ന യഥാര്‍ത്ഥ ലാഭമാണിത്. പലിശനിരക്ക് തുടര്‍ച്ചയായി കുറഞ്ഞതും വിലക്കയറ്റം തുടര്‍ന്നുകൊണ്ടിരുന്നതും നിമിത്തം 2020ല്‍ ഇന്ത്യയിലെ യഥാര്‍ഥ പലിശ നിരക്ക് താഴെ പട്ടികയില്‍ കാണിച്ച പ്രകാരം പ്രതികൂലമായിരുന്നു. സമ്പദ് വ്യവസ്ഥകളിലെ അസന്തുലനമോ കുഴപ്പങ്ങളോ കാരണവും ഇങ്ങനെ സംഭവിക്കാറുണ്ട്.
ദീര്‍ഘകാലത്തേക്ക് യഥാര്‍ഥ പലിശനിരക്ക് പ്രതികൂലമാകുന്നത് സമ്പദ്‌വ്യവസ്ഥയ്ക്കും നിക്ഷേപകര്‍ക്കും ഒരുപോലെ ദോഷകരമാണ്. വളരുന്ന സമ്പദ്ഘടനയില്‍ ദീര്‍ഘകാലത്തേക്ക് പ്രതികൂല പലിശ നിരക്ക് നിലനില്‍ക്കില്ല. കാരണം ഭാവിയില്‍ സാമ്പത്തികമേഖല വളരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രതികൂല പലിശവൃത്തത്തില്‍ ഓഹരി വിപണിയുടെ പ്രകടനം നന്നായിരിക്കും. കാരണം വിലകുറയുന്ന പ്രതികൂല പലിശ വൃത്തത്തിലാണ് ഓഹരി വിപണിയും സാമ്പത്തിക മേഖലയും ആകര്‍ഷകമാവുക.
പ്രതികൂല പലിശനിരക്കുകള്‍ അനുകൂലമായിത്തീരുന്ന മാറ്റത്തിന്റെ ഏറ്റവും ഉയര്‍ന്നഘട്ടം വിപണിക്കു ഗുണകരമാണ്. കാരണം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കും. ഈ ഘട്ടമാണ് 2020 ഡിസമ്പറില്‍ ഇന്ത്യയില്‍ ആരംഭിച്ചതും 2021ലൂടെ തുടരാനിരിക്കുന്നതും. ഉയര്‍ന്നനിരക്കും ലാഭവും ബിസിനസ് വര്‍ധിപ്പിക്കും. ഓഹരികള്‍ക്ക് വളരെ അനുകൂലമാണിത്. മുന്നോട്ടുപോകുമ്പോള്‍, വിലക്കയറ്റ വളര്‍ച്ചയിലുണ്ടാകുന്ന കുറവ്, ലാഭവര്‍ധന, സമ്പത്തിക ആവശ്യങ്ങളുടെ വര്‍ധന എന്നിവയെല്ലാം ഓഹരി വിപണിക്കു ഗുണകരമായിരിക്കും.
മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ ആവശ്യമായിരുന്ന കൂടിയതോതിലുള്ള പണത്തിന്റെ വരവും ഓഹരി വിപണിയില്‍ കഴിഞ്ഞ 10 വര്‍ഷത്തെ തുടര്‍ച്ചയായ കുതിപ്പും വാങ്ങല്‍ നിരക്കു ഗണ്യമായി വര്‍ധിപ്പിച്ചു. കൂടിയ മൂല്യനിര്‍ണയത്തിനു മറ്റൊരുകാരണം നേട്ടത്തിലെ കുറവാണ്. എന്നാല്‍ ഭാവിയില്‍ സാമ്പത്തിക ലാഭമുണ്ടാകുന്നതോടെ ഈ അവസ്ഥയും ഗുണപരമായ മാറ്റത്തിനു വിധേയമാകും. ഇടക്കാലം മുതല്‍ ദീര്‍ഘകാലത്തേക്ക് ഓഹരി വിപണിയെ പിന്തുണയ്ക്കുന്ന ലാഭകരമായ സാമ്പത്തിക സ്ഥിതിയിലേക്കാണു നീങ്ങുന്നത്.
ഹൃസ്വകാലത്തെ ചാഞ്ചല്യം വിപണിക്കു നല്ലതാണ്. അല്ലാത്തപക്ഷം അത് വിപണിയെ കൂടുതല്‍ മൂല്യവര്‍ധിതവും അപകടകരവുമാക്കിത്തീര്‍ക്കും. 10 മുതല്‍ 15 ശതമാനം വരെയുള്ള തിരുത്താണ് പ്രതീക്ഷിക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിപണിയുടെ ഊര്‍ജ്ജം നില നിര്‍ത്താന്‍ ഇതുനല്ലതാണ്.
ഓഹരികളും മേഖലകളും നോക്കിവേണം നിക്ഷേപിക്കാന്‍. തീരെചെറിയ ഓഹരികള്‍ ഒഴിവാക്കണം, കാരണം വിപണിയില്‍ പ്രകടനം മോശമാവുകയോ തിരുത്തല്‍ പ്രതീക്ഷതിലും കൂടുകയോചെയ്താല്‍ ഇത്തരം ഓഹരികളില്‍ കനത്ത തിരിച്ചടിയുണ്ടാകും. ഹൃസ്വകാലത്തേക്ക് ലാഭമെടുത്ത് ഭാരം കുറയ്ക്കുന്നത് നല്ലതാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഐടി, ഫാര്‍മ, കെമിക്കല്‍ മേഖലകള്‍ വലിയ പ്രതീക്ഷ നല്‍കുന്നു. ഇപ്പോഴത്തെ വിപണി മൂല്യനിര്‍ണയം കാരണം ഹ്രസ്വകാലത്തേയ്ക്ക് ജാഗ്രത പുലര്‍ത്തേണ്ടിവരുമെങ്കിലും ചാക്രിക വ്യവസായ രംഗങ്ങളായ ബാങ്കുകളും ലോഹ വിപണിയും മികച്ച അവസരമാണുനല്‍കുന്നത്.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകന്‍)