കൊച്ചി: തെലങ്കാന സർക്കാരിന്റെ ക്ഷണം ലഭിച്ചത് വിവാദച്ചുഴിയിൽ നിന്ന കിറ്റെക്സ് ഗാർമെന്റ്‌സിന്റെ ഓഹരിവിലയിൽ കുതിപ്പുണ്ടാക്കി. വ്യാഴാഴ്ചത്തെക്കാൾ 19.97 ശതമാനം (23.45 രൂപ) വില ഉയർന്ന് 140.85 രൂപയിലാണ് നാഷണൽ സ്റ്റോക് എക്സ്‌ചേഞ്ചിൽ വെള്ളിയാഴ്ച കിറ്റെക്സ് ഓഹരി വില അവസാനിച്ചത്. ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് ഇത്.

ബോംബേ സ്റ്റോക് എക്സ്‌ചേഞ്ചിൽ 140.85 രൂപ വരെയെത്തിയശേഷം 140.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. രണ്ടിടത്തും ‘അപ്പർ സർക്യൂട്ട്’ (ഒരു ദിവസം അനുവദനീയമായ ഏറ്റവും ഉയർന്ന വില) രേഖപ്പെടുത്തി. ഇതോടെ, കമ്പനിയുടെ വിപണിമൂല്യം 935 കോടി രൂപയായി.ഇക്കഴിഞ്ഞ ഏപ്രിലിൽ 91.75 രൂപ മാത്രമായിരുന്ന ഓഹരി വില മൂന്നുമാസം കൊണ്ട് 54 ശതമാനമാണ് കുതിച്ചുയർന്നത്.കുഞ്ഞുടുപ്പുകളുടെ നിർമാണ രംഗത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് കിറ്റെക്സ് ഗാർമെന്റ്‌സ്.

സമ്പൂർണ കയറ്റുമതി സ്ഥാപനമാണ് ഇത്. തുടർച്ചയായി വിവിധ വകുപ്പുകളുടെ പരിശോധനകളിൽ മനംമടുത്താണ് 3,500 കോടി രൂപയുടെ വികസന പദ്ധതികളിൽ നിന്ന് പിൻമാറുന്നതായി കിറ്റെക്സ് ഗാർമെന്റ്‌സിന്റെ മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബ് പ്രഖ്യാപിച്ചത്. ഇത് വാർത്തയായതോടെയാണ് തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അങ്ങോട്ടേക്ക് ക്ഷണിച്ചത്.