ഗോളകാരണങ്ങൾ രാജ്യത്തെ ഓഹരി സൂചികകളെയും സമ്മർദത്തിലാക്കി. ഐടി, ബാങ്കിങ് ഓഹരികൾ കനത്ത വില്പന സമ്മർദംനേരിട്ടപ്പോൾ സെൻസെക്‌സിന് 1000ത്തോളം പോയന്റ് നഷ്ടമായി. സെൻസെക്‌സ് 59,045ലും നിഫ്റ്റി 17,600 നിലവാരത്തിലേക്കും താഴ്ന്നു. 

രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരെ ഒരുമാസത്തെ താഴ്ന്ന നിലവാരമായ 74.07ലേക്ക് പതിച്ചു. 73.83 നിലവാരത്തിലായിരുന്നു തിങ്കളാഴ്ച ക്ലോസ് ചെയ്തത്. 

വീഴ്ചക്കുപിന്നിലെ കാരണങ്ങൾ
യുഎസ് ബോണ്ട് ആദായവർധിച്ചത് ഓഹരിയെ ബാധിച്ചു. എവർഗ്രാൻഡെയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ, ചൈനയിലെ ഊർജ പ്രതിസന്ധി എന്നിവ ലോകത്തിലെതന്നെ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കകൾ നിക്ഷേപകരുടെ ആത്മവിശ്വാസംകെടുത്തി. ഗോൾഡ്മാൻ സാക്‌സ് ചൈനയുടെ വളർച്ചാ അനുമാനംകുറക്കുകയുംചെയ്തു.

ആവശ്യംവർധിക്കുമെന്ന കണക്കുകൂട്ടലും വിതരണശൃംഖലകളിലെ തടസ്സവും ആഗോളവിപണിയിൽ എണ്ണവില ബാരലിന് 80 ഡോളറിന് മുകളിലെത്തിച്ചു. മൂന്നുവർഷത്തിനിടെ ഇതാദ്യമായാണ് വില ഇത്രയും ഉയരുന്നത്. 

യുഎസ് ബോണ്ട് ആദായത്തിൽ വർധനവുണ്ടാകുന്നത് ഇന്ത്യപോലുള്ള വികസ്വര വിപണികൾക്ക് ഭീഷണിയാണ്. വിദേശനിക്ഷേപകർ കൂട്ടത്തോടെ രാജ്യത്തെ വിപണിയിൽനിന്ന് പിൻവാങ്ങാൻ അതിടയാക്കുമെന്നാണ് വിലയിരുത്തൽ. അസംസ്‌കൃത എണ്ണവിലയിലെ വർധന പെട്രോൾ, ഡീസൽ വിലയിൽ പ്രതിഫലിക്കുകയും സമസ്തമേഖലകളിലും വിലക്കയറ്റം ഉണ്ടാകാനുമിടയാക്കും. താഴ്ന്നുകൊണ്ടിരിക്കുന്ന ഉപഭോക്തൃ വിലസൂചിക വീണ്ടും ഉയരാൻ അത് കാരണവുമാകും.