ദുർബലമായ ആഗോള സാഹചര്യങ്ങളോടൊപ്പം ദക്ഷിണാഫ്രിക്കയിലെ കോവിഡ് വൈറസിന്റെ പുതിയ വകഭേദവും പോയ ആഴ്ച വിപണിയെ വലിച്ചുതാഴെയിട്ടു. നഫ്റ്റി 17,000 നിലവാരത്തിലെത്തി. സെൻസെക്‌സാകട്ടെ ദിനവ്യാപാരത്തിനിടെ വെള്ളിയാഴ്ച 1,800 പോയന്റ് ഇടിഞ്ഞു. ഏപ്രിലിനുശേഷമുള്ള വലിയ തകർച്ചക്ക് ദലാൾ സ്ട്രീറ്റ് സാക്ഷിയായി. 

ഫാർമ ഒഴികെയുള്ള സെക്ടറുകളിൽ കനത്ത വില്പന സമ്മർദം രൂപപ്പെട്ടു. കിട്ടിയലാഭവുമെടുത്ത് നിക്ഷേപകർ പിൻവാങ്ങാൻ തിരിക്കുകൂട്ടി. വ്യാപാരം അവസാനിപ്പിച്ചപ്പോൾ സെൻസെക്‌സിന് 1,687.94 പോയന്റും നിഫ്റ്റിക്ക് 509.80 പോയന്റും നഷ്ടമായി. അതായത് ഇരുസൂചികകളും ക്ലോസ് ചെയ്തത് യഥാക്രമം 57,107.15ലും 17,026.45ലുമാണ്. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 3.2ശതമാനവും സ്‌മോൾ ക്യാപ് സൂചിക 2.6ശതമാനവും നഷ്ടംരേഖപ്പെടുത്തി. വെള്ളിയാഴ്ചയിലെ നഷ്ടത്തിൽമാത്രം നിക്ഷേപകർക്ക് 7,36,785.29 കോടി രൂപ നഷ്ടമായി. ബിഎസ്ഇയിലെ വിപണിമൂല്യം 2,65,66,953.88 കോടിയിൽനിന്ന് 2,58,30,168.59 കോടിയായി കുറഞ്ഞു. 

പണപ്പെരുപ്പ സൂചിക ഉയരുന്ന പശ്ചാത്തലത്തിൽ യുഎസ് ഫെഡറൽ റിസർവ് സ്വീകരിച്ചേക്കാവുന്ന നയവ്യതിയാനത്തിലെ ആശങ്കകളും കൂടിയായപ്പോൾ വിപണിയിൽ ദുരന്തസമാനമായ അന്തരീക്ഷം രൂപപ്പെട്ടു. മരുന്നുകമ്പനികളിൽമാത്രമാണ് നിക്ഷേപകർ ആശ്വാസംകണ്ടെത്തിയത്.

വരുംആഴ്ച
ആഫ്രിക്കൻ വകഭേദം വിപണിയിലുണ്ടാക്കിയ ആശങ്ക പെട്ടെന്ന് ഒഴിയുന്നതിന്റെ സൂചനകളില്ല. അതേസമയം, തകർന്ന വിപണിയിൽ കൂട്ടത്തോടെ പ്രവേശിക്കാനുള്ള നിക്ഷേപകത്വരയും പ്രകടമാണ്. നിലവിൽ നിഫ്റ്റിക്ക് 16,700ലും 17,300ലും പ്രതിരോധമുണ്ട്.

വിപണിക്ക് കോവിഡിനെ പേടിയില്ലെന്നതുകൂടി കാണേണ്ടിയിരിക്കുന്നു. കാരണം കോവിഡ് വിപണിയിൽ പുതിയതല്ലെന്നതുതന്നെ. പ്രത്യേകവകഭേദത്തിന്റെ വരവറിയിച്ചതാണ് വെള്ളിയാഴ്ചയുണ്ടായത്. അതോടൊപ്പം മറ്റ് ആഗോള കാരണങ്ങൾകൂടിവരുമ്പോഴാണ് വിപണിയിലെ പ്രതികരണം സമ്മിശ്രമാകാനുള്ള സാധ്യത വർധിക്കുന്നത്. 

രാജ്യത്തെ വാഹന വില്പന, ജിഡിപി കണക്കുകൾ തുടങ്ങിയവയും അടുത്തയാഴ്ചയിലെ നിർണായക ഘടകങ്ങളാണ്. ഇതൊരു അവസരമായി നിക്ഷേപകർക്ക് കാണാൻകഴിയണം. തകർന്നടിയുന്ന വിപണിയിൽനിന്ന് മികച്ച ഓഹരികൾക്കായി വലവീശാൻ തയ്യാറെടുക്കാം.