രാജ്യത്തെ ഐപിഒ വിപണിയിൽ നിക്ഷേപക താൽപര്യം കുറയുകയാണോ?  പേടിഎമ്മിന്റെ ലിസ്റ്റിങിനെതുടർന്ന് വിപണിയിലെത്തിയ സ്റ്റാർ ഹെൽത്ത് ഐപിഒക്ക് ആവശ്യത്തിന് നിക്ഷേപകരെ ലഭിച്ചില്ല. 

വിപണിയിൽ ലിസ്റ്റ്‌ചെയ്ത് രണ്ടുദിവത്തിനുള്ളിൽ പേടിഎമ്മിന്റെ ഓഹരി വില 40ശതമാനത്തോളം താഴ്ന്നിരുന്നു. 18,000 കോടിയോളം രൂപയാണ് പേടിഎം സമാഹരിച്ചതെങ്കിൽ 7,249 കോടി രൂപയെന്ന ലക്ഷ്യമായിരുന്നു സ്റ്റാർ ഹെൽത്തിനുണ്ടായിരുന്നത്. 

ഓഫർ ഫോർ സെയിൽവഴിയുള്ള ഓഹരി വില്പനയുടെ ഒരുഭാഗം ഇതേതുടർന്ന് സ്റ്റാർ ഹെൽത്തിന് കുറയ്‌ക്കേണ്ടിവന്നു. വില്പനക്കുവെച്ച ഓഹരികൾ മുഴുവനും വാങ്ങാനുള്ള അപേക്ഷകൾ ലഭിക്കാതിരുന്നതാണ് സ്റ്റാർ ഹെൽത്തിന് തിരിച്ചടിയായത്.  

സമയംനീട്ടിയിട്ടും 79ശതമാനം ഓഹരികൾക്കുമാത്രമാണ് അപേക്ഷ ലഭിച്ചത്. റീട്ടെയിൽ, ഇൻസ്റ്റിറ്റിയൂഷണൽ നിക്ഷേപകരുടെ ഭാഗം പൂർണമായും സബ്‌സ്‌ക്രൈബ് ചെയ്‌തെങ്കിലും അതിസമ്പന്നർക്ക് നീക്കിവെച്ചിട്ടുള്ള ഓഹരികൾക്കാണ് ആവശ്യത്തിന് അപേക്ഷകൾ ലഭിക്കാതിരുന്നത്. 750 കോടി (10 കോടി ഡോളർ) രൂപമൂല്യമുള്ള ഓഹരികൾക്കുള്ള അപേക്ഷകളുടെ കുറവാണുണ്ടായത്. ഇതേതുടർന്ന് ഓഫർ ഫോർ സെയിൽ വഴിയുള്ള ഓഹരി വില്പനയുടെ ഭാഗം കമ്പനിക്ക് കുറയ്‌ക്കേണ്ടിവന്നു. 

7,249 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഐപിഒയുമായെത്തിയത്. 2000 കോടി രൂപയുടെ പുതിയ ഓഹരികളും 5249 കോടി രൂപയുടെ ഓഫർ ഫോർ സെയി(നിലവിലുള്ള ഓഹരി ഉടമകൾ വിറ്റൊഴിയുന്നത്)ലുമാണ് ഉദ്ദേശിച്ചിരുന്നത്. ഓഹരിയൊന്നിന് 870-900 നിലവാരത്തിലാണ് വില നിശ്ചിയിച്ചിരുന്നത്.