മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽതന്നെ സൂചികകളിൽ റെക്കോഡ് കുതിപ്പ്. ആഗോള വിപണികളിലെ നേട്ടമാണ് വിപണിയിൽ പ്രതിഫലിച്ചത്. സെൻസെക്സ് 433.40 പോയന്റ് നേട്ടത്തിൽ 61,739 ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയാകട്ടെ 132 പോയന്റ് ഉയർന്ന് 18,470 ലുമെത്തി. വൈകാതെതന്നെ നിഫ്റ്റി 18,500 പിന്നിടുകയുംചെയ്തു.

സെൻസെക്‌സ് ഓഹരികളിൽ എച്ച്ഡിഎഫ്‌സി ബാങ്ക് രണ്ടുശതമാനത്തോളം കുതിച്ച് 1,720 രൂപ നിലവാരത്തിലെത്തി. മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതാണ് ഓഹരി നേട്ടമാക്കിയത്. ഹിൻഡാൽകോ (4.82%), ഒഎൻജിസി (8%), ഐഒസി (2.46%), ജെഎസ്ഡബ്ല്യു സ്റ്റീൽ (3.48%), ടാറ്റ സ്റ്റീൽ (1.78%) തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്, ഡിവിസ് ലാബ്സ്, സിപ്ല, ഡോ.റെഡീസ് ലാബ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. 

സെക്ടറൽ സൂചികകളെല്ലാം ലാഭത്തിലാണ്. ലോഹ സൂചിക 3 ശതമാനവും പവർ, ഓയിൽ ആൻഡ് ഗ്യാസ്, പൊതുമേഖല ബാങ്ക് എന്നിവ 1 ശതമാനംവീതം ഉയർന്നു. പുറത്തുവരാനിരിക്കുന്ന സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലങ്ങളാകും പ്രധാനമായും ഈയാഴ്ച വിപണിയെ ചലിപ്പിക്കുക. അതുകൊണ്ടുതന്നെ ബാങ്ക് ഓഹരികളാകും വരുദിവസങ്ങളിൽ ശ്രദ്ധാകേന്ദ്രം. 

Content Highlights: Sensex up 433 pts, Nifty atop 18,500