നാലുദിവസംമാത്രം നീണ്ടുനിന്ന വ്യാപാര ആഴ്ചയില്‍ ചരിത്രംകുറിച്ച് ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 45,000വും നിഫ്റ്റി 13,200ഉം പിന്നിട്ട ആഴ്ചയാണ് കടന്നുപോകുന്നത്.
കാളകള്‍ പിടിമുറുക്കിയതോടെ ബിഎസ്ഇ 500ലെ 65 ഓഹരികള്‍ ഈയാഴ്ചമാത്രം 10 മുതല്‍ 50ശതമാനംവരെ നേട്ടമുണ്ടാക്കി. കെഎന്‍ആര്‍ കണ്‍സ്ട്രക് ഷന്‍, ടാറ്റ പവര്‍, മാരുതി സുസുകി, സണ്‍ ഫാര്‍മ, അദാനി എന്റര്‍പ്രൈസസ്, ഹിന്‍ഡാല്‍കോ, ഒബറോയ് റിലയാല്‍റ്റി, സെയില്‍, സ്‌പൈസസ് ജെറ്റ്, ടാറ്റ കെമിക്കല്‍സ്, അദാനി പവര്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍ മുന്നില്‍.
വാക്‌സിന്‍ വികസിപ്പിക്കുന്നതിലെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടുകളും സെപ്റ്റംബര്‍ പാദത്തിലെ പ്രതീക്ഷിച്ചതിലും മികച്ച ജിഡിപി ഡാറ്റയും വിലക്കയറ്റം ഉയര്‍ന്നുനില്‍ക്കുകയാണെങ്കിലും സമ്പദ്ഘടന വളര്‍ച്ചയുടെ പാതയിലാണെന്ന ആര്‍ബിഐയുടെ വിലയിരുത്തലുമാണ് വിപണിക്ക് കുതിപ്പേകിയത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 7,236 കോടി രുപായാണ് ഈയാഴ്ചമാത്രം രാജ്യത്തെ വിപണിയിലിറക്കിയത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 4,118 കോടി രൂപയുടെ ഓഹരികള്‍ വിറ്റ് ലാഭമെടുക്കുകയുംചെയ്തു.
ചെറുകിട, മധ്യനിര ഓഹരികളാണ് നവംബറിലും ഡിസംബറിലെ തുടക്കത്തിലും കൂടുതല്‍ മുന്നേറ്റമുണ്ടായത്. ബാങ്ക് ഉള്‍പ്പടെയുള്ള ധനകാര്യ ഓഹരികളും നേട്ടംകൊയ്തു. കഴിഞ്ഞ മൂന്നുമാസത്തെ കണക്കെടുത്താല്‍ 30ശതമാനത്തിലേറെയാണ് സ്വകാര്യ ബാങ്കുകളുടെ ഓഹരികളുണ്ടാക്കിയ നേട്ടം. പൊതുമേഖ ബാങ്കുകളുടെ ഓഹരികളുംനേട്ടത്തില്‍ പങ്കാളികളായി.
അടുത്തയാഴ്ച
പുറത്തുവരാനിരിക്കുന്ന മാനുഫാക്ചറിങ് ഡാറ്റയാണ് ആഭ്യന്തര വിപണിയുടെ ഗതിനിര്‍ണയിക്കുക. വാക്‌സിന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളും യു.എസിലെ സാമ്പത്തിക പാക്കേജുമാകും ആഗോള വിപണികളെ സ്വാധീനിക്കുക.
ബുള്ളുകള്‍ പിടിമുറുക്കിയാല്‍ 13,350/13,400 നിലവാരത്തിലേയ്ക്ക് നിഫ്റ്റി കുതിക്കും. ബാങ്ക് നിഫ്റ്റിയാകട്ടെ 31,000 നിലവാരത്തിലുമെത്തും. ടെക്‌നോളജി, സേവന മേഖലകളില്‍ കണ്ണുവെച്ചിട്ടുള്ള വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍തന്നെയാകും കുതിപ്പിന് നേതൃത്വം നല്‍കുക.