
Photo:Gettyimages
പോയവാരത്തിലുടനീളം വിപണിയില്‍ യുദ്ധത്തിന്റെ പ്രതികരണം ദൃശ്യമായിരുന്നു. റഷ്യ-യുക്രൈന് സംഘര്‍ഷം തീവ്രമാകുകയും റഷ്യക്കെതിരെ കൂടുതല്‍ ഉപരോധം വരികയുംചെയ്തു. വിതരണ തടസവും ക്രൂഡ് ഓയില്‍ ഉള്‍പ്പടെയുള്ള ഉല്പന്നവിലകളിലുണ്ടായ വര്‍ധനയും അനിശ്ചിതത്വവും വിപണിയെ സമ്മര്‍ദത്തിലാഴ്ത്തി.
വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞു. ഇപ്പോഴും പിന്‍വാങ്ങല്‍ തുടരുകയാണ്. അതേസമയം, പ്രാദേശികമായി മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ മികച്ച ഓഹരികള്‍ക്കായി പണം പുറത്തെടുത്തു. വിപണിയുടെ കുതിപ്പു നിലനിര്‍ത്താന്‍ ഇതുമാതിയാവുമായിരുന്നില്ല. വരും ദിനങ്ങളില്‍ യുദ്ധം സാധാരണനില കൈവരിക്കയും വിലകള്‍ കുറയുകയും ചെയ്താല്‍മാത്രമെ മറിച്ചൊന്ന് സംഭവിക്കാന്‍ സാധ്യതയുള്ളൂ.
തകര്‍ച്ച വന്‍കിട ഓഹരികളില്‍
വന്‍കിട ഓഹരികളെയാണ് ഇപ്പോഴത്തെ തകര്‍ച്ച പ്രധാനമായും ബാധിച്ചത്. കഴിഞ്ഞ മൂന്നുമാസമായി വിശാലവിപണിയില്‍ നടക്കുന്ന വന്‍ കുരുതികളുടെ പശ്ചാത്തലത്തിലാവണം ഇടത്തരം, ചെറുകിട ഓഹരികള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിപണി അനുകൂലമായതിനാല്‍ ചെറുകിട നിക്ഷേപകര്‍ക്ക് മികച്ച അവസരമാണ് ഇതിലൂടെ രൂപപ്പെട്ടത്. പോര്‍ട്ഫോളിയോയിലെ അധികപണം ഘട്ടം ഘട്ടമായി ഓഹരി വിപണിയുടെ വീണ്ടെടുപ്പിനനുസരിച്ച് നിക്ഷേപിക്കുയാണു വേണ്ടത്.
ഉത്പന്ന വില കുറയും
ഒപെകും ഇതര എണ്ണ ഉല്പാദക രാജ്യങ്ങളും ഉല്പാദനം വര്‍ധിപ്പിക്കുകയും ഇന്ത്യയിലും വിദേശനാടുകളിലുമുള്ള തന്ത്രപ്രധാനമായ എണ്ണ നീക്കിയിരുപ്പ് പുറത്തുവിടുകയും ചെയ്യുന്നതോടെ ഇന്ത്യന്‍ വിപണിയിലും അസംസ്കൃത എണ്ണയുടെ വിലയില്‍ കുറവുണ്ടേയാക്കാം. അന്തര്‍ദേശീയ തലത്തില്‍ ഉരുക്കിന്റെ വില വര്‍ധിച്ചത് ലോഹ ഓഹരികള്‍ക്ക് ഗുണം ചെയ്തു. റഷ്യയില്‍ നിന്നുള്ള കയറ്റുമതി നിലച്ചതും റഷ്യ -യുക്രൈന് യുദ്ധവുമാണ് വില വര്‍ധനയ്ക്കുകാരണം. ഇന്ത്യയില്‍ നിന്നുള്ള ഉരുക്കു കയറ്റുമതിക്കാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.
