കുതിക്കുന്നത് ഓഹരിസൂചിക; മൊത്തം വിപണിയല്ല


കെ. അരവിന്ദ്

റിലയൻസ്, എച്ച്.ഡി.എഫ്.സി. ബാങ്ക്, എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ. ബാങ്ക്, കൊട്ടക്ക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ് തുടങ്ങിയ മുൻനിര കമ്പനികളുടെ ഓഹരി വിലയിലുണ്ടായ മുന്നേറ്റമാണ് സൂചികകളുടെ കുതിപ്പായി മാറിയത്.

‘സമ്പദ്‌വ്യവസ്ഥ താഴേക്ക് പോകുമ്പോൾ ഓഹരി വിപണി ഉയരുന്നത് തനിക്ക് ഒരു സമസ്യയായിട്ടാണ് അനുഭവപ്പെടുന്നത്‌’ എന്നാണ് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്രസർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവുമായ അരവിന്ദ് സുബ്രഹ്മണ്യൻ പറയുന്നത്. അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ എൻ.എസ്.ഇ. സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സെന്ററിന്റെ ആദ്യത്തെ ‘ബിഹേവിയറൽ ഇക്കണോമിക്സ്‌ പ്രോജക്ട്‌ ഈ സമസ്യയ്ക്ക് ഉത്തരം തേടുന്നതിനു വേണ്ടിയുള്ളതാകണമെന്നും അദ്ദേഹം നിർദേശിച്ചു.

സാമ്പത്തിക വളർച്ച ആശങ്കാജനകമാം വിധം കുറഞ്ഞപ്പോഴാണ് ഓഹരി സൂചിക എക്കാലത്തെയും ഉയർന്ന നിലവാരത്തിലേക്ക് കുതിച്ചത്. ഇന്ത്യയുടെ സാമ്പത്തിക വളർച്ച 2013-ന് ശേഷം ആദ്യമായാണ് 5 ശതമാനത്തിന് താഴേക്ക് പോകുന്നത്. അതേസമയം, ഇന്ത്യൻ ഓഹരി വിപണി എക്കാലത്തെയും ഉയർന്ന നിലവാരം രേഖപ്പെടുത്തി.

‘സമ്പദ്‌വ്യവസ്ഥയുടെ ബാരോമീറ്ററാണ് ഓഹരിവിപണി’ എന്ന, പൊതുവെ സ്വീകാര്യമായ സങ്കൽപ്പമാണ്. സമ്പദ്‌വ്യവസ്ഥ താഴേക്ക് പോകുമ്പോൾ ഓഹരി വിപണി ഉയരുന്നത് ഉത്തരമില്ലാത്ത സമസ്യയാണെന്ന് അരവിന്ദ് സുബ്രഹ്മണ്യനെ പോലുള്ളവർ പറയുന്നതിന് കാരണവും ഇതാണ്. എന്നാൽ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഓഹരി സൂചിക നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രതിഫലനമാണോ...?

ഓഹരി സൂചികകളായ സെൻസെക്സിന്റെയും നിഫ്റ്റിയുടെയും കുതിപ്പിനെയാണ് നാം വിപണിയുടെ കുതിപ്പായി കാണുന്നത്. എന്നാൽ, സെൻസെക്സോ നിഫ്റ്റിയോ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെയോ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ പല തട്ടിൽ നിൽക്കുന്ന വളരെ വിപുലമായ ഇന്ത്യൻ കമ്പനികളുടെയോ പരിച്ഛേദമാകുന്നില്ല. സെൻസെക്സിൽ 30 കമ്പനികളും നിഫ്റ്റിയിൽ 50 കമ്പനികളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഈ കമ്പനികളുടെ ഓഹരിവിലയിലുണ്ടാകുന്ന വ്യതിയാനമാണ് സൂചികയിൽ പ്രതിഫലിക്കുന്നത്.

സെൻസെക്സിൽ റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി. ബാങ്ക്, എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ. ബാങ്ക്, ഇൻഫോസിസ്, ഐ.ടി.സി., കൊട്ടക്ക് മഹീന്ദ്ര ബാങ്ക്, ടി.സി.എസ്., എൽ ആൻഡ് ടി, ആക്‌സിസ് ബാങ്ക് എന്നീ പത്ത് കമ്പനികൾക്ക് മാത്രം 70.97 ശതമാനം ‘വെയിറ്റേജ്’ ഉണ്ട്. അതായത്, ഉയർന്ന വെയിറ്റേജുള്ള പത്തോ പതിനഞ്ചോ കമ്പനികളുടെ ഓഹരിവില ഗണ്യമായി ഉയർന്നാൽത്തന്നെ സൂചിക കുതിക്കും... ഇപ്പോൾ സംഭവിക്കുന്നതും അതാണ്.

