2020 വര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രതീക്ഷിച്ചിരുന്നത് ഈ വര്‍ഷം 2018, 2019 കാലയളവിലെ ധ്രുവീകൃത വിപണിയേക്കാള്‍ മെച്ചമായിരിക്കുമെന്നാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയെ സംബന്ധിച്ചേടത്തോളം ദുര്‍ബലമായിരുന്നു. 2019ല്‍ ജിഡിപി വളര്‍ച്ച 2000ാമാണ്ടിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 4.2 ശതമാനത്തില്‍താഴെ ആയതിനെത്തുടര്‍ന്ന് സാമ്പത്തിക രംഗത്ത് അനുഭവപ്പെട്ട മാന്ദ്യമായിരുന്നു ഇതിനുകാരണം.
2019ലെ ദേശീയ തെരഞ്ഞെടുപ്പിനുശേഷം പുതിയതും ശക്തവുമായ ഒരുസര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ സ്ഥിതിമാറുമെന്നാണു കരുതിയിരുന്നത്. 2019 ജൂലൈ 5ലെ കേന്ദ്ര ബജറ്റില്‍ കൊണ്ടുവന്ന നയങ്ങള്‍ അപര്യാപ്തമാണെന്ന തിരിച്ചറിവിനെത്തുടര്‍ന്ന് ഘടനാപരമായ ചില മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ തയാറായി. 2019 ഓഗസ്റ്റിനും ഒക്ടോബറിനുമിടയില്‍ സര്‍ക്കാര്‍ ചില പരിഷ്‌കരണനടപടികള്‍ പ്രഖ്യാപിച്ചു.
എഫ്പിഐ സര്‍ച്ചാര്‍ജുകള്‍ എടുത്തുകളയുകയും പൊതുമേഖലാ ബാങ്കുകള്‍ക്കു കൂടുതല്‍ മൂലധനം അനുവദിക്കുകയും ഏകീകരണത്തിനു പദ്ധതിയിടുകയുംചെയ്തു. ഭവനമേഖലയ്ക്കും, എന്‍ബിഎഫ്സികള്‍ക്കും കൂടുതല്‍ പണംനല്‍കി. സ്റ്റാര്‍ട്ടപ്പുകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും പുതിയ ബിസിനസിനും നികുതിയിളവു നല്‍കി. അടുത്ത അഞ്ചുവര്‍ഷത്തേക്ക് അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കുള്ള ചിലവ് ഇരട്ടിയാക്കുകയും റിസര്‍വ് ബാങ്ക് സഹായകമായ ധനകാര്യനയങ്ങള്‍ പ്രഖ്യാപിക്കുകയുംചെയ്തു.
ഇവയ്ക്കു ശേഷം വിപണി മികച്ച പ്രകടനം നടത്തുകയും ഈനില 2020ലും തുടരുമെന്നു പ്രതീക്ഷിക്കുകയുംചെയ്തു. എന്നാല്‍ കോവിഡ്-19ന്റ അപ്രതീക്ഷിതവരവ് ലോകമെങ്ങും വിപണികളെ തകര്‍ക്കുകയും ഇന്ത്യയിലെ സാമ്പത്തിക വീണ്ടെടുപ്പിനെ കാര്യമായി ബാധിക്കുകയും ചെയ്തു.
തുടക്കത്തില്‍, 2020 ഫെബ്രുവരിവരെ മഹാമാരിയായി കോവിഡ് ലോകമെമ്പാടും പടരുമെന്ന് ആരുംവിശ്വസിച്ചിരുന്നില്ല. മുമ്പുണ്ടായ സാര്‍സ്2003 തുടങ്ങിയ രോഗങ്ങളുടെ കാര്യത്തില്‍ കാണപ്പെട്ടതുപോലെ പ്രാദേശിക വ്യാപനമേഉണ്ടാകൂ എന്നായിരുന്നു നിഗമനം. 2019 നവംബറില്‍ ആദ്യകേസ് റിപ്പോര്‍ട്ടുചെയ്യപ്പെട്ട ചൈനയില്‍നിന്നുള്ള വാര്‍ത്തകളും ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു. രോഗം നിയന്ത്രണവിധേയമാണെന്നും മാരകമല്ലെന്നും പടര്‍ന്നുപിടിക്കില്ലെന്നുമായിരുന്നു ചൈനയുടെ നിലപാട്. എന്നാല്‍ അണുബാധ പാശ്ചാത്യ രാജ്യങ്ങളിലേക്കു പടരുകയും വായുവിലൂടെപോലും വ്യാപനം സംഭവിച്ചേക്കാമെന്നും തിരിച്ചറിഞ്ഞതോടെ ലോകം അപകടമുനമ്പിലേക്കെത്തി.
