
രാജി തോമസിന്റെ നേതൃത്വത്തിൽ ന്യൂയോർക്ക് ആസ്ഥാനമായി തുടങ്ങിയ ‘സോഫ്റ്റ്വേർ ആസ് എ സർവീസ്’ (സാസ്) കമ്പനിയാണ് സ്പ്രിംക്ലർ. കമ്പനിയുടെ ഓഹരികൾ േസ്റ്റാക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത് പൊതുജനങ്ങൾക്ക് പങ്കാളിയാകാൻ അവസരമൊരുക്കുക എന്നത് ആദ്യം മുതലുള്ള സ്വപ്നമായിരുന്നുവെന്ന് സ്പ്രിംക്ലർ സ്ഥാപകനും സി.ഇ.ഒ.യുമായ രാജി തോമസ് യു.എസിൽ നിന്ന് ‘മാതൃഭൂമി’യോട് പറഞ്ഞു.
തങ്ങൾ പ്രവർത്തിക്കുന്ന ‘കസ്റ്റമർ എക്സ്പീരിയൻസ് മാനേജ്മെന്റ്’ എന്ന വ്യവസായ മേഖലയ്ക്ക് വലിയ സാധ്യതയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കമ്പനികളുടെ സാമൂഹിക മാധ്യമങ്ങളിലെ സാന്നിധ്യം ശക്തിപ്പെടുത്താനായി തുടങ്ങിയ സംരംഭം ഇന്ന് ഈ മേഖലയിലെ ഡേറ്റ ഗവേഷണം, വിപണനം, വിശകലനം എന്നിവ നിർവഹിച്ചുപോരുന്നു. മൈക്രോസോഫ്റ്റ് ഉൾപ്പെടെ ഒട്ടേറെ ബഹുരാഷ്ട്ര കമ്പനികൾ സ്പ്രിംക്ലറിന്റെ സോഫ്റ്റ്വേർ ഉപയോഗിക്കുന്നുണ്ട്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിലെ കഴിഞ്ഞ ഇടതുസർക്കാർ ഒരു വർഷം മുമ്പ് ഡേറ്റ വിശകലനത്തിനായി സ്പ്രിംക്ലറിനെയാണ് നിയോഗിച്ചത്. എന്നാൽ, വിവാദങ്ങളെ തുടർന്ന് അവർ പിന്മാറി.
പോണ്ടിച്ചേരി എൻജിനീയറിങ് കോളേജിൽനിന്ന് കംപ്യൂട്ടർ സയൻസിൽ ബി.ടെക് നേടിയ ശേഷം ഏതാനും കമ്പനികളിൽ ജോലി ചെയ്ത രാജി, 2009 സെപ്റ്റംബറിലാണ് സ്പ്രിംക്ലറിന് തുടക്കമിട്ടത്. ഏതാനും സ്റ്റാർട്ട്അപ്പുകളിൽ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. പൃഥ്വിരാജും പാർവതിയും അഭിനയിച്ച ‘എന്നു നിന്റെ മൊയ്തീൻ’ എന്ന ചിത്രത്തിന്റെ നിർമാതാവാണ്. ഭാര്യക്കും രണ്ടു മക്കൾക്കുമൊപ്പം യു.എസിലെ ന്യൂജഴ്സിയിലാണ് താമസം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..