Photo: Gettyimages
യുക്രൈനിലെ സ്ഥിതിഗതികള്‍ പോയവാരം ഓഹരി വിപണിയെ ഉലച്ചു. വിപണിയിലെ അസ്ഥിരത കോര്‍പറേറ്റ് നേട്ടങ്ങളില്‍ മാറ്റമുണ്ടാക്കി. എണ്ണവിലയും കൂടാന്‍ തുടങ്ങി. അപകട സാധ്യതയുള്ള ആസ്തികള്‍ കൈയൊഴിയാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ച ഘടകങ്ങളായിരുന്നു ഇവ.
യുഎസില്‍ ഉണ്ടായ നാലുപതിറ്റാണ്ടിലെ ഏറ്റവും വലിയ പണപ്പെരുപ്പത്തെക്കുറിച്ചു ചര്‍ച്ചചെയ്യുന്നതിന് തുറന്ന വിപണി കൈകാര്യം ചെയ്യുന്ന എഫ്ഒഎംസി അടിയന്തരയോഗം വിളിച്ചു ചേര്‍ക്കുകയും പലിശ നിരക്കുകള്‍ കുത്തനെ കൂടാനുള്ള സാധ്യതകൂടിയതുമാണ് നിക്ഷേപകരെ ഭയപ്പെടുത്തിയത്. മുപ്പതു വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കായ 5.5 ശതമാനത്തിലേക്കാണ് യുകെയിലെ പണപ്പെരുപ്പം കുതിച്ചുയര്‍ന്നത്. പ്രതീക്ഷിച്ചതിലും നേരത്തേ പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ യുകെയുടെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗല്‍ണ്ടില്‍ ഇതു സമ്മര്‍ദ്ദമുണ്ടാക്കി.
ഇതിനിടെ യുക്രൈന്‍ അതിര്‍ത്തിയിലെ റഷ്യന്‍ സൈനിക സാന്നിധ്യം കുറയ്ക്കുമെന്ന വാര്‍ത്ത ഓഹരി വിപണിയില്‍ പ്രതീക്ഷയുടെ മിന്നലാട്ടം ഉണ്ടാക്കിയെങ്കിലും അതുനില നിന്നില്ല. ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറില്‍ നിന്ന് 97 ഡോളറായി വര്‍ധിച്ചതോടെ അഭ്യന്തര വിപണിയിലും ഇതേ പ്രവണത ദൃശ്യമായി. അഭ്യന്തര വിപണിയില്‍ തുടരുന്ന വിദേശ ഓഹരി വില്‍പന ജാഗ്രത പുലര്‍ത്താന്‍ പ്രേരിപ്പിച്ചു.
ജനുവരി മാസം ആര്‍ബിഐയുടെ ക്ഷമതാപരിധി മറികടന്ന് ഇന്ത്യയുടെ ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 6.01 ശതമാനത്തിലെത്തി. കൂടിയതോതിലുള്ള ഭക്ഷ്യ വിലക്കയറ്റവും താഴ്ന്ന അടിസ്ഥാന ഫലങ്ങളുമായിരുന്നു ഇതിനുകാരണം. ഇന്ധന, ഊര്‍ജ്ജവിലകളിലുണ്ടായ മാറ്റംകാരണം ഡിസംബറിലെ 13.56 ശതമാനത്തില്‍നിന്ന് മൊത്തവില സൂചികാ വിലക്കയറ്റം ജനുവരിയില്‍ 12.96 ശതമാനമായി കുറഞ്ഞെങ്കിലും ഇപ്പോഴും കൂടിയ നിരക്കില്‍ തന്നെയാണ്. അഭ്യന്തര വിപണിയെ സംബന്ധിച്ചേടത്തോളം ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെ ഉല്‍ക്കണ്ഠയുണര്‍ത്തുന്ന ഘടകമാണിത്.
അസ്ഥിരത നിലനില്‍ക്കുന്ന വിപണിയില്‍ ഇക്വിറ്റി, സ്വര്‍ണം, പണം എന്നിവയടങ്ങിയ സന്തുലിതമായ പോര്‍ട്ഫോളിയോ നിലനിര്‍ത്തുന്നതാണ് അഭികാമ്യം. ഇപ്പോള്‍ സന്തുലിതമായൊരു പോര്‍ട്ഫോളിയോ ഇല്ലെങ്കിലും ക്രമേണ അത് രൂപപ്പെടുത്താവുന്നതാണ്. അന്തര്‍ദേശീയ വാര്‍ത്തകളനുസരിച്ച് രാഷ്ട്രീയ, സാമൂഹ്യ പ്രശ്നങ്ങളില്‍ അയവുവരുന്നതോടെ ആഗോള വിപണിയില്‍ ക്രമേണയായി ഉണ്ടാകാവുന്ന വളര്‍ച്ച ഇതിനു നല്ല പിന്തുണ നല്‍കുകയും ചെയ്യും.
യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്കുവര്‍ധനയും രാഷ്ട്രീയ പ്രശ്നങ്ങളും കൂടിയവിലക്കയറ്റവും ആഗോള തലത്തിലെ ബോണ്ട് നേട്ടവും ഗുണമായിത്തീരും. കാര്യങ്ങള്‍ ഉരുത്തിരിഞ്ഞുവരുന്നതും യുഎസ് കേന്ദ്ര ബാങ്ക് നയവും വിപണിയുടെ കാഴ്ചപ്പാടിനനുസൃതമാണെങ്കില്‍ വൈകാതെയോ ഇടക്കാലത്തോടെ ബോണ്ട് നേട്ടം താഴോട്ടു വരികയും അത് ഓഹരി വിപണിക്കു ഗുണകരമാവുകയും ചെയ്യും. നാസ്ദാക് സൂചിക 52 ആഴ്ചത്തെ ഏറ്റവും വലിയ ഉയരത്തില്‍ നിന്ന് 18 ശതമാനം തിരുത്തല്‍ വരുത്തിയതിനെത്തുടര്‍ന്നാണ് ഇപ്പോഴത്തെ താഴ്ചയുണ്ടായത്.
ഇന്ത്യയില്‍ 2-3 മാസമായി പല ഓഹരികളും വന്‍തോതില്‍ ഇടിഞ്ഞതിനാല്‍ ഇടക്കാല കുതിപ്പിന് അതുപിന്തുണയേകും. നിഫ്റ്റി 500 ഓഹരികള്‍ പരിശോധിച്ചാല്‍ നാലില്‍ മൂന്ന് ഓഹരികളും 3 മാസത്തിനിടയില്‍ 52 ആഴ്ചത്തെ അവയുടെ ഉയരത്തില്‍ നിന്നും -25 മുതല്‍ -75 ശതമാനം വരെ തിരുത്തല്‍ വരുത്തിയിട്ടുണ്ട്. വന്‍കിട ഓഹരികളില്‍ നിക്ഷേപിക്കുന്നത് സുരക്ഷിതം തന്നെയാണ് ഇപ്പോഴും. പ്രത്യേക മേഖലകളിലെ ഇടത്തരം, ചെറുകിട ഓഹരികളും ഗുണകരംതന്നെ.
ഓഹരികളുടെ ഗുണനിലവാരമായിരിക്കും ഭാവിയില്‍ വിപണി പ്രധാനമായും കണക്കിലെടുക്കുക. വിപണി റിസ്‌കെടുക്കാന്‍ മടിക്കുന്നതിനാല്‍ കണക്കിലേറെ മൂല്യം കല്‍പിക്കപ്പെട്ട ഓഹരികള്‍ സമ്മര്‍ദ്ദത്തില്‍ തന്നെ തുടരുമെന്നാണു മനസിലാക്കേണ്ടത്. മുന്നോട്ടുപോകുമ്പോള്‍ ഗുണനിലവാരം നോക്കി ഓഹരികള്‍ വാങ്ങുന്നതാണ് ബിസിനസില്‍ സ്ഥിരത നിലനിര്‍ത്താന്‍ നല്ലത്. നിക്ഷേപിക്കാന്‍ ഏറ്റവും നല്ല മേഖലകള്‍ ഇതൊക്കെയാണ്: ദീര്‍ഘകാല നിലനില്‍പുള്ള അടിസ്ഥാന ഉല്‍പന്നങ്ങള്‍, ഉപഭോഗം, ബാങ്കുകള്‍, ടെക്നോളജി, പഞ്ചസാര, ഹരിത ഊര്‍ജ്ജം എന്നിവ.
നിക്ഷേപകരുടെ മനസിലുണരാവുന്ന ഒരുചോദ്യം പൊളിഞ്ഞുപോയ പുതുതലമുറ ഓഹരികള്‍ വാങ്ങാന്‍ പറ്റിയ സമയമാണോ ഇത് എന്നതായിരിക്കും. വിപണിയില്‍ വീണ്ടെടുപ്പുണ്ടാകും എന്ന പരിഗണനയില്‍ ഹ്രസ്വകാലത്തേക്ക് ഇവ വാങ്ങുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇടക്കാലം മുതല്‍ ദീര്‍ഘകാലംവരെ പരിഗണിച്ചാല്‍ അവ വിലകൂടിയ ഓഹരികള്‍ തന്നെയാണ്. അതിനാല്‍ ഓഹരികളുടെ ഗുണനിലവാര പരിശോധന നിര്‍ബന്ധമായുംവേണം. ശരിയായ മൂല്യ നിര്‍ണയവും വിപണി മൂല്യത്തില്‍ വളര്‍ച്ചയും ഉള്ള ഓഹരികളാണു തെരഞ്ഞെടുക്കേണ്ടത്.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)
Content Highlights: Stock Market Analysis, Shares in these sectors can be considered
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..