റിലയൻസ്, എച്ച്.ഡി.എഫ്.സി. ബാങ്ക്, എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ. ബാങ്ക്, കൊട്ടക്ക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ് തുടങ്ങിയ മുൻനിര കമ്പനികളുടെ ഓഹരി വിലയിലുണ്ടായ മുന്നേറ്റമാണ് സൂചികകളുടെ കുതിപ്പായി മാറിയത്.

അതേസമയം, നിഫ്റ്റിയിലും സെൻസെക്സിലും ഉൾപ്പെട്ട പല കമ്പനികൾക്കും കുതിപ്പിൽ പങ്കാളിത്തം വഹിക്കാൻ സാധിച്ചിട്ടില്ല. നിഫ്റ്റി ഡിസംബറിൽ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയർന്ന നിലവാരത്തിന് തൊട്ടടുത്തായി ഇപ്പോഴും തുടരുമ്പോഴും നിഫ്റ്റിയിൽ ഉൾപ്പെട്ട പകുതിയോളം ഓഹരികൾ അവയുടെ എക്കാലത്തെയും ഉയർന്ന വിലയുടെ 25 ശതമാനം താഴെയായാണ് വ്യാപാരം ചെയ്യുന്നത്.

നിഫ്റ്റി കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 13 ശതമാനം ഉയർച്ച രേഖപ്പെടുത്തിയപ്പോൾ, നിഫ്റ്റിക്ക് പുറത്തുള്ള ഇടത്തരം, ചെറുകിട കമ്പനികളുടെ ഓഹരികളിൽ ബഹുഭൂരിഭാഗത്തിനും ഈ മുന്നേറ്റത്തിൽ പങ്കാളിത്തമില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ എൻ.എസ്.ഇ. മിഡ്കാപ് 50 സൂചിക മൂന്ന് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

സൂചികാധിഷ്ഠിതമല്ലാത്ത മറ്റ് കമ്പനികളുടെ പ്രകടനം എങ്ങനെയായിരുന്നാലും അത് സെൻസെക്സിനെയോ നിഫ്റ്റിയെയോ ബാധിക്കുന്ന കാര്യമല്ല. സൂചികക്ക് പുറത്തുള്ള ഇടത്തരം, ചെറുകിട കമ്പനികൾ സാമ്പത്തിക വളർച്ച കുറയുന്നതിന്റെ ഇരകളായി മാറുമ്പോഴും അത് നിഫ്റ്റിയിലോ സെൻസെക്സിലോ പ്രതിഫലിക്കുന്നില്ല.

കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചത് ഓഹരി വിപണിക്ക് ഉത്തേജനം പകർന്ന ഘടകമാണ്. പക്ഷേ, ആ നടപടിയും സൂചികകളിൽ ഉയർന്ന വെയിറ്റേജുള്ള കമ്പനികൾക്കാണ് ഗുണകരമാകുന്നത്. അതിന്റെ ആനുകൂല്യം സ്വന്തമാക്കുന്ന കോർപ്പറേറ്റ് ഭീമന്മാർ നയിക്കുന്ന മുന്നേറ്റമാണ് വിപണിയിൽ ഇപ്പോൾ നിലനിൽക്കുന്നത്.

സമ്പദ്‌വ്യവസ്ഥയുടെ ബാരോമീറ്ററാണ് ഓഹരി വിപണി എന്ന സങ്കൽപ്പത്തിന് ഇന്ത്യൻ സാഹചര്യത്തിലെങ്കിലും വലിയ കഴമ്പൊന്നുമില്ലെന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. മൊത്തം സമ്പദ്‌വ്യവസ്ഥയുടെ പ്രകടനത്തെ പ്രതിഫലിപ്പിക്കുന്നതിന് പകരം അത് സൂചികകളുടെ 'ബാസ്‌കറ്റി'ൽ ഉൾപ്പെട്ട പത്തോ പതിനഞ്ചോ കമ്പനികളുടെ പ്രകടനത്തെ മാത്രമാണ് രേഖപ്പെടുത്തുന്നത്.