ലോകമാകെ ഓഹരി വിപണികള്‍ മാസത്തിനകം മൂന്നിലൊന്ന് തകര്‍ന്നു. പ്രധാന ഇന്ത്യന്‍ ഓഹരികള്‍ 40 ശതമാനവും ഇടത്തരം, ചെറുകിട ഓഹരികള്‍ യഥാക്രമം 50 ശതമാനവും 60 ശതമാനവും തകര്‍ച്ചകണ്ടു. ചരിത്രത്തിലില്ലാത്തവിധം ലോകം നിശ്ചലമായി. ഇത് സാമ്പത്തിക പ്രതിസന്ധിയിലേക്കുനീങ്ങുമോ, സാമ്പത്തിക മേഖല എപ്പോഴാണ് തുറക്കപ്പെടുക എന്നീ ചോദ്യങ്ങളാണ് പിന്നീടുയര്‍ന്നത്.
വന്‍കിട കേന്ദ്രബാങ്കുകള്‍, ലോകധനകാര്യ വിപണിയില്‍ ഒരുമാസത്തിനകംതന്നെ പണം ഒഴുക്കുന്ന വമ്പന്‍ സാമ്പത്തിക ഉത്തേജക പദ്ധതികളുമായി രംഗത്തുവരികയും ബാങ്കിംഗ് മേഖല മുന്‍പത്തേതുപോലെ സുഗമമായി മുന്നോട്ടു പോകുമെന്നുറപ്പാക്കുകയും ചെയ്തു. പ്രതിസന്ധിയെ അതിജീവിക്കുന്നതിന് സര്‍ക്കാരുകള്‍ കുടുംബങ്ങള്‍ക്കായി ധന സഹായവും ഉത്തേജകപദ്ധതികളും ഏര്‍പ്പെടുത്തി.
വികസിത രാജ്യങ്ങള്‍ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചു. അവരവരുടെ ജിഡിപി നിരക്കിനനുസൃതമായി 10 ശതമാനം മുതല്‍ 21 ശതമാനംവരെയായിരുന്നു ഇത്. അസംഘടിത മേഖലയ്ക്കും പാര്‍ശ്വവല്‍കൃതര്‍ക്കുമുള്‍പ്പടെ ഇന്ത്യ പ്രഖ്യാപിച്ചത് ജിഡിപിയുടെ 15 ശതമാനംവരുന്ന സാമ്പത്തിക പാക്കേജാണ്. ഇടത്തരം, ചെറുകിട, സൂക്ഷ്മ വ്യവസായ മേഖലയ്ക്കു നല്‍കിയ മൂന്നുലക്ഷം കോടിയുടെ ഗ്യാരണ്ടി ഉള്‍പ്പടെ വന്‍ സാമ്പത്തിക പദ്ധതികളാണു പ്രഖ്യാപിക്കപ്പെട്ടത്.
സാധാരണക്കാരനോ കമ്പനികളോ കോവിഡ്-19 കാരണം തകര്‍ന്നു പോവുകയില്ലെന്ന് ഉറപ്പുവരുത്തുകയാണ് സര്‍ക്കാറും ആര്‍ബിഐയും ചെയ്തത്. മാര്‍ച്ചുമാസം താഴ്ന്നനിലയിലേക്കുപോയ ഓഹരി വിപണിയില്‍ യധേഷ്ടം പണമെത്തിയതിയതോടെ ഓഹരികള്‍ കുതിപ്പ് വീണ്ടെടുത്തു. മഹാമാരിയുടെകാലത്തും സുരക്ഷിതമായി നില്‍ക്കുമെന്നും അതിജീവിക്കുമെന്നും പ്രതീക്ഷിക്കപ്പെട്ട ബിസിനസുകളുടെ മൂല്യമുള്ള ഓഹരികള്‍ക്കാണ് തുടക്കത്തില്‍ ഇതു മൂലം ഗുണമുണ്ടായത്.
എഫ്എംസിജി, ഐടി, ഫാര്‍മ, കെമിക്കല്‍ മേഖലകളില്‍ ഡിമാന്റു വര്‍ധിക്കുകയും, ഡിജിറ്റലൈസേഷനും ഇന്ത്യന്‍ ഫാര്‍മ രംഗത്തെ വളര്‍ച്ചയും രാസവസ്തുക്കള്‍ക്കുള്ള ആഗോള ഡിമാന്റും ഗുണപരമായ വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു.
താഴ്ന്നനിലയില്‍നിന്ന് മുഖ്യ ഓഹരി സൂചിക കോവിഡ് നിലവാരത്തിലേതിനേക്കാള്‍ 80 ശതമാനം കുതിപ്പുരേഖപ്പെടുത്തി. ചെറുകിട ഓഹരികളാകട്ടെ 100 ശതമാനമാണ് മുന്നോട്ടു കുതിച്ചത്. മൂല്യനിര്‍ണയം ഇന്നുവെറും എണ്ണമായിത്തീര്‍ന്നിരിക്കുന്നു. താഴ്ന്ന നേട്ടവും ധാരാളം പണവും എന്ന സാഹചര്യത്തില്‍ വിലകള്‍ക്ക് യുക്തിഭദ്രത നഷ്ടപ്പെട്ടിരിക്കയാണ്.
പിന്തുടരുന്നനിലയിലും ഒരുവര്‍ഷം മുന്നോട്ടുള്ള കണക്കിലും പിഇ യഥാക്രമം 34x, 22X എന്നക്രമത്തിലാണ്. പണത്തിന്റെ വരവിനനുസരിച്ച് ഈ കണക്കുവര്‍ധിക്കുകയും ഓരോപാദത്തിലും കുതിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ നിലനില്‍ക്കുകയും അടുത്ത 4 മുതല്‍ 6 പാദങ്ങളില്‍ ഇതേനില തുടരുകയും ചെയ്യുമെന്നാണ് കണക്കു കൂട്ടല്‍. ഈഘട്ടത്തില്‍ വിലകളെ ചരിത്രപരമായ പ്രവണതകളുമായി തുലനംചെയ്യുന്നത് ഒട്ടുംശരിയായിരിക്കില്ലെന്നകാര്യം പ്രത്യേകം ഓര്‍ക്കണം. ഉയര്‍ന്നനിലയില്‍ തുടരുന്ന മൂല്യനിര്‍ണയം 2021ന്റെ രണ്ടാം പകുതിക്കുശേഷം സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമ്പോള്‍ മാത്രമേ സ്ഥിരതകൈവരിക്കൂ.
പലിശനിരക്കുകള്‍ മാറ്റാതെ തൊഴില്‍, വിലക്കയറ്റ നിയന്ത്രണ ലക്ഷ്യങ്ങള്‍ പൂര്‍ണമാകുന്നതുവരെ പുതിയ ഉത്തേജക പദ്ധതികളിലൂടെ കൂടുതല്‍ പിന്തുണനല്‍കാനുള്ള യുഎസ് എഫ്ഒഎംസിയുടെ ഉറച്ച തീരുമാനംവന്നത് ഈ ആഴ്ച വിപണിയെ കൂടുതല്‍ ശക്തമാക്കി. യുഎസില്‍ വരാനിരിക്കുന്ന ഉത്തേജക പാക്കേജ്, ബ്രെക്സിറ്റ് ഉടമ്പടി, വാക്സിനേഷന്‍, ഇന്ത്യന്‍ ബജറ്റ് എന്നിവയിലെല്ലാം പ്രതീക്ഷകളോടെ വിപണി 2021ല്‍ ഉയര്‍ന്ന രണ്ടക്ക വളര്‍ച്ചാനിരക്കില്‍ പ്രതീക്ഷയര്‍പ്പിച്ച് ക്രമമായി് മുന്നേറിക്കൊണ്ടിരിക്കയാണ്.
ഇടക്കാലം മുതല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിപണിയുടെ ശുഭപ്രതീക്ഷ നിലനില്‍ക്കുമെന്നാണ് കരുതുന്നത്. തുടരുന്ന കുതിപ്പില്‍നിന്നുള്ള നേട്ടങ്ങള്‍ അതിരുകടക്കുന്നത് സുരക്ഷിതമായ ഇടംകുറയ്ക്കുന്നതിനാല്‍ വിപണിയിലെ അനിശ്ചിതത്വം ഹൃസ്വകാലത്തേക്കെങ്കിലും തുടരാനും ഇടയാക്കും. പ്രധാന ഓഹരികളില്‍ 7 മുതല്‍ 10 ശതമാനത്തിലധികം തിരുത്തലുകള്‍ ഉണ്ടാവുകയില്ലെന്നാണ് നിഗമനം.
താഴ്ചാവേളകള്‍ ഓഹരികള്‍ കൂട്ടിച്ചേര്‍ക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയുംചെയ്യും. ഈയാഴ്ച അവസാനത്തോടെ ഇന്ത്യയിലെ ഇടത്തരം, ചെറുകിട ഓഹരികളവടെ വളര്‍ച്ചാ വേഗംകുറയുകയാണ്. കുതിപ്പില്‍ പ്രകടമായി സാന്നിധ്യമറിയിക്കാന്‍ അവയ്ക്കു കഴിഞ്ഞിട്ടില്ല. വരാനിരിക്കുന്ന മാറ്റങ്ങളിലും ഇതുവരെയുണ്ടാക്കിയ ഉറച്ച നേട്ടങ്ങളിലും ജാഗ്രതാപൂര്‍വമായ നിലപാടാണ് അവയുടേത്.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകന്‍)