മുംബൈ: നാലുദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമമിട്ട് സൂചികകൾ. ആഴ്ചയുടെ ആദ്യദിനംതന്നെ മികച്ചനേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റിയാൽറ്റി, മെറ്റൽ, പവർ ഓഹരികളാണ് കുതിപ്പിന് നേതൃത്വം നൽകിയത്. 

ദിനവ്യാപാരത്തിനിടെ സെൻസെക്‌സ് 595 പോയന്റ് ഉയർന്നെങ്കിലും നേരിയതോതിൽ താഴ്ന്ന് 533.74 പോയന്റ് നേട്ടത്തിൽ 59,299.32ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 159.30 പോയന്റ് ഉയർന്ന് 17,691.30ലുമെത്തി.

ബജാജ് ഫിൻസർവ്, ബജാജ് ഫിനാൻസ്, ടാറ്റാസ്റ്റീൽ, എംആൻഡ്എം, ഭാരതി എയർടെൽ, ടിസിഎസ്, ഏഷ്യൻ പെയിന്റ്, സൺഫാർമ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മാരുതി, പവർഗ്രിഡ്, ടൈറ്റാൻ, കൊട്ടക് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു.

മെറ്റൽ, റിയൽറ്റി സൂചിക 2-3 ശതമാനംവരെ ഉയർന്നു. പവർ, ഫാർമ, ഐടി, ക്യാപിറ്റൽ ഗുഡ്സ്, പൊതുമേഖല ബാങ്ക് ഓഹരികളിലും നിക്ഷേപ താൽപര്യം പ്രകടമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഒരു ശതമാനത്തോളം നേട്ടമുണ്ടാക്കി. ബിഎസ്ഇ സ്മോൾക്യാപ് സൂചിക റെക്കോഡ് ഉയരമായ 28,664 തൊട്ടു.

Content Highlights: sensex touch 59,299, nifty above 17,600