ഹാമാരിപോലെതന്നെ അപ്രതീക്ഷിതമായിരുന്നു ഇന്ത്യൻ ഓഹരി വിപണിയിലുണ്ടായ കുതിപ്പും. ജനജീവിതവും സമ്പദ് വ്യവസ്ഥയും നിശ്ചലാവസ്ഥയിൽനിന്ന് കരകയറുന്നതേയുള്ളു. ഇത്രയേറെ വെല്ലുവിളി നിറഞ്ഞകാലത്തും 2020 നവംബർ മുതൽ വിപണി നിർഭയമായി ഫലപ്രദമായ തിരുത്തലുകൾ കൂടാതെ നിരന്തരം പുതിയ ഉയരങ്ങൾ തേടുകയാണ്. നിഫ്റ്റി പോലുള്ള പ്രധാന സൂചികകൾ കോവിഡ്കാല താഴ്ചയിൽനിന്ന് 148 ശതമാനവും 2020 ദീപാവലിയെ അപേക്ഷിച്ച് 46 ശതമാനവുംമുന്നേറി. വിശാല വിപണിയാകട്ടെ, പ്രധാന സൂചികകളേക്കാൾ മെച്ചപ്പെട്ട പ്രകടനമാണു കാഴ്ചവെച്ചത്.

കുതിപ്പിനുകാരണമായ പ്രധാനഘടകങ്ങൾ:

1. കേന്ദ്രബാങ്കുകളുടെ നിരുപാധിക പിന്തുണയും സർക്കാരിന്റെ ഉദാരവും വികസനോന്മുഖമായ ധനനയവും കുറഞ്ഞ പലിശ നൽകുന്ന ആസ്തികളെയപേക്ഷിച്ച് ഓഹരി വിപണിയെ കൂടുതൽ ആകർഷകമാക്കിയിരിക്കുന്നു.

2. ഇന്ത്യൻ ചെറുകിട നിക്ഷേപകരിൽനിന്നുള്ള ശക്തമായ നിക്ഷേപവും നേരിട്ടുള്ള നിക്ഷേപങ്ങളിൽനിന്നുള്ള തുടർച്ചയായ പിന്തുണയും.

3. ഡിജിറ്റലൈസേഷന്റെ ആവശ്യകത വർധിച്ചതിനാൽ മഹാമാരിയുടെ കാലത്ത് ഇന്ത്യയിൽ ഐടി പോലുള്ള മേഖലകളിൽ വലിയ നേട്ടമുണ്ടായി. ചൈനയിൽനിന്ന് വ്യാപാരം മാറിയതിനെത്തുടർന്ന് ഫാർമമേഖലയിൽ മരുന്നുകൾക്കും രാസവസ്തുക്കൾക്കും ഡിമാന്റുകൂടി.

4. ചൈനയ്ക്കപ്പുറം എന്നതന്ത്രം ഇലക്ട്രോണിക്സ്, ടെക്സ്റ്റൈൽ ഉൽപ്പടെ ഇന്ത്യയിലെ മേഖലകളിലും ബിസിനസ് വർധന സൃഷ്ടിച്ചു.

5. നിർമ്മാണം ഉൾപ്പടെയുള്ള പുതുകാല മേഖലകൾക്കു ഊന്നൽനൽകി പ്രഖ്യാപിച്ച നയങ്ങളിലൂടെ സർക്കാർ രാജ്യത്തിന്റെ വർധിക്കുന്ന സാമ്പത്തിക ശക്തിക്കു പിന്തുണയേകി. വിദേശ വ്യക്തി നിക്ഷേപങ്ങളും വിദേശ സ്ഥാപന നിക്ഷേപങ്ങളും ഇതുമൂലം വർധിച്ചു.

6. പുനർനിർമ്മിക്കാവുന്ന ഊർജ്ജം പ്രോത്സാഹിപ്പിച്ചതും ഊർജ്ജ മേഖലയിലെ പരിഷ്‌കരണ നടപടികളും ഊർജ്ജ, അടിസ്ഥാന ചരക്കു രംഗങ്ങളെ ഉയർത്തിക്കൊണ്ടുവന്നു.

ധനകാര്യവിപണിക്കു നൽകിയ വ്യക്തമായ പിന്തുണയും കോർപറേറ്റുകൾക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കു നൽകിയ പിന്തുണയും ബാലൻസ്ഷീറ്റ് ഭദ്രമാക്കി നിലനിർത്തി. 2020 മാർച്ച്-ഏപ്രിൽ മാസത്തെ പതനത്തിനുശേഷം ഓഹരികൾക്ക് സുസ്ഥിരത നൽകിയത് ഈ ഘടകങ്ങളാണ്. നിരന്തരമായ പരിഷ്‌കരണങ്ങളും ഫലപ്രദമായ കോവിഡ് നിയന്ത്രണ യത്നവും ഏഷ്യയിലെ ഇതര രാജ്യങ്ങളേയും മറ്റുവികസ്വര രാജ്യങ്ങളേും അപേക്ഷിച്ച് ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടാനിടയാക്കി. പരിഷ്‌കരണങ്ങളുടെ ഗുണഫലങ്ങളും സമ്പദ് വ്യവസ്ഥ കൂടുതൽ തുറന്നതും ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യൻ വിപണിയ്ക്ക് പിന്തുണയേകും. ഈ പശ്ചാത്തലത്തിൽ, ഇന്ത്യൻ ഓഹരിവിപണിയെക്കുറിച്ച് ക്രിയാത്മകമായ കാഴ്ചപ്പാടും വെച്ചു പുലർത്തേണ്ടതുണ്ട്.  

