ഹരി വിപണിക്ക് സമീപകാലത്ത് ഉണ്ടായതിൽ വച്ച് മികച്ച ഒരു വർഷമായിരുന്നു 2017. നിഫ്റ്റി 8,185 നിലവാരത്തിൽ നിന്ന് 10,550 വരെയെത്തി 2,365 പോയിന്റിന്റെ നേട്ടമാണ് 2017-ൽ കൊയ്തത്. 28 ശതമാനം വർധനയാണ് കഴിഞ്ഞ വർഷം ഉണ്ടാക്കിയത്. സ്മോൾ ക്യാപ് സൂചിക 59 ശതമാനവും മിഡ് ക്യാപ് സൂചിക 47 ശതമാനവും നേട്ടം ഈ കാലയളവിൽ ഉണ്ടാക്കി.  

കഴിഞ്ഞ വർഷം നിഫ്റ്റിയിൽ മികച്ച നേട്ടം കൈവരിച്ച ഓഹരികൾ കൂടി ഒന്നു പരിശോധിക്കാം.

ബജാജ് ഫിനാൻസ് (109 ശതമാനം), ടാറ്റ സ്റ്റീൽ (88), ഇന്ത്യാ ബുൾസ് ഹൗസിങ് (84), മാരുതി സുസുകി (83), ഹിൻഡാൽകോ (76) എന്നിങ്ങനെയാണ് ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയ നിഫ്റ്റി ഓഹരികളുടെ പട്ടിക. ഏറ്റവും തകർച്ച നേരിട്ട നിഫ്റ്റി ഓഹരികൾ ലൂപിൻ (40 ശതമാനം), ഡോ. റെഡ്ഡീസ് (21), കോൾ ഇന്ത്യ (12), ടാറ്റ മോട്ടോഴ്‌സ് (10), സൺ ഫാർമ (9) എന്നിവയാണ്. ഓഹരി വിപണിയിലെ മികച്ച നേട്ടത്തിന്റെ വർഷമായിട്ടുകൂടി കഴിഞ്ഞ വർഷം ഇത്രയധികം പിന്നോട്ടുപോയ പ്രധാന ഓഹരികളെക്കൂടി പരിചയപ്പെടുത്തിയത് നേട്ടമുണ്ടാക്കിയ വർഷമായിട്ടും നിക്ഷേപകർക്ക് നഷ്ടമുണ്ടാകാനുള്ള സാധ്യതകൾ വിപണിയിൽ നിലനിൽക്കുന്നു എന്നു സൂചിപ്പിക്കാൻ കൂടിയാണ്. 

പുതുവർഷത്തിൽ എന്തൊക്കെ സാധ്യതകളും പ്രതീക്ഷകളും ആശങ്കകളും ഒക്കെയാണ് വിപണിയിയെ ചുറ്റിപ്പറ്റി നിലനിൽക്കുന്നത് എന്ന് ഇനി പരിശോധിക്കാം.
 
ബജറ്റ്
രാജ്യത്ത് ജി.എസ്.ടി. നടപ്പിലാക്കിയതിനു ശേഷമുള്ള ആദ്യ പൊതു ബജറ്റാണ് വരാനിരിക്കുന്നത്. നികുതി വരുമാനവും ധനക്കമ്മിയും സമീപകാലത്തെ തിരഞ്ഞെടുപ്പിൽ നേരിട്ട വെല്ലുവിളികളുമൊക്കെ ധനമന്ത്രിയെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കുമോ എന്ന ആശങ്ക വിപണിയിൽ ഇല്ലാതില്ല. ഇതുകൂടാതെ കമ്പനികളുടെ നികുതി പരിഷ്കരിക്കുമെന്ന പ്രതീക്ഷയും നിലവിലുണ്ട്. ആദായ നികുതി നിരക്കിലും ദീർഘകാല മൂലധനനേട്ട നികുതിയുടെ ചട്ടക്കൂടിലും പരിഷ്കാരം നടപ്പിലാക്കിയേക്കുമെന്നത് ആശങ്കകളാണ്. ഇനി ഒരു മാസക്കാലയളവുമാത്രമുള്ള ബജറ്റ് തന്നെയാവും സമീപഭാവിയിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രവും. 