യുദ്ധത്തെതുടര്ന്നുണ്ടായ വിതരണ തടസത്തിന്റെ പശ്ചാത്തലത്തിലാണ് വിലവര്‍ധന ഉണ്ടായതെന്നകാര്യം ശ്രദ്ധിക്കണം. യുദ്ധസ്ഥിതിയില്‍ മാറ്റമുണ്ടാകുന്നതോടെ ഈ നില മാറും. ഉല്പന്ന, ഊര്‍ജ്ജ ഓഹരികളില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നത് ഭാവി പ്രവണതകള്‍ക്ക് എതിരായിരിക്കും. പകരം ഗുണനിലവാരമുള്ള ഓഹരികളിലും മേഖലകളിലും നിക്ഷേപിക്കുന്നതാണ് നല്ലത്.
നിഫ്റ്റിയുടെ നീക്കം
കൂടിയവിലകളില്‍ നിന്ന് ന്യായമായ വിലകളിലേക്ക് ഇന്ത്യന്‍ ഓഹരി വിപണിയെ നയിക്കാന്‍ ഇപ്പോഴത്തെ ഈ താഴ്ചയ്ക്കു സാധിച്ചിട്ടുണ്ട്. നിഫ്റ്റി 50ല്‍ ട്രേഡിംഗ് നടക്കുന്നത് ഒരുവര്‍ഷം മുന്നോട്ട് എന്ന അടിസ്ഥാനത്തില്‍ പിഇ അനുപാതം 18.5 എക്സും പിബി 2.8 എക്സുമായാണ്. യുദ്ധവുമായി ബന്ധപ്പെട്ട വരും വരായ്കകളെ ആശ്രയിച്ചാണ് വിപണിയുടെ സമീപ ഭാവി. ഇക്കാര്യംകൂടി കണക്കിലെടുത്ത് ഇടക്കാല, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഓഹരികളില്‍ നിക്ഷേപിക്കുന്നത് ഗുണകരമാണ്. പക്ഷേ ഓഹരികളുടെ ഗുണനിലവാരം നോക്കണമെന്നു മാത്രം.
സാധ്യതയുള്ള മേഖലകള്‍
ബാങ്കിംഗ്, ഉപഭോഗം, അടിസ്ഥാന ഉല്പന്നങ്ങള്, ഫാര്‍മ, ടെലികോം മേഖലകളാണ് ഏറ്റവും അനുയോജ്യം. അഞ്ചു വര്‍ഷത്തെ ശരാശരിക്കു അല്പം താഴെയായി ന്യായമായ വിലകളിലാണ് ഈ മേഖലകളില്‍ ട്രേഡിംഗ് നടക്കുന്നത്. അതുമാത്രമല്ല ഈ മേഖലകളിലെ ഓഹരികള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച സാധ്യതയുമാണുള്ളത്. വാതകം, ഐടി, അടിസ്ഥാന ഉല്പന്നങ്ങള്, സ്വകാര്യ ബാങ്കുകള്‍ എന്നിവയാണ് ഏറ്റവും മികച്ച മേഖലകള്‍.
ഹ്രസ്വകാല പ്രവണത
സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഈയാഴ്ച ആഭ്യന്തര വിപണിയെ സ്വാധീനിക്കും. യുദ്ധരംഗത്തെ നീക്കങ്ങളാകും ആഗോള വിപണിയുടെ ഗതി നിയന്ത്രിക്കുക. ബാങ്ക് ഓഫ് ഇംഗ്ളണ്ടിന്റേയും യുഎസ് കേന്ദ്ര ബാങ്കിന്റേയും നയ പ്രഖ്യാപനവും അതോടൊപ്പം സ്വാധീനശക്തിയാകും. സംസ്ഥാന തെരഞ്ഞെടുപ്പു ഫലങ്ങള്‍ക്ക് വിപണിയില്‍, ഹ്രസ്വകാലത്തേക്കല്ലാതെ സ്വാധീനമുണ്ടാക്കാന്‍ കഴിയില്ലെന്നാണ് പൊതുവേയുള്ള ധാരണ. യുദ്ധവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ കാരണം കേന്ദ്ര ബാങ്കുകള്‍ പലിശനയത്തില്‍ സന്തുലനം കൊണ്ടുവരാന്‍ സാധ്യതയുണ്ട്. കൂടിയ പണപ്പെരുപ്പവും ഇതിനു കാരണമാണ്. ഹ്രസ്വകാലാടിസ്ഥാനത്തില്‍ ഇക്കാര്യങ്ങളാകും വിപണിയെ നിയന്ത്രിക്കുക.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകന്‍)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..