കോവിഡ് വ്യാപനംമൂലമുള്ള അടച്ചടലിനെതുടര്‍ന്ന് തകര്‍ന്നടിഞ്ഞ ഓഹരി സൂചികകള്‍ ഇതാ നാലുമാസത്തെ ഉയര്‍ന്ന നിലവാരം കീഴടക്കിയിരിക്കുന്നു. 

ആഗോളതലത്തിലും രാജ്യത്തും കോവിഡ് വ്യാപനംകൂടുമ്പോഴും ഇപ്പോഴത്തെ വിപണിയിലെ ഉയര്‍ച്ചയ്ക്ക് അതൊന്നും ഒരുതടസ്സമല്ല. മാര്‍ച്ചിലെ താഴ്ന്ന നിലവാരത്തില്‍നിന്ന് വിപണി 50ശതമാനത്തിലേറെയാണ് കുതിച്ചത്. 

45ലേറെ ഓഹരികളുടെ വില 100 മുതല്‍ 300ശതമാനംവരെ ഉയരുകയും ചെയ്തിരിക്കുന്നു. ബിഎസ്ഇ 500ലെ 94ശതമാനം ഓഹരികളും മാര്‍ച്ച് 23ലെ താഴ്ന്ന നിലവാരത്തില്‍നിന്ന് പ്രതാപംതിരിച്ചുപിടിച്ചു. എല്ലാവിഭാഗം സെക്ടറല്‍ സൂചികകളും കഴിഞ്ഞ നാലുമാസത്തിനിടെ ഇരട്ട അക്ക ശതമാനം ഉയര്‍ന്നു.  സെന്‍സെക്‌സ് 38,101ലും നിഫ്റ്റി 11194ലിലുമാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 

വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകളെതുടര്‍ന്നുണ്ടായ പണലഭ്യത, വാക്‌സിന്‍ വികസിപ്പിക്കുന്നതിലെ പുരോഗതി, ചെറുകിട നിക്ഷേപകരുടെ വ്യാപകമായ പങ്കാളിത്തം തുടങ്ങിയവ വിപണിയെ സ്വാധീനിച്ചതിന്റെ തെളിവകൂടിയാണിത്. 

ഹാത് വെ കേബിള്‍, ഡെക്കാത്തോണ്‍, ഇന്റലക്ട് ഡിസൈന്‍ അരീന, ഡിഷ്മാന്‍ കാര്‍ബോജന്‍, ജൂബിലന്റ് ലൈഫ് സയന്‍സ്, അരബിന്ദോ ഫാര്‍മ, മുത്തൂറ്റ് ഫിനാന്‍സ്, ഇന്‍ഫിബീം അവന്യൂസ്, ഭാരത് ഡൈനാമിക്‌സ്, ഗ്രാന്യൂള്‍സ് ഇന്ത്യ, ഐസിഐസിഐ സെക്യൂരിറ്റീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മണപ്പുറം ഫിനാന്‍സ്, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ, അലംബിക് ഫാര്‍മ, ഈഡെല്‍വെയ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എസ്‌കോര്‍ട്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബിര്‍ളസോഫ്റ്റ്, ബന്ധന്‍ ബാങ്ക് തുടങ്ങിയ ഓഹരികളാണ് 100 മുതല്‍ 300ശതമാനംവരെ നേട്ടമുണ്ടാക്കിയത്. 

വിദേശ നിക്ഷേപകരുടെ സാന്നിധ്യം സംപൂജ്യമാണ്. മാര്‍ച്ചിലെ വിറ്റൊഴിയലിനുശഷം ജൂണ്‍ അവസാനംവരെ അവര്‍ തിരിഞ്ഞുനോക്കിയിരുന്നില്ല. ഇതാ ഇപ്പോള്‍, കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങളിലായി 8,000 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് അവര്‍ വാങ്ങിക്കൂട്ടിയത്.

2020ല്‍ ഇതുവരെ 85,000 കോടി രൂപയുടെ ഓഹരികളാണ് മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് എന്നീ കമ്പനികള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ കൈവശമാക്കിയത്. എന്നാല്‍ ജൂലായില്‍ ഇവര്‍ ഒന്നടങ്കം ലാഭമെടുപ്പിന്റെ ഭാഗമായി ഓഹരികള്‍ വിറ്റൊഴിയാന്‍ തുടങ്ങി. മ്യൂച്വല്‍ ഫണ്ടില്‍നിന്ന് നിക്ഷേപകര്‍ വ്യാപകമായി പണംപിന്‍വലിച്ചതും ഫണ്ട് കമ്പനികളെ ഓഹരി വില്പനയ്ക്ക് പ്രേരിപ്പിച്ചു. 

ഈ പിന്‍വലിയല്‍ താല്‍ക്കാലികമാണെന്നാണ് വിലയിരുത്തല്‍. കോവിഡ് വ്യാപനംകൂടുമ്പോഴും നിക്ഷേപത്തിന്റെ തോത് ഉയര്‍ന്നെങ്കില്‍ ഭാവിയില്‍ രോഗബാധയുടെ ഭീഷണി അസ്ഥാനത്താകുമ്പോള്‍ വിപണിയുടെ മുന്നേറ്റം ഊഹിക്കാവുന്നതേയുള്ളൂ.