കമ്പനികളുടെ പ്രവർത്തനഫലം
നികുതി ഘടനയിൽ ഉണ്ടായിട്ടുള്ള സമൂല പരിവർത്തനം പല കമ്പനികളുടെയും പ്രവർത്തനഫലങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇത് ക്രമേണ മെച്ചപ്പെട്ടുവരും എന്ന പ്രതീക്ഷയാണ് പല ഓഹരികളെയും പിടിച്ചുനിർത്തിയിരിക്കുന്നത്. പ്രതീക്ഷിച്ച നേട്ടം വരുംപാദത്തിലും രേഖപ്പെടുത്തുന്നില്ലെങ്കിൽ അതിനു കനത്ത വില നൽകേണ്ടി വരും. 

ബാങ്കുകൾക്കുള്ള അധിക മൂലധനം
നിഷ്‌ക്രിയ ആസ്തികളുടെ പേരിൽ നട്ടംതിരിഞ്ഞു നിൽക്കുന്ന പൊതുമേഖലാ ബാങ്കുകളും, അവയെ ശക്തിപ്പെടുത്താൻ സർക്കാർ ഇറക്കിയ ബ്രഹ്മാസ്ത്രവും വിപണിയിൽ ഇപ്പോഴും കോളിളക്കങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പ്രായോഗിക തലത്തിൽ എന്തൊക്കെ നടപ്പിലാക്കാനാവും, എന്തൊക്കെ തിരിച്ചടികൾ നേരിടും എന്നിവ വിപണി കാതോർത്തു നിൽക്കുകയാണ്. 

ക്രൂഡോയിൽ വില
കഴിഞ്ഞ ആറു മാസക്കാലയളവിൽ അസംസ്‌കൃത എണ്ണ വില ക്രമേണ കൂടിക്കൊണ്ടിരിക്കുന്നത് ഇനിയും തുടർന്നാൽ അത് ഇന്ത്യയ്ക്ക് തിരിച്ചടിയാവും. വരും ദിനങ്ങളിൽ വിപണി ക്രൂഡോയിൽ വില സാകൂതം നിരീക്ഷിക്കും. 

പണപ്പെരുപ്പം
പണപ്പെരുപ്പം ഇനിയും കൂടിക്കൊണ്ടിരുന്നാൽ അത് പലിശ നിരക്കുകളിലെ വർധനയിൽ കലാശിക്കും. പലിശ നിരക്ക് വർധന വിപണിയിൽ കനത്ത തിരിച്ചടി നൽകുകയും ചെയ്യും. റിസർവ് ബാങ്കിന്റെ അടുത്ത പണ നയത്തെ വിപണി അതുകൊണ്ടുതന്നെ ശ്രദ്ധയോടെയാവും കാതോർക്കുക. 

തിരഞ്ഞെടുപ്പ്
എട്ടു സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പുഫലം വിപണിയിലുണ്ടാക്കിയ കയറ്റിറക്കങ്ങൾ ഒരു സൂചനയായി തന്നെ കാണണം. ഇപ്പോഴത്തെ അവസ്ഥയിൽ ഒരു തരത്തിലുള്ള രാഷ്ട്രീയ അസ്ഥിരതയും വിപണി ആഗ്രഹിക്കുന്നില്ല.

ചുരുക്കത്തിൽ 2018 പ്രതീക്ഷകളെക്കാൾ കൂടുതൽ ആശങ്കകളാണ് മുന്നിൽ വയ്ക്കുന്നത് എന്നു വ്യക്തം. നിഫ്റ്റിയിൽ 10,448 എന്ന ആദ്യ സപ്പോർട്ട് ആവും ബുള്ളുകൾ സംരക്ഷിക്കാൻ ശ്രമിക്കുക. ഇതിനു താഴെ 10,385 കൂടി തകർത്താൽ മാത്രമേ ബെയറുകൾക്ക് കാര്യമായ സാധ്യതകൾ തുറക്കൂ. ഇപ്പോഴത്തെ ആദ്യ ലക്ഷ്യമാകട്ടെ 10,685 എന്ന നിലവാരമാണ്. 
(പ്രമുഖ ഓഹരി വിദഗ്ദ്ധനും ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസറുമാണ് ലേഖകന്‍. ഇമെയില്‍-jaideep.menon@gmail.com)