ദുർബലമായ ആഗോള സാഹചര്യങ്ങൾ വിപണിയിൽ വീണ്ടും കനത്തനഷ്ടമുണ്ടാക്കി. നിഫ്റ്റി 400 പോയന്റിലധികം ഇടിഞ്ഞ് 17,217ലും സെൻസെക്‌സ് 1,300 പോയിന്റിലേറെ നഷ്ടത്തിൽ 17,727ലുമാണ് രാവിലെ പത്തുമണിയോടെ വ്യാപാരം നടന്നത്. 

മെറ്റൽ, ബാങ്ക്, റിയാൽറ്റി ഓഹരികളാണ് കനത്തനഷ്ടംനേരിട്ടത്. നിഫ്റ്റി ബാങ്ക് സൂചിക 2.5ശതമാനവും റിയാൽറ്റി 3.6ശതമാനവും തകർച്ചനേരിട്ടു. 

കോവിഡ് ആശങ്ക
കോവഡിന്റെ പുതിയവകഭേദം ദക്ഷിണാഫ്രിക്കയിൽ വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയതാണ് വിപണിയിലെ പെട്ടെന്നുണ്ടായ വൻതകർച്ചക്കുകാരണം. നിലവിലുള്ള വാക്‌സിനുകൾ പുതിയ വകഭേദത്തെ പ്രതിരോധിക്കാൻ ഫലപ്രദമാണോയന്ന ആശങ്കയും ഉയരുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ അടിയന്തരയോഗം വെള്ളിയാഴ്ചചേരും. ബോട്‌സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോങ് എന്നിവിടങ്ങളിൽനിന്ന് വരുന്നവരെ പരിശോധിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശംനൽകിയിട്ടുണ്ട്. കോവിഡ് ആരംഭിച്ചതിനുശേഷം ജർമനിയിലെ മരണം ഒരുലക്ഷം കവിഞ്ഞത് കഴിഞ്ഞദിവസമാണ്. 

ഏഷ്യൻ വിപണികളിലെനഷ്ടം
യൂറോപ്പിലെ കോവിഡ് കേസുകളുടെ വർധന വ്യാപാരത്തെയും യാത്രയെയും ബാധിച്ചേക്കുമെന്നത് നിക്ഷേപകരെ ആശങ്കയിലാക്കി. ഏഷ്യൻ വിപണികളിലെല്ലാം അത് പ്രതിഫലിച്ചു. ജപ്പാന്റെ നിക്കി 800 (2.7ശതമാനം)പോയന്റും ഹാങ് സെങ് 550 (2.5ശതമാനം)പോയന്റും തകർച്ചനേരിട്ടു. വ്യാഴാഴ്ച യുഎസ് വിപണികൾക്ക് അവധിയായിരുന്നു.

അസംസ്‌കൃത എണ്ണ
ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ കരുതൽശേഖരം പുറത്തെടുക്കാൻ തീരുമാനിച്ചതോടെ അസംസ്‌കൃത എണ്ണയുടെ ലഭ്യത വർധിക്കുമെന്ന ആശങ്കയിൽ ആഗോളതലത്തിൽ  എണ്ണവിലയിൽ ഒരുശതമാനത്തിലധകം ഇടിവുണ്ടായി. ബ്രന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 1.2ശതമാനം കുറഞ്ഞ് 81.26 ഡോളറായി. യുഎസ് വെസ്റ്റ് ടെക്‌സസ് ക്രൂഡ് 1.35ശതമാനം താഴ്ന്ന് 77.04 ഡോളർ നിലവാരത്തിലുമെത്തി. 

ലോഹം, ബാങ്ക് ഓഹരികളിൽ സമ്മർദം
രാവിലെ 10.40ഓടെ നിഫ്റ്റി മെറ്റൽ സൂചിക മൂന്നുശതമാനമാണ് തകർച്ചനേരിട്ടത്. ധനകാര്യ ഓഹരികളിൽ വൻതോതിൽ വില്പന സമ്മർദമുണ്ടായി. സൂചിക 2.9ശതമാനത്തോളം താഴുകയുംചെയ്തു. 

വിദേശനിക്ഷേപകരുടെ പിന്മാറ്റം
കോവിഡ് ഭീഷണി വീണ്ടുംഉയരുകയും ഡോളർ കരുത്താർജിക്കുകയും ചെയ്യുന്നതിനാൽ, വിദേശ നിക്ഷേപകർ യുഎസിലെ സുരക്ഷിത വിപണിയിലേക്ക് നിക്ഷേപം മാറ്റുകയാണ്. നവംബർ 25നുമാത്രം 2,300 കോടി രൂപയുടെ ഓഹരികളാണ് ഇവർ വിറ്റൊഴിഞ്ഞത്. നവംബറിലെ ഇതുവരെയുള്ള കണക്കുനോക്കുകയാണെങ്കിൽ 25,300 കോടിയുടെ ഓഹരികളാണ് രാജ്യത്തെ വിപണിയിൽനിന്ന് വിദേശനിക്ഷേപകർ പിൻവലിച്ചത്. മുപ്പതുവർഷത്തെ ചരിത്രത്തിൽ ആദ്യമായി യുഎസിലെ പണപ്പെരുപ്പ നിരക്ക് 6.2ശതമാനമായി ഉയർന്നു. ഇതോടെ യുഎസ് ഫെഡറൽ റിസർവ് നിരക്കിൽ വർധനവരുത്തിയേക്കുമെന്ന പ്രതീക്ഷയുമേറി. 

കോവിഡിന്റെ പുതിയവകഭേദം ദക്ഷിണാഫ്രിക്കയിൽനിന്ന് മറ്റുരാജ്യങ്ങളിലേക്കും വ്യാപിക്കുമെന്ന ഭീതിഉയർന്നത് ആഗോളതലത്തിൽ വിപണിയെ ബാധിച്ചു. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന ആശങ്കയുമേറി. ആഗോള സമ്പദ് വ്യവസ്ഥയെ ഇത് വീണ്ടുംതാളംതെറ്റിച്ചേക്കാം. അതോടൊപ്പം യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന സൂചനയും വിപണിയെ സമ്മർദത്തിലാക്കി.  

Sensex slips over 1,000 pts, Nifty around 17,200.