അതേസമയം, ഉദാരപണ നയത്തിൽനിന്നു മാറി സാധാരണ നില വീണ്ടെടുക്കുകയും പണപ്പെരുപ്പം ക്രമാതീതമാവുകയും ചെയ്യുന്നതോടെ  ഹ്രസ്വകാലം മുതൽ ഇടക്കാലംവരെ ഓഹരിവിപണിയുടെ പ്രകടനം വെല്ലുവിളി നിറഞ്ഞതായിരിക്കും. കമ്പനികളുടെ ധനസ്ഥിതിയേയും ലാഭത്തേയും ഇതുബാധിക്കും. വിലകൾ അത്യുന്നതിയിലായതിനാൽ ഓഹരികളിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നുണ്ട്.      

വളരുന്നമേഖലകളും കടപ്പത്രങ്ങളും പണവുംചേർന്ന പ്രതിരോധാത്മകമായ പോർട്ഫോളിയോ നിലനിർത്തുകയാണ് ഈഘട്ടത്തിൽ നിക്ഷേപകർ ചെയ്യേണ്ടത്. ഉറച്ച ബിസിനസ് ഉറപ്പുനൽകുകയും ഡിജിറ്റലൈസേഷൻ, ആരോഗ്യരംഗത്തെ സാധ്യതകൾ, 5 ജി എന്നിവ കാരണം ഉയർന്ന വളർച്ചാ സാധ്യത നിലനിർത്തുകയുംചെയ്യുന്ന പ്രതിരോധത്മക ഓഹരികളായ ഐടി, ഫാർമ, എഫ്എംസിജി, ടെലികോം ഓഹരികൾ ഈ അനിശ്ചിതാവസ്ഥ മറികടക്കാൻ സഹായകമാണ്.

സ്റ്റാർട്ടപ്പുകളും ഓൺലൈൻ ബിസിനസ് മാതൃകകളും, പുനരുപയോഗ ഊർജ്ജം, ഇവി, വൈദ്യുതി, കെമിക്കൽസ്, ടെക്സ്റ്റൈൽസ്, ഇലക്ട്രോണിക്സ് കമ്പനി ഓഹരികൾ എന്നിവയിൽ സമ്മിശ്രമായി നിക്ഷേപിക്കകയാണ് അഭികാമ്യം. ആഗോള ഡിമാന്റും പരിഷ്‌കരണനടപടികളും സാങ്കേതിക വിദ്യയും കാരണം ഉയർന്നവളർച്ച പ്രതീക്ഷിക്കപ്പെടുന്ന മേഖലകളാണിവയെല്ലാം. വളരെക്കൂടിയ വിലകളിലാണ് ഈ മേഖലയിലെ ഓഹരികളിൽ ഇപ്പോൾ ഇടപാടുനടക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ ഈ പ്രവണത തുടരുമെന്നാണ് കണക്കാക്കുന്നത്. വൻതോതിൽ മൂല്യനിർണയം ചെയ്യപ്പെട്ടിട്ടുള്ള കമ്പനികളും, കനത്ത നഷ്ടമുണ്ടാക്കുന്നവയും ഹ്രസ്വകാലം മുതൽ ഇടക്കാലത്തേക്ക് താഴ്ന്ന ലാഭമേ നൽകൂ.

ഹ്രസ്വ-ഇടക്കാല പരിധിക്കുള്ളിൽ വിപണിയിൽ തിരുത്തൽ പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ ആവേശപൂർവം ഓഹരികൾവാങ്ങി ലാഭമുണ്ടാക്കാൻ കഴിയും. സമീപകാലത്ത് ഏറ്റവും അഭികാമ്യം എസ്ഐപികളിലൂടെയുള്ള നിക്ഷേപവും ഗുണനിലവാരം നോക്കിയുള്ള ഓഹരി വാങ്ങലുമാണ്. ഇടക്കാലത്തേക്ക് ചെറുകിട ഇടത്തരം ഓഹരികളുടെ പ്രകടനം മോശമാകാനിടയുള്ളതിനാൽ വൻകിട ഓഹരികളിലാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. പുതിയ ബിസിനസുകളുടേയും സമ്പദ് വ്യവസ്ഥ വീണ്ടും തുറക്കപ്പെട്ടതിന്റേയും പ്രയോജനം ഏറ്റവുംകൂടുതൽ ലഭിക്കാനിടയുള്ളത് വൻകിട ഓഹരികൾക്കാണ്. വിലകുറയുമ്പോൾ വാങ്ങുക എന്നതാണ് കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ നിക്ഷേപതന്ത്രം.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗംമേധാവിയാണ് ലേഖകൻ)