മുംബൈ: ‘ലിസ്റ്റ്’ചെയ്ത കമ്പനികൾ വിപണിയിൽനിന്ന് ഓഹരികൾ മടക്കിവാങ്ങുന്നതിന് 20 ശതമാനം നികുതി ഏർപ്പെടുത്തിയ ബജറ്റ് നിർദേശത്തിൽ വ്യക്തത തേടി കമ്പനികൾ കേന്ദ്ര ധനമന്ത്രാലയത്തെ സമീപിക്കുന്നു. ബജറ്റിനുമുമ്പ് പ്രഖ്യാപിച്ച മടക്കിവാങ്ങൽ പ്രഖ്യാപനത്തിന് നികുതി ബാധകമാകുമോ എന്നതിലാണ് വ്യക്തത തേടിയിട്ടുള്ളത്. കേന്ദ്ര ധനമന്ത്രാലയത്തിനും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യ്ക്കും ഇതുസംബന്ധിച്ച് കത്തയച്ചതായി കമ്പനികൾ ഓഹരിവിപണിയെ അറിയിച്ചു.
ഗ്രീവ്സ് കോട്ടൺ, എസ്.കെ.പി. സെക്യൂരിറ്റീസ് എന്നിവയാണ് നിലവിൽ ഓഹരിവിപണിയെ ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ജൂലായ് അഞ്ചിനുമുമ്പ് പ്രഖ്യാപനം നടത്തി ‘സെബി’യിൽ പദ്ധതിരേഖ സമർപ്പിച്ചതാണെന്ന് കമ്പനികൾ പറയുന്നു. ജൂലായ് അഞ്ചിനായിരുന്നു ബജറ്റ് പ്രഖ്യാപനം. അതിനുമുമ്പുള്ള പ്രഖ്യാപനത്തിന് നികുതി ബാധകമാണോ എന്നതിലാണ് സംശയമുള്ളത്.
ഓഹരിമടക്കിവാങ്ങൽതീരുമാനം നീട്ടിവെക്കാനോ റദ്ദാക്കാനോ സാധ്യത തേടി ‘സെബി’യുടെ മാർഗനിർദേശവും ഇവർ തേടിയിട്ടുണ്ട്. ഇരുകമ്പനികളും ചേർന്ന് 235 കോടി രൂപയുടെ ഓഹരിമടക്കിവാങ്ങലാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പുതിയ നികുതി കൊണ്ടുവന്നതിനെത്തുടർന്ന് നേരത്തേ കെ.പി.ആർ. മിൽസ് ഓഹരിമടക്കിവാങ്ങൽതീരുമാനം റദ്ദാക്കിയിരുന്നു.
ലാഭവീതത്തിലൂടെ പത്തുലക്ഷം രൂപയിൽക്കൂടുതൽ ലഭിക്കുന്ന ഓഹരിയുടമകൾക്ക് 2016-ൽ പത്തു ശതമാനം അധികനികുതി ഏർപ്പെടുത്തിയതിനെത്തുടർന്നാണ് ‘ലിസ്റ്റ്’ചെയ്ത കമ്പനികളിൽ ഓഹരിമടക്കിവാങ്ങൽനീക്കത്തിന് പ്രചാരം കൂടിയത്. 20 ശതമാനം ലാഭവീതവിതരണനികുതിക്കു പുറമേയായിരുന്നു ഇത്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ 1.43 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള ഓഹരികളാണ് വിവിധ കമ്പനികൾ മടക്കിവാങ്ങിയത്.