ഡിസംബറിലെ ഓഹരി വിപണിയുടെ തുടക്കം മികച്ചതായി. രാജ്യത്തെ ജിഡിപി, നിര്‍മ്മാണമേഖലിയിലെ പിഎംഐ തുടങ്ങിയ ധനകാര്യ കണക്കുകളുടെ പിന്തുണയോടെ ഓഹരികള്‍ മുന്നോട്ടു കുതിക്കുകയാണ്. പ്രധാന ഓഹരികള്‍ 10 ശതമാനത്തിലധികവും ഇടത്തരം ഓഹരികള്‍ 15 ശതമാനത്തിലധികവും വളര്‍ച്ച രേഖപ്പെടുത്തിയ നവംബര്‍ മാസത്തിന്റെ തുടര്‍ച്ചതന്നെയാണ് ഡിസംബറിലും കാണുന്നത്. 

മൊത്തത്തിലുള്ള ഈ ഗതിവേഗം 2021ലും തുടരുമെന്നു പ്രതീക്ഷിക്കാം. ഇടത്തരം, ചെറുകിട ഓഹരികളുടെ മികച്ചപ്രകടനം വരുംകൊല്ലവും വിപണിക്കു ഗുണകരമായിരിക്കുമെന്നു കരുതാം. ധനപരവും സാമ്പത്തികവുമായ ഉത്തേജകനടപടികളിലൂടെ വിപണിയിലെത്തുന്ന പണം ഇതിനുമതിയായ പിന്തുണനല്‍കും. സാമ്പത്തികമേഖല കൂടുതല്‍ തുറക്കപ്പെടുകയും കോര്‍പറേറ്റ് നേട്ടങ്ങള്‍ വളരുകയും ചെയ്യും. ഇത്തരിത്തില്‍ പ്രകടമാകുന്ന ഇരട്ട പ്രഭാവം ഓഹരി വിപണിക്ക് തീര്‍ത്തും അനുകൂലമായി മാറുമെന്നകാര്യത്തില്‍ സംശയമില്ല.

യുഎസ് തെരഞ്ഞെടുപ്പു ഫലങ്ങളുടെ വെളിച്ചത്തില്‍ വിദേശ സ്ഥാപന നിക്ഷേപങ്ങള്‍ മുഖേനയുള്ള പണത്തിന്റെ ഒഴുക്ക് വര്‍ധിച്ചതും വാക്സിന്‍ വൈകില്ലെന്ന അറിവും ഉയരുന്ന ധനസ്ഥിതി കണക്കുകളുമാണ് ഇപ്പോഴത്തെ മുന്നേറ്റത്തിനുകാരണം. റെക്കോഡ് നേട്ടങ്ങള്‍ തുടരുമന്ന പ്രതീക്ഷയും കൊറോണ വാക്സിന്‍ ഉടനെ എത്തുമെന്ന തിരിച്ചറിവും ആഗോള തലത്തില്‍ തന്നെ ഓഹരി വിപണികളില്‍ പ്രതിഫലിക്കുന്നു. യുഎസിലും യൂറോപ്പിലും താമസിയാതെ വാക്സിന്‍ കുത്തിവെപ്പ് തുടങ്ങാന്‍ പരിപാടിയുണ്ട്.  

മികച്ച തുടക്കത്തിനിടയിലും രാജ്യത്തെ ബാങ്കിംഗ് ഓഹരികള്‍ മുന്നോട്ടു പോകാന്‍ മടിച്ചുനില്‍ക്കുന്നു. മൊറട്ടോറിയത്തിന്റെകാര്യത്തില്‍ സുപ്രിം കോടതി വാദംകേള്‍ക്കാനിരിക്കുന്നതും എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ എന്നിവയിലുണ്ടായ താളപ്പിഴകളും എംപിസി യോഗവും ബാങ്കിംഗ് ഓഹരികളെ പിന്നോട്ടുവലിച്ചിട്ടുണ്ട്. ചെറുകിട വായ്പകളുടെ കാര്യത്തിലെങ്കിലും മൊറട്ടോറിയം സംബന്ധിച്ച അനിശ്ചിതത്വം ഇല്ലാതായി. എന്നാല്‍ വന്‍കിട വായ്പകളുടെ കാര്യത്തില്‍ ആവശ്യാനുസരണം പുനസംഘടന വേണ്ടിവരും. 