സൂചികാധിഷ്ഠിതമായ പ്രമുഖ കമ്പനികളിലെ നിക്ഷേപം ഗണ്യമായി ഉയർത്തുന്നതിലൂടെയാണ് ‘മ്യൂച്വൽ ഫണ്ടു’കൾ ഈ മുന്നേറ്റം പ്രയോജപ്പെടുത്താൻ ശ്രമിക്കുന്നത്. വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ മുൻനിരയിലുള്ള 50 കമ്പനികളിലാണ് ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 77 ശതമാനം നിക്ഷേപവും നടത്തിയിരിക്കുന്നത്.

കുതിപ്പിന് പിന്നിൽ എസ്.ഐ.പി.
ഓഹരി സൂചികയിലെ കുതിപ്പിന് പിന്നിൽ പ്രവർത്തിക്കുന്ന ഒരു പ്രധാന ഘടകം വിപണിയിൽ ഇന്ത്യക്കാരുടെ നിക്ഷേപം ഗണ്യമായി ഉയർന്നതാണ്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്.ഐ.പി.) വഴി കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രതിമാസം മ്യൂച്വൽ ഫണ്ടുകളിലേക്ക് എത്തിയ ശരാശരി നിക്ഷേപം 8,200 കോടി രൂപയാണ്.

2019 ജനുവരി മുതൽ നവംബർ വരെയുള്ള 11 മാസ കാലയളവിൽ 90,094 കോടി രൂപയാണ് എസ്.ഐ.പി. വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കപ്പെട്ടത്. നവംബറിൽ 8,273 കോടി രൂപയുടെ എസ്.ഐ.പി. നിക്ഷേപമാണുണ്ടായത്.

ഉപഭോഗം കുറയ്ക്കുകയും നിക്ഷേപം വർധിപ്പിക്കുകയും ചെയ്യുന്ന പ്രവണത ശക്തമായത് എസ്.ഐ.പി.ക്ക് പ്രചാരമേറിയതിന് ഒരു പ്രധാന കാരണമാണ്. ഇതിന് പുറമെ 1,500 കോടിയോളം രൂപ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (ഇ.പി.എഫ്.ഒ.) ഓഹരി അധിഷ്ഠിത എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളി (ഇ.ടി.എഫ്.)ൽ നിക്ഷേപിക്കുന്നു.

ഇങ്ങനെ ഓരോ മാസവും ഓഹരി വിപണിയിലെത്തുന്ന ഏകദേശം 10,000 കോടി രൂപയുടെ എസ്.ഐ.പി. നിക്ഷേപം ഓഹരി വിപണി ഉയർന്ന നിലയിൽ തുടരുന്നതിന് ഒരു പ്രധാന കാരണമാണ്. ഇങ്ങനെയെത്തുന്ന നിക്ഷേപം പ്രധാനമായും സൂചികയിൽ ഉയർന്ന വെയിറ്റേജുള്ള വൻകിട ബ്ലൂചിപ് കമ്പനികളിലാണ് ഫണ്ട് മാനേജർമാർ നിക്ഷേപിക്കുന്നത്. അവയുടെ ഓഹരി വില റെക്കോഡുകൾ ഭേദിച്ച് ഉയർന്നുകൊണ്ടിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

നേരത്തെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഗണ്യമായി നിക്ഷേപം പിൻവലിച്ചാൽ ഇന്ത്യൻ വിപണി തകർന്നടിയുന്ന കാഴ്ചയാണ് നാം കണ്ടിരുന്നത്.

എന്നാൽ ഇപ്പോഴത്തെ സ്ഥിതിവിശേഷം തീർത്തും വ്യത്യസ്തമാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിൽപ്പന നടത്തുന്ന അവസരങ്ങളിൽ വിപണിക്ക് പിന്തുണ നൽകുന്ന നിർണായക ശക്തിയായി മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പെടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ മാറിക്കഴിഞ്ഞു.

ദീർഘകാല നിക്ഷേപത്തിന്റെ ഭാഗമായാണ് എസ്.ഐ.പി. വഴി ഓരോ മാസവും വിപണിയിലേക്കുള്ള പണത്തിന്റെ ഒഴുക്ക് സംഭവിക്കുന്നത് എന്നതിനാൽ, അത് പൊടുന്നനെ നിലയ്ക്കുന്നതല്ല. അതുകൊണ്ടുതന്നെ, വിപണി മുന്നോട്ടുപോകുന്നതിൽ ഈ നിക്ഷേപപ്രവാഹം ഒരു പ്രധാന ഘടകമായി തുടർന്നും പ്രവർത്തിക്കും.

aravindkraghav@gmail.com

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented