.
വിദേശ നിക്ഷേപകരുടെ വിറ്റൊഴിയലില്‍ തിങ്കളാഴ്ചയിലെ നേട്ടത്തിന്റെ ഭൂരിഭാഗവും വിപണിക്ക് നഷ്ടമായി. സെന്‍സെക്സ് 613 പോയന്റ് നഷ്ടത്തില്‍ 60,115ലും നിഫ്റ്റി 187 പോയന്റ് താഴ്ന്ന് 17,914ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ വിപണി മൂല്യം 280 ലക്ഷം കോടിയായി കുറഞ്ഞു. മൂന്നു ലക്ഷം കോടി രൂപയാണ് ഇന്നത്തെ തകര്‍ച്ചയില്‍ മാത്രം നിക്ഷേപകര്‍ക്ക് നഷ്ടമായത്.
ഡോളറിന്റെ ദുര്‍ബലാവസ്ഥ, അടച്ചിടലില്‍നിന്നുള്ള ചൈനയുടെ പിന്മാറ്റം, അസംസ്കൃത എണ്ണവിലയിലെ കുറവ് എന്നിവയൊന്നും നേട്ടമാക്കാനാകാതെയായിരുന്നു വിപണിയിലെ തകര്‍ച്ച. നഷ്ടത്തിന്റെ കാരണങ്ങളിലേയ്ക്കുവരാം.
വിദേശികളുടെ വിറ്റൊഴിയല്‍
ഈ മാസം ഇതുവരെ 8,548 കോടി രൂപയുടെ (ഒരു ബില്യണ്‍ ഡോളറിലേറെ) ഓഹരികളാണ് വിദേശ നിക്ഷേപകര്‍ കയ്യൊഴിഞ്ഞത്. കഴിഞ്ഞ ദിവസം മാത്രം 203 കോടി രൂപയുടെ ഓഹിരകള്‍ വിറ്റു. ചൈന വീണ്ടും സജീവമാകുന്നതോടെ മൂല്യംകുറഞ്ഞ വിപണികളിലേയ്ക്ക് വിദേശ നിക്ഷേപകര്‍ മാറിയേക്കാമെന്ന് വിലയിരുത്തലുണ്ട്.
നിരക്ക് വര്‍ധനാ ഭീതി
യുഎസ് ഫെഡ് റിസര്‍വ് നിരക്ക് വര്‍ധനയുടെ പാതയിലേയ്ക്ക് തിരിച്ചുകയറുമോയെന്ന ഭീതി നിക്ഷേപകരെ പിടികൂടി. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് അഞ്ച് ശതമാനത്തിന് മുകളിലേയ്ക്ക് ഉയര്‍ത്തിയേക്കുമെന്ന സാന്‍ഫ്രാന്‍സിസ്കോ ഫെഡ് പ്രസിഡന്റ് മേരി ഡാലിയുടെ പ്രസ്താവനയാണ് അതിന് കാരണമായത്.
പ്രവര്‍ത്തന ഫലങ്ങള്‍
വരാനിരിക്കുന്ന പ്രവര്‍ത്തന ഫലങ്ങളില്‍ നിക്ഷേപകര്‍ ആശങ്കാകുലരായത് വിപണിയെ ബാധിച്ചു. ടിസിഎസിന്റെ പ്രവര്‍ത്തന ഫലം മെച്ചപ്പെട്ടതായിരുന്നുവെങ്കിലും ഭാവിയില്‍ വരുമാന വളര്‍ച്ച കുറഞ്ഞേക്കുമെന്ന വിലയിരുത്തലാണ് നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തിയത്. എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, വിപ്രോ എന്നിവയുടെ പ്രവര്‍ത്തനഫലങ്ങള്‍ ഈയാഴ്ചതന്നെയുണ്ടാകും.
പവലിന്റെ പ്രസ്താവന
വ്യാഴാഴ്ച പുറത്തുവരാനിരിക്കുന്ന യുഎസിലെ പണപ്പെരുപ്പ നിരക്കുകള്‍ക്കായി കാത്തിരിക്കുകയാണ് നിക്ഷേപകര്‍. ഫെഡ് റിസര്‍വ് മേധാവി ജെറോം പവലിന്റെ പ്രസ്താവനയും നിര്‍ണായകമാകും.
ഫെഡിന്റെ നയത്തില്‍നിന്ന് വ്യത്യസ്തമായ നിലപാട് ജെറോം പവലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ സാധ്യതയില്ലെങ്കിലും പണപ്പെരുപ്പ നിരക്ക് കുറയുന്ന സാഹചര്യമുണ്ടായാല്‍ വിപണിയില്‍ മുന്നേറ്റമുണ്ടായേക്കാം. വിലക്കറ്റ നിരക്കില്‍ വര്‍ധനവുണ്ടായാല്‍ മറിച്ചും സംഭവിക്കാം-ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് സ്ട്രാറ്റജിസ്റ്റായ ഡോ.വി.കെ വിജയകുമാര്‍
Content Highlights: Sensex slides 632pts to 60,115, Nifty below 18K
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..