ബാങ്കുകളിലെ സിസ്റ്റം തകരാറിന്റെപേരില്‍ ആര്‍ബിഐയുടെ വിലക്കു നേരിടുന്നത് എച്ച്ഡിഎഫ്സി, എസ്ബിഐ ബാങ്കുകളുടെ പുതിയ ബിസിനസിനെ ബാധിക്കും. തുടര്‍ച്ചയായ മാസങ്ങളിലുണ്ടായ വിലക്കയറ്റ നിരക്കുവര്‍ധന കാരണം പലിശയില്‍ മാറ്റംവരുത്താതെ ഉദാരനയം തുടരാനുള്ള ധനനയ കമ്മിറ്റി തീരുമാനങ്ങള്‍ പ്രതീക്ഷിച്ചതുതന്നെ ആയിരുന്നു. തുറന്ന വിപണി പ്രവര്‍ത്തനം, ടിഎല്‍ടിആര്‍ഒ, റിവേഴ്സ് റിപ്പോ എന്നിവയിലൂടെ ആര്‍ബിഐ യഥാസമയം പണമൊഴുക്കു സുഗമമാക്കാനുള്ള നടപടികള്‍ കൈക്കൊണ്ടു. പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിക്കൊണ്ട് നടപ്പുവര്‍ഷവും അടുത്തവര്‍ഷവും ഉദാരനയം തുടരാനുള്ളതീരുമാനം വിപണി ഹാര്‍ദ്ദമായി സ്വീകരിക്കുകയായിരുന്നു.

ഓഹരിവിലയിലെ കുറവുകാരണം പോയമാസങ്ങളില്‍ ബാങ്ക് ഓഹരികള്‍ നന്നായി മുന്നോട്ടുകുതിച്ചു. സാമ്പത്തികമേഖല തുറക്കപ്പെട്ടതോടെ ദുര്‍ബ്ബല ആസ്ഥികളെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകളും മൊറട്ടോറിയം, താഴ്ന്ന വായ്പാ വളര്‍ച്ച തുടങ്ങിയപ്രശ്നങ്ങളും കുറയാനിടയായതും ഈ ഓഹരികളെ മുന്നോട്ടുപോകാന്‍ സഹായിച്ചു. 

2021 സാമ്പത്തികവര്‍ഷം രണ്ടാംപാദത്തില്‍ ധനകാര്യമേഖല നല്ലപ്രവര്‍ത്തനം കാഴ്ചവെക്കുകയുണ്ടായി. 2021ല്‍ വായ്പാവളര്‍ച്ച നന്നായിരിക്കുമെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നു. ഏറ്റവുംവലിയ വെല്ലുവിളി കിട്ടാക്കടങ്ങളായിരുന്നു. റിസര്‍വ് ബാങ്കും സര്‍ക്കാറും പുതിയ നിയന്ത്രണങ്ങളിലൂടെ ഈപ്രശ്നം മറികടക്കാന്‍ സഹായിക്കുന്നത്  പ്രതീക്ഷക്കു വകനല്‍കിയിട്ടുണ്ട്. എങ്കിലും അടുത്ത ഒന്നുരണ്ടു വര്‍ഷത്തേക്ക് കിട്ടാക്കടങ്ങളുടെ ഗ്രാഫ് ഉയര്‍ന്നുതന്നെ നില്‍ക്കുമെന്നാണ് കരുതുന്നത്. 

