കോവിഡ് വ്യാപനത്തെതുടര്‍ന്ന് മാര്‍ച്ചില്‍ ഓഹരി വിപണി കൂപ്പുകുത്തിയപ്പോള്‍ നിക്ഷേപിച്ചവര്‍ക്ക് ഇപ്പോള്‍ ലഭിച്ചിട്ടുണ്ടാകുക ലക്ഷങ്ങളുടെ നേട്ടം. രണ്ടുമാസംകൊണ്ട് വിപണി നാലുവര്‍ഷത്തെ താഴ്ന്ന നിലവാരത്തിലാണെത്തിയത്. നിഫ്റ്റി 40ശതമാനത്തോളം താഴ്ന്ന് 7,511നിലവാരത്തിലെത്തി. ജനുവരിയില്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍നിന്നായിരുന്ന ഈ വീഴ്ച. കോവിഡ് വ്യാപനം തുടരുമ്പോഴും എട്ടുമാസത്തിനിപ്പുറം വിപണി വന്‍കുതിപ്പാണ് നടത്തിയിരിക്കുന്നത്. നവംബര്‍ ഒമ്പതിന് എക്കാലത്തെയും ഉയരം കുറിച്ച് നിഫ്റ്റി 12,451.80 നിലവാരത്തിലെത്തി.

ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോണ്‍ ബൈഡന്റെ വിജയമാണ് രാജ്യത്തെ ഓഹരി സൂചികകള്‍ കുതിപ്പാക്കിമാറ്റിയത്. വിദേശ നിക്ഷേപകരുടെ സാന്നിധ്യവും പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തനഫലം കമ്പനികള്‍ പുറത്തുവിട്ടതും സൂചികകള്‍ക്ക് കരുത്തുപകര്‍ന്നു. 

ജനുവരിക്കും നവംബറിനുമിടയില്‍ 12ലേറെ ഓഹരികള്‍ ലക്ഷങ്ങളാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. അദാനി ഗ്രീന്‍ എനര്‍ജി 334ശതമാനവും ലോറസ് ലാബ്‌സ് 243 ശതമാനവും ആല്‍കൈല്‍ ആമിനസ് കെമിക്കല്‍സ് 159ശതമാനവും ഗ്രാന്യൂള്‍സ് ഇന്ത്യ 152ശതമാനവും ബിര്‍ളസോഫ്റ്റ് 149ശതമാനവും നേട്ടം നിക്ഷേപകന് നല്‍കി.

ഡിക്‌സണ്‍ ടെക്‌നോളജീസ് 138ശതമാനവും നവീന്‍ ഫ്‌ളോറിന്‍ ഇന്റര്‍നാഷണല്‍ 130ശതമാനവും ടാറ്റ കമ്യൂണിക്കേഷന്‍സ് 126ശതമാനവും വൈഭവ് ഗ്ലോബല്‍ 119ശതമാനവും ജെബി കെമിക്കല്‍സ് 111ശതമാനവും തൈറോകെയര്‍ ടെക്‌നോളജീസ് 103ശതമാനവും നേട്ടമുണ്ടാക്കി.

അതേസമയം, 40 മുതല്‍ 80ശതമാനംവരെ നഷ്ടമുണ്ടാക്കിയ ഓഹരികളുമുണ്ട്. ഫ്യൂച്ചര്‍ റീട്ടെയില്‍, റെയ്മണ്ട്, കാനാറ ബാങ്ക്, ടാറ്റ കെമിക്കല്‍സ്, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, പിഎന്‍ബി, ഇന്ത്യബുള്‍സ് റിയല്‍എസ്റ്റേറ്റ്, ഗ്രീവ്‌സ് കോട്ടണ്‍, ബാങ്ക് ഓഫ് ബറോഡ, സ്‌പൈസ് ജെറ്റ്, ഒഎന്‍ജിസി, ഡെല്‍റ്റ കോര്‍പ് നഷ്ടത്തിന്റെ അടിത്തട്ടുകണ്ടു. 

ഓഹരി വിപണിയില്‍ എട്ടുമാസംകൊണ്ട് രൂപപ്പെട്ട കുതിപ്പില്‍ ചില സെക്ടറുകളും പ്രധാനമായും കുറച്ച് ഓഹരികളുമാണ് പങ്കാളികളായത്. ഹ്രസ്വകാലത്തേയ്ക്ക് വിപണിയില്‍ ചാഞ്ചാട്ടം തുടരും. അതേസമയം, മധ്യ-ദീര്‍ഘകാലത്തേയ്ക്ക് കുതിപ്പിന്റെ ട്രന്‍ഡ് വിപണിയില്‍തുടരുമെന്നുതന്നെയാണ് വിലയിരുത്തല്‍.