Photo: Gettyimages
റഷ്യ-യുക്രൈന് യുദ്ധം, കോവിഡിന്റെ ആഘാതം, പണപ്പെരുപ്പം, പലിശ വര്‍ധന എന്നിവയൊക്കെ പ്രതികൂലമായെങ്കിലും അസാധാരണ പ്രതിരോധശേഷി പ്രകടിപ്പിച്ച് രാജ്യത്തെ ഓഹരി വിപണി. ഏഴാമത്തെ വര്‍ഷവും നേട്ടം സമ്മാനിച്ചാണ് 2022 പിന്നിടുന്നത്. സെന്‍സെക്സ് 4.4 ശതമാനവും നിഫ്റ്റി 4.3ശതമാനവും നേട്ടമുണ്ടാക്കി. നാല് വര്‍ഷത്തിനിടെ ഇതാദ്യമായി ഒറ്റയക്ക റിട്ടേണിലേയ്ക്ക് ചുരുങ്ങിയെങ്കിലും രൂക്ഷമായ പ്രതിസന്ധികള്‍ക്കിടയിലായിരുന്നു ഈ നേട്ടം എന്നത് ശ്രദ്ധേയമാണ്. പ്രമുഖ ആഗോള സൂചികകളില്‍ പലതും നഷ്ടംനേരിട്ടിട്ടും അതിജീവനശേഷി പ്രകടിപ്പിച്ച് ഇന്ത്യ കരുത്തു തെളിയിച്ചു.
തുടര്‍ച്ചയായി ഏഴാമത്തെ വര്‍ഷവും സെന്‍സെക്സ് നേട്ടമുണ്ടാക്കുന്നത് വിപണിയുടെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ്. 1988-1994 കാലഘട്ടത്തില്‍ സെന്‍സെക്സും നിഫ്റ്റിയും ഇരട്ടയക്ക നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിരുന്നു.
ആഗോള വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ എംഎസ്സിഐ എമേര്‍ജിങ് മാര്‍ക്കറ്റ് സൂചിക ഈവര്‍ഷം 22.3ശതമാനമാണ് തകര്‍ച്ച നേരിട്ടത്. എസ്ആന്‍ഡ്പി 500, നാസ്ദാക്ക് സൂചികകള്‍ യഥാക്രമം 20 ശതമാനവും 30 ശതമാനവും നഷ്ടത്തിലായി.
2022ല്‍ വികസിത സമ്പദ് വ്യവസ്ഥകള്‍ നേരിട്ട വലിയ തിരിച്ചടിയായിരുന്നു പണപ്പെരുപ്പം. 40 വര്‍ഷത്തെ ഉയര്‍ന്ന വിലക്കയറ്റമാണ് യുഎസിലുണ്ടായത്. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് മുന്‍ഗണന നല്കി. നിരക്കുകള്‍ അടിക്കടി ഉയര്‍ത്തി. ഇന്ത്യയെയും വിലക്കയറ്റം വെറുതെവിട്ടില്ല. ഘട്ടംഘട്ടമായി റിപ്പോ നിരക്ക് 2.25ശതമാനം ഉയര്‍ത്താന്‍ റിസര്‍വ് ബാങ്കും നിര്‍ബന്ധിതമായി.
റഷ്യ-യുക്രൈന് യുദ്ധം ഉത്പന്ന വിലയില്‍ കുതിപ്പുണ്ടാക്കിയതാണ് തിരിച്ചടിയായത്. ചൈനയില്‍ കോവിഡ് അടച്ചിടലുകള്‍ തുടര്‍ന്നതും പകര്‍ച്ച വ്യാധികള്ക്കുശേഷമുള്ള ഉത്തജന നടപടികളുടെ വേഗം കുറയ്ക്കാനും അതില്‍നിന്ന് പിന്മാറാനും രാജ്യങ്ങളെ നിര്‍ബന്ധിതമാക്കിയതും കനത്ത ആഘാതമുണ്ടാക്കി. യുഎസില്‍ പലിശ നിരക്ക് അടിക്കടി ഉയര്‍ന്നപ്പോള്‍ സുരക്ഷിത നിക്ഷേപത്തിലേയ്ക്ക് വിദേശ നിക്ഷേപകര്‍ നീങ്ങി. അവര്‍ രാജ്യത്തെ വിപണിയില്‍ മാസങ്ങളോളം അറ്റവില്‍പ്പനക്കാരായി. 1.21 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ ഉപേക്ഷിച്ച് സ്ഥലംവിട്ടു.
ചെറുകിട നിക്ഷേപകരുടെയും മ്യൂച്വല്‍ ഫണ്ട് ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപകരുടെയും ഇടപെടല്‍ വിപണിയെ തിരിച്ചടിയില്‍നിന്ന് ഒരുപരിധിവരെ കാത്തു. ഇതാദ്യമായാണ് വിദേശ നിക്ഷേപകരുടെ വില്പനയെ ആഭ്യന്തര ഇടപെടലിലൂടെ ചെറുക്കാന്‍ രാജ്യത്തെ സൂചികകള്‍ക്ക് കഴിയുന്നത്. എസ്ഐപി വഴി ഓഹരിയില്‍ നിക്ഷേപിക്കുന്നവരുടെ അഭൂതപൂര്‍വമായ വളര്‍ച്ച ദൃശ്യമായി.
അതേസമയം, മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ക്ക് അത്രതന്നെ പ്രകടനം കാഴ്ചവെയ്ക്കാനായില്ല. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.4ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ സ്മോള്‍ ക്യാപ് സൂചിക 1.8ശതമാനം നഷ്ടംനേരിട്ടു. സെക്ടറല്‍ വിഭാഗത്തില്‍ അതിശയിപ്പിക്കുന്ന നേട്ടമുണ്ടാക്കിയത് പൊതുമേഖല ബാങ്ക് സൂചികയാണ്. 70.7ശതമാനമാണ് മുന്നേറ്റം. കൂടുതല്‍ തകര്‍ച്ച നേരിട്ടതാകട്ടെ ഐടി സൂചികയും. 26ശതമാനം. നിഫ്റ്റിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഓഹരിയെന്ന നേട്ടം അദാനി എന്റര്‍പ്രൈസസ് സ്വന്തമാക്കി. 1,257 ശതമാനമാണ് ഓഹരിയിലുണ്ടായ മുന്നേറ്റം. പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യയുടെ ഓഹരി വില 54ശതമാനവും ഉയര്‍ന്നു.
Content Highlights: stock market analysis good bye 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..