ആര്‍ബിഐയില്‍നിന്നുള്ള നിശ്ചലതാ ആനുകൂല്യങ്ങള്‍ ഓഹരിവിലകള്‍ വീണ്ടും താഴോട്ടുപോകാതിരിക്കാന്‍ ബാങ്കുകളെ സഹായിക്കും. അടുത്ത 2-3 പാദങ്ങളില്‍ കിട്ടാക്കടങ്ങള്‍ കൂടിയേക്കും. ഈയിടെ ഉണ്ടായ മുന്നേറ്റങ്ങള്‍ക്കു ശേഷം ബാങ്ക് ഓഹരികളുടെ വില അത്ര കുറഞ്ഞിട്ടില്ല, മാത്രമല്ല ഹ്രസ്വകാലയളവില്‍ ഏകീകരണ സാധ്യതയും നിലനില്‍ക്കുന്നു. എന്തൊക്കെയായലും ഇടക്കാല, ദീര്‍ഘകാല അടിസ്ഥാനത്തില്‍ മികച്ച ഓഹരികള്‍ തന്നെയാണ് അവ ഇന്നും. 

ഏതാനും മാസങ്ങളായി ബാങ്കുകള്‍ മൂലധന ശക്തി വര്‍ധിപ്പിച്ചിട്ടുണ്ട്. ബാങ്കിംഗ് ബിസിനസില്‍ വളര്‍ച്ച വര്‍ധിപ്പിക്കാന്‍ ഈനടപടിക്കു കഴിയും. ഹൃസ്വകാലത്തേക്ക് ഏറ്റവുംനല്ല ലാഭംനല്‍കാന്‍ കഴിയുക പൊതുമേഖലാ ബാങ്കുകള്‍ക്കാണെന്ന് കരുതുന്നു. കാരണം വിലകളുടേയും മൂല്യ നിര്‍ണയത്തിന്റേയും കാര്യത്തില്‍ സ്വകാര്യബാങ്കുകളെ അപേക്ഷിച്ച് വളരെ വിലകുറവാണ് അവയുടെ ഓഹരികള്‍ക്ക്.  

വിപണിയുടേയും ബാങ്കിംഗ് വ്യവസായത്തിലേയും കുതിപ്പില്‍ അവര്‍ ഇനിയും പങ്കുചേര്‍ന്നിട്ടില്ല. കഴിഞ്ഞ 3 മാസങ്ങളില്‍ സ്വകാര്യ ബാങ്ക് ഓഹരികള്‍ 30 ശതമാനം മുന്നോട്ടുപോയിട്ടുണ്ട്. എന്നാല്‍ നിഫ്റ്റി പിഎസ്യുബി സൂചികയനുസരിച്ച് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ പകുതിയിലും താഴെയായിരുന്നു. മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ ബുക്കിംഗ് മൂല്യം, നിഫ്റ്റി ബാങ്കിംഗ് സൂചികയുടെ 2X മായി താരതമ്യപ്പെടുത്തുമ്പോള്‍ 0.4X മാത്രമാണ്.

വിശാല വിപണിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വന്‍കിടഓഹരികളുടെ പ്രകടനം അത്രമെച്ചമല്ല എന്നുതന്നെ പറയേണ്ടിവരും. ഉയര്‍ന്ന നിലവാരമുള്ള ഇടത്തരം, ചെറുകിട ഓഹരികളുടെ പ്രകടനമാവട്ടെ കുതിപ്പിന്റെ തുടക്കംമുതലേ വിപണിയുടെ പ്രവണതയുമായി ഒത്തുപോകുന്നുമുണ്ട്.  അടുത്തകൂട്ടം ചെറുകിട, ഇടത്തരം,സൂക്ഷ്മ ഓഹരികള്‍ നല്ലമുന്നേറ്റമാണു നടത്തുന്നത്. ബ്ലൂചിപ് ഓഹരികളും ഇടത്തരം, ചെറുകിട, സൂക്ഷ്മ, ചാക്രിക  ഓഹരികളുംതമ്മില്‍ വിലകളുടെകാര്യത്തില്‍ വലിയവിടവു നിലവിലുണ്ടായിരുന്നു. വൈകിയെത്തിയ ഈഓഹരികള്‍ ഹ്രസ്വകാലത്തെ മികച്ച പ്രകടനത്തിന്റെപേരില്‍ ഇന്നും ശ്രദ്ധാകേന്ദ്രത്തിലുണ്ട്. ബാക്കിയുള്ള ഇടത്തരം, ചെറുകിട ഓഹരികള്‍ ഇപ്പോള്‍ പിന്നില്‍ നില്‍ക്കുകയാണെന്നു കാണാം. കുതിപ്പിന്റെ സമയത്തും വിപണിയുടെ പ്രകടനത്തിനൊപ്പം നില്‍ക്കാന്‍ അവയ്ക്കു കഴിഞ്ഞിരുന്നില്ല.

