കോവിഡ് മഹാമാരിയെതുടര്‍ന്നുള്ള തകര്‍ച്ചയില്‍നിന്ന് പ്രതാപം തിരിച്ചുപിടിച്ച് രാജ്യത്തെ ഓഹരി വിപണി. കലണ്ടര്‍വര്‍ഷത്തെ നഷ്ടങ്ങളെല്ലാം തൂത്തെറിഞ്ഞ് 30 ഓഹരികളുടെ സൂചികയായ സെന്‍സെക്‌സ് മുന്നോട്ടുകുതിക്കുകയാണ്. സമാനമായ നേട്ടത്തിലാണ് നിഫ്റ്റിയും.

കോവിഡ് വ്യാപനത്തിനിടയില്‍ മികച്ച നേട്ടമുണ്ടാക്കിയ കമ്പനികളുടെ ഓഹരികളാണ് സൂചികകളെ വീണ്ടും മികവിന്റെ പാതയിലെത്തിച്ചത്. ഫാര്‍മ, ഐടി ഓഹരികള്‍ ഈകാലയളവില്‍ മികച്ചനേട്ടംകൊയ്തു.

വ്യാഴാഴ്ചത്തെ വ്യാപാരത്തില്‍ സെന്‍സെക്‌സ് 650 പോയന്റ് കുതിച്ച് 41,289 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 180 പോയന്റ് ഉയര്‍ന്ന് 12,080ലുമെത്തി. ഒരുശതമാനംകൂടി ഉയര്‍ന്നാല്‍ ഈവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേയ്ക്ക് നിഫ്റ്റിയെത്തും.

കലണ്ടര്‍ വര്‍ഷത്തില്‍ ജനുവരി 20നാണ് സെന്‍സെക്‌സ് മികച്ച ഉയരം കുറിച്ചത്. 42,273 പോയന്റ്. നിഫ്റ്റിയാകട്ടെ 12,430വരെയുമെത്തി. മാര്‍ച്ചിലാണ് വിപണി തകര്‍ച്ചയുടെ ആഴംതിരിച്ചറിഞ്ഞത്. ആഗോളതലത്തില്‍ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളെടുത്ത നടപടികളും സമ്പദ്ഘടനയിലെ ഉണര്‍വും വൈകാതെതന്നെ മികച്ച ഉയരത്തിലെത്താന്‍ സൂചികകളെ സഹായിച്ചു. 

ഈ വര്‍ഷം ഇതുവരെയുള്ള കണക്കെടുത്താല്‍ നിഫ്റ്റി ഫാര്‍മയാണ് നേട്ടത്തില്‍ മുന്നില്‍. 44.47ശതമാനമാണ് കുതിച്ചത്. 36.74ശതമാനം നേട്ടവുമായി നിഫ്റ്റി ഐടി തൊട്ടുപിന്നിലുണ്ട്. നഷ്ടത്തിന്റെകാര്യത്തില്‍ പൊതുമേഖല ഓഹരികളാണ് മുന്നിലെത്തിയത്. നിഫ്റ്റി സിപിഎസ്ഇ സൂചിക 30ശതമാനത്തിലേറെ താഴ്ന്നു. 

ബിഎസ്ഇ 500 സൂചികയില്‍ അലോക് ഇന്‍ഡസ്ട്രീസാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഓഹരിവില 630ശതമാനത്തോളം ഉയര്‍ന്നു. അദാനി ഗ്രീന്‍ എനര്‍ജി, ലോറസ് ലാബ്, ഗ്രാന്യൂള്‍സ് ഇന്ത്യ, ആല്‍കൈല്‍ ആമിനസ്, ബിര്‍ളസോഫ്റ്റ്, ഡിക്‌സണ്‍ ടെക്‌നോളജീസ്, ടാറ്റ കമ്യൂണിക്കേഷന്‍സ് തുടങ്ങിയ ഓഹരികള്‍ 140 മുതല്‍ 400 പോയന്റുവരെ നേട്ടമുണ്ടാക്കി.