വീണ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. 15 വര്‍ഷംമുമ്പ് അച്ഛന്‍ വാങ്ങിയ ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ് ഓഹരിയുടെ നിലവിലെ മൂല്യമറിയാന്‍ ബ്രോക്കിങ് സ്ഥാപനത്തെ സമീപിച്ചതായിരുന്നു വീണ.

ഒരു ലക്ഷം രൂപമുടക്കി 15 വര്‍ഷംമുമ്പ് വാങ്ങിയ ഓഹരിയുടെ നിലവിലെ മൂല്യം ആറു കോടി രൂപ. അച്ഛന്‍ മരിച്ചപ്പോള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍പരിശോധിച്ചപ്പോഴാണ് ഓഹരിയിലെ നിക്ഷേപം വീണയുടെ ശ്രദ്ധയില്‍പ്പെട്ടത്. എപ്പോഴൊക്കയോ നിക്ഷേപിച്ചിരുന്ന മറ്റ് ഓഹരികളും തരക്കേടില്ലാത്ത നേട്ടമുണ്ടാക്കിയിട്ടുണ്ട്.

2002 നവംബര്‍ 15ന് 3.47 രൂപയ്ക്കായിരുന്നു വീണയുടെ അച്ഛന്‍ ബാലകൃഷ്ണ ഇന്‍ഡസ്ട്രീസിന്റെ ഓഹരി വാങ്ങിയത്. 2017 നവംബറിലെത്തിയപ്പോള്‍ ഒരു ഓഹരിയുടെ വില 2,083 രൂപയായിരിക്കുന്നു. 

ടയര്‍ സെക്ടറിലെ നാല് ഓഹരികള്‍ 5,000 ശതമാനത്തിലേറെ നേട്ടമാണ് ഈ കാലയളവില്‍ നിക്ഷേപകന് നല്‍കിയത്. കാര്‍ഷികം, വ്യാവസായികം, നിര്‍മാണം തുടങ്ങിയ മേഖലകളിലെ വാഹനങ്ങളുടെ ടയറുകളാണ് ബാലകൃഷ്ണ പ്രധാനമായും നിര്‍മിക്കുന്നത്. 

എംആര്‍എഫിന്റെ ഓഹരിക്കാണ് ടയര്‍ കാറ്റഗറിയില്‍ ഏറ്റവുംകൂടിയ വിലയുള്ളത്. 2017 നവംബര്‍ 20ന് 69,765 രൂപവരെ ഒരു ഓഹരിയുടെ വില ഉയര്‍ന്നിരുന്നു. 2002 നവംബര്‍ 15നാകട്ടെ 844 രൂപയുമായിരുന്നു വില. 8,132 ശതമാനമാണ് കുതിപ്പ്.​

വന്‍കിട കമ്പനികള്‍ക്ക് ടയര്‍ ഉത്പന്നങ്ങള്‍ നിര്‍മിച്ചുനല്‍കുന്നതോടൊപ്പം 130 രാജ്യങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കുന്നതിലൂടെ 80 ശതമാനം വരുമാനവും കമ്പനി നേടുന്നു. 

ഇന്ത്യയിലെ നാല് പ്ലാന്‍ുകളിലായി മൂന്നു ലക്ഷം മെട്രിക് ടണ്‍ നിര്‍മാണശേഷിയാണ് കമ്പനിക്കുള്ളത്. യൂറോപ്പ്, യു.എസ്, ഓസ്‌ട്രേലിയ, ന്യൂ സീലന്‍ഡ്, ആഫ്രിക്ക തുടങ്ങിയവിടങ്ങളില്‍ ബാലകൃഷ്ണയുടെ സാന്നിധ്യം ശക്തമാണ്. 

രാജ്യത്തെ വിപണി വിഹിതത്തില്‍ ഇരുചക്ര, മുചക്ര വാഹനങ്ങളുടെ ടയറുകള്‍ക്കാണ് മുന്‍തൂക്കം. 53 ശതമാനമാണ് ഈ വിഭാഗത്തിലെ വിപണി വിഹിതം. കാറുകളുടേത് 28 ശതമാനവും വാണിജ്യവാഹനങ്ങളുടേത് 16 ശതമാനവും ട്രാക്ടര്‍ സെഗ്മെന്റില്‍ മൂന്നുശതമാനവുമാണ് വിപണി വിഹിതമുള്ളത്. 2015-16 സാമ്പത്തിക വര്‍ഷത്തെ വില്പനയുടെ കണക്കുപ്രകാരമാണിത്.  

ടിവിഎസ് ശ്രീചക്ര, സിയറ്റ്, ഗുഡ്ഇയര്‍ ഇന്ത്യ, ജെകെ ടയര്‍, അപ്പോളൊ ടയേഴ്‌സ് തുടങ്ങിയവയാണ് കഴിഞ്ഞ 15 വര്‍ഷത്തിനിടെ നിക്ഷേപകന് മികച്ച നേട്ടം സമ്മാനിച്ച ഓഹരികള്‍. യഥാക്രമം 7,675 ശതമാനം, 6,159 ശതമാനം, 2,996 ശതമാനം, 2,658 ശതമാനം, 1,701 ശതമാനം എന്നിങ്ങനെയാണ് നവംബര്‍ 2002-2017 കാലയളവില്‍ ഈ കമ്പനികള്‍ നിക്ഷേപകന് നല്‍കിയ നേട്ടം. 

ബിഎസ്ഇ സെന്‍സെക്‌സാകട്ടെ ഈകാലയളവില്‍ 1,000 ശതമാനമാണ് ഉയര്‍ന്നത്. 2002 നവംബര്‍ 15ലെ 3,034 പോയന്റില്‍നിന്ന് 2017 നവംബര്‍ 17ലെത്തിയപ്പോള്‍ 33,343 പോയന്റായി.

ചൈനയില്‍നിന്നുള്ള ടയര്‍ ഇറക്കുമതി നിയന്ത്രിക്കാന്‍ തീരുവ വീണ്ടും ഏര്‍പ്പെടുത്തിയതോടെ രാജ്യത്തെ ടയര്‍ കമ്പനികള്‍ക്ക് ഭാവിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാനാകും. 2017 സെപ്റ്റംബര്‍ 18ന് നിലവില്‍വന്ന ആന്റി ഡമ്പിങ് ഡൂട്ടി അഞ്ചുവര്‍ഷത്തേയ്ക്കാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.