മുംബൈ: ആറാമത്തെ ദിവസവും റെക്കോഡ് ഉയരംകുറിച്ച് ഓഹരി സൂചികകൾ ക്ലോസ്‌ചെയ്തു. ഐടി കമ്പനികളായ ഇൻഫോസിസിന്റെയും വിപ്രോയുടെയും മികച്ച പ്രവർത്തനഫലങ്ങളാണ് വിപണിക്ക് കരുത്തായത്. 

പ്രതീക്ഷിച്ചതിലും വേഗത്തിൽ സമ്പദ്ഘടന തിരുച്ചുവരുമെന്ന പ്രതീക്ഷയും സെൻസെക്‌സിനെ 61,000നും നിഫ്റ്റിയെ 18,300നും മുകളിലെത്തിച്ചു. ഉപഭോക്തൃ വില സൂചികയോടൊപ്പം മൊത്തവില സൂചികയും താഴ്ന്നത് നിക്ഷേപകരിൽ ആത്മവിശ്വാസമുയർത്തി. ആഗോള വിപണികളിൽനിന്നുള്ള സൂചനകളും കൂടിയായപ്പോൾ വ്യാപാരദിനത്തിലുടനീളം നേട്ടംനിലനിർത്താൻ വിപണിക്കായി.

568.90 പോയന്റ് നേട്ടത്തിൽ സെൻസെക്‌സ് 61.305.95ലും നിഫ്റ്റി 176.70 പോയന്റ് ഉയർന്ന് 18,338.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐആർസിടിസി(11%), അദാനി പോർട്‌സ്(7%), വിപ്രോ (5.4%), ഗ്രാസിം(4.7%) തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. 

ഓട്ടോ ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ഇൻഫ്ര, ഐടി, റിയാൽറ്റി, പൊതുമേഖല ബാങ്ക്, പവർ, മെറ്റൽ സൂചികകൾ ഒരുശതമാനത്തിലേറെ ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.5ശതമാനത്തിലേറെ നേട്ടമുണ്ടാക്കുകയുംചെയ്തു. ബിഎസ്ഇയിൽ ലിസ്റ്റ്‌ചെയ്ത ഓഹരികളുടെ മൊത്തം വിപണിമൂല്യം 273 ലക്ഷംകോടി മറികടുന്നു.

Sensex sprints 569 pts, ends at 61,306: IRCTC gains 11%