വന്‍കിട ഓഹരികളുടെ മങ്ങിയപ്രകടനത്തില്‍നിന്നു മനസിലാക്കേണ്ടത് ഹ്രസ്വകാലയളവില്‍ ഏകീകരണം നടക്കുമെന്നാണ്. പെട്ടെന്നുണ്ടായ പണത്തിന്റെഒഴുക്ക് പല പ്രയോജനങ്ങളും കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ മുന്നോട്ടു പോകുന്തോറും ഇതിന്റെ ഗതിവേഗംകുറയാം. യഥാര്‍ത്ഥ ഫലത്തിനായി വാക്സിന്റേയും 2021ലെ ഉത്തേജക പദ്ധതികളുടേയും സ്ഥിതി അറിയാന്‍ കാത്തിരിക്കേണ്ടിവരും.

ചെറിയതുകയില്‍ തുടങ്ങി ഇടിവുഘട്ടത്തില്‍ വാരിക്കൂട്ടുന്ന തന്ത്രമാണ് ചെറുകിട നിക്ഷേപകര്‍ ഇപ്പോള്‍ സ്വീകരിക്കേണ്ടത്. മികച്ച കമ്പനികള്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതിനാല്‍ ഐപിഒകളിലും മ്യൂച്വല്‍ഫണ്ട് എസ്ഐപികളിലുമാണ് ഇപ്പോള്‍ നിക്ഷേപിക്കേണ്ടത്. മേഖലതിരിച്ചുള്ള കേന്ദ്രീകരണവും ആവശ്യമാണ്. ഇതിനായി ഫാര്‍മ, കെമിക്കല്‍സ്, ഐടി, സ്വകാര്യ ബാങ്കുകള്‍ എന്നിവയുടെ കൂടിയമിശ്രിതമായ പോര്‍ട്ട്ഫോളിയോ വികസിപ്പിക്കണം. 

വന്‍കിട ഓഹരികളില്‍ ഇപ്പോള്‍ കാണപ്പെടുന്നതുപോലെ നല്ലലാഭം കിട്ടുമ്പോള്‍തന്നെ പ്രോഫിറ്റ് ബുക്കിംഗ് നടത്തുന്നതാണ് ഹൃസ്വകാല നിക്ഷേപകരെ സംബന്ധിച്ചേടത്തോളംനല്ലത്. പോര്‍ട്ട് ഫോളിയോയില്‍ സ്വര്‍ണവും നല്ല ചേരുവയായിരിക്കും. നല്ല ഉല്‍പന്നങ്ങളും വിഭാഗങ്ങളും കൈകാര്യം ചെയ്യുന്ന കയറ്റുമതി കമ്പനികളേയും ഉള്‍ക്കൊള്ളിക്കാനുള്ള തുറന്ന മനസാണ് നിക്ഷേപകന് ആവശ്യം. ഹ്രസ്വകാലത്തേക്ക് ചെറുകിട, സൂക്ഷ്മ ഓഹരികള്‍ പ്രതീക്ഷ നിലനിര്‍ത്തും. പിന്നിലായിരുന്ന ഇടത്തരം, ചെറുകിട ഓഹരികളിലേക്ക് പണത്തിന്റെ ഒഴുക്കുണ്ടാകും. ഓഹരികള്‍ വില്‍ക്കാനുള്ള സമയം തെരഞ്ഞെടുക്കല്‍ വളരെപ്രധാനമാണ്. ശരിയായ തന്ത്രങ്ങളോടെ സുരക്ഷിതമായി ട്രേഡിംഗ് നടത്തുക.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